ഏഴോത്ത് കർഷകർക്ക് ആശ്വാസം; മഴയിൽ കൈപ്പാട് കൃഷിക്ക് പുതുജീവൻ
Mail This Article
പഴയങ്ങാടി∙ കണ്ണൂരിന്റെ നെല്ലറയായ ഏഴോം പഞ്ചായത്തിൽ കൈപ്പാട് കർഷകർക്ക് ആശ്വാസം. ചിങ്ങമാസത്തിൽ പോലും മഴ തീരെ ഇല്ലാത്തതിനാൽ പ്രതിസന്ധിയിലായ കൈപ്പാട് കൃഷിക്ക് അടുത്തിടെ തകർത്തുപെയ്ത മഴ പുതുജീവൻ നൽകി. കൈപ്പാട് കൃഷിയിൽ കതിരിടുന്ന കാഴ്ചയാണ് ഇവിടെ. പതിവിൽ നിന്ന് വ്യത്യസ്തമായി മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏക്കർ കണക്കിന് സ്ഥലത്ത് അധികമായി കൈപ്പാട് കൃഷി നടത്തിയിരുന്നു. കാലാവസ്ഥ വ്യതിയാനം കർഷകരെ കണ്ണീര് കുടിപ്പിച്ചെങ്കിലും ഇപ്പോൾ കിട്ടികൊണ്ടിരിക്കുന്ന മഴ ആശ്വാസത്തിന്റെ കതിരിടാൻ വഴിയൊരുക്കി.
ഏഴോം കൈപ്പാട് കൃഷി ഏറെ പ്രസിദ്ധമാണ്. കൃഷി വകുപ്പ് ഏഴോം പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ നടത്തികൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളാണ് കൈപ്പാട് കൃഷിക്ക് ഇപ്പോൾ പുതു ജീവൻ നൽകിയിരിക്കുന്നത്. ഇവിടെ തന്നെ വികസിപ്പിച്ചെടുത്ത ഏഴോം 1,2,3 എന്നീ നെൽവിത്തുകളാണ് കൃഷിക്ക് കൂടുതലായി ഉപയോഗിച്ചത്. കൂടാതെ പാരമ്പര്യ നെൽവിത്തായ കുതിരും കൃഷി ചെയ്തിട്ടുണ്ട്. ഒരുമാസത്തിനുളളിൽ കൈപ്പാട് കൃഷിയുടെ വിളവെടുപ്പ് നടക്കും. അൽപം വൈകിയെങ്കിലും നല്ല മഴ ലഭിച്ചത് മികച്ച വിളവ് ലഭിക്കാൻ വഴിയൊരുക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ.