കീഴ്പ്പള്ളി പുതിയങ്ങാടിയിൽ ആനയിറങ്ങി, വ്യാപക കൃഷിനാശം

Mail This Article
ഇരിട്ടി∙ ആനയിറങ്ങി മുപ്പതോളം തെങ്ങുകളും 50 ഓളം വാഴയും കശുമാവും നശിപ്പിച്ചു. കീഴ്പ്പള്ളി പുതിയങ്ങാടിയിലെ കൊണ്ടൂപറമ്പിൽ സെബാസ്റ്റ്യന്റെ പറമ്പിലെ രണ്ടേക്കറോളം വരുന്ന സ്ഥലത്താണ് ആന ഇറങ്ങിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. കഴിഞ്ഞ ദിവസം സെബാസ്റ്റ്യന്റെ പുരയിടത്തിൽ നിന്നും 500 മീറ്റർ ദൂരത്തിൽ കാട്ടാന ഇറങ്ങി വ്യാപക നാശനഷ്ടം വരുത്തിയിരുന്നു.
ആനകൾ കൂട്ടത്തോടെ എത്തി ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് വ്യാപകമായതോടെ എന്തു ചെയ്യണം എന്നറിയാത്ത നിലയിലാണ് കർഷകർ. വർഷങ്ങളായി പരിപാലിച്ചു വളർത്തിയ കൃഷിയാണ് ആന കൂട്ടം ഒറ്റദിവസം കൊണ്ട് നശിപ്പിക്കുന്നത്. ആറളം ഫാം വനമേഖലയിൽ നിന്നും കൂട്ടത്തോടെ എത്തുന്ന ആനകൾ പുഴ കടന്ന് കൃഷിയിടത്തിൽ കയറുന്നത് നിത്യ സംഭവം ആയിരിക്കുകയാണ്. ഇനി എന്തുചെയ്യണം എന്നറിയാതെ വനപാലകരെ വിവരം അറിയിച്ചു കാത്തിരിക്കുകയാണ് സെബാസ്റ്റ്യൻ.