മാലിന്യ സംസ്കരണം: നടപടികൾ കടുപ്പിച്ച് കണ്ണൂർ കോർപറേഷൻ

Mail This Article
കണ്ണൂർ∙ കോർപറേഷനു കീഴിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം ഹരിത കർമ സേനയ്ക്ക് കൈമാറാത്ത വീടുകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടിയുമായി അധികൃതർ. മാലിന്യം പൊതു സ്ഥലത്ത് വലിച്ചെറിയുന്നതിനെതിരെയും വീടുകളും വ്യാപാര സ്ഥാപനങ്ങളും ഫ്ലാറ്റുകളും മാലിന്യ സംസ്‌കരണത്തിനു സ്ഥിരം സംവിധാനം ഉണ്ടാക്കിയില്ലെങ്കിൽ ഉദ്യാഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കോർപറേഷൻ ആരോഗ്യ വിഭാഗം കർശന നടപടിയുമായി രംഗത്തെത്തിയത്.
നിയമ നടപടി ഈ വിധം
ഹരിതകർമ സേനയിൽ റജിസ്റ്റർ ചെയ്തു ജൈവ മാലിന്യം സ്വന്തമായും അജൈവ മാലിന്യം ഹരിത കർമ സേനയ്ക്ക് കൈമാറാനുമാണു കണ്ണൂർ കോർപറേഷൻ നിരവധി തവണ നിർദേശം നൽകിയത്. എന്നാൽ ഇപ്പോഴും ചിലർ ഹരിത കർമസേനയ്ക്ക് അജൈവമാലിന്യം കൈമാറാൻ തയാറാകുന്നില്ല. ഇത്തരം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെയാണ് പിഴ ചുമത്തൽ, കോർപറേഷനിലെ അവശ്യ സേവനങ്ങൾ തടയുന്നത് ഉൾപ്പെടെയുള്ള നടപടിയുമായി അധികൃതർ മുന്നോട്ട് പോകുന്നത്.
നേരിട്ടുള്ള പരിശോധന
ഫ്ലാറ്റുകളിൽ താമസിക്കുന്ന ഓരോ കുടുംബങ്ങളും ഹരിത കർമ സേനയിൽ വെവ്വേറെറജിസ്റ്റർ ചെയ്ത് മാലിന്യം കൈമാറണം. നിലവിൽ പല ഫ്ലാറ്റുകളും പൂർണ തോതിൽ മാലിന്യ നീക്കവുമായി സഹകരിക്കുന്നില്ലന്ന് പരാതി ഉയർന്നിട്ടുണ്ട്.
ഹരിത കർമ സേനയിൽ റജിസ്റ്റർ ചെയ്താൽ സേനാംഗങ്ങൾ നിശ്ചയിച്ച തുക ഈടാക്കി വീടുകളിലെത്തി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം ശേഖരിച്ച് ചേലോറ ട്രെഞ്ചിങ് ഗ്രൗണ്ടിൽ എത്തിച്ച് സംസ്കരിക്കുകയാണ് ചെയ്യുന്നത്. ഓരോ വീടും സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും, ഹരിത കർമ സേനാംഗങ്ങളും പരിശോധിച്ച് നിയമ ലംഘനം നടത്തുന്നവരെ കണ്ടെത്തി പിഴ അടപ്പിക്കും.
രാത്രി കാവൽ
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ കോർപറേഷൻ പരിധിയിൽ 90 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. രാത്രി കാലങ്ങളിൽ വാഹനങ്ങളിലും മറ്റുമായി മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നവരെയും മലിന ജലം പൊതു സ്ഥലത്തേക്ക് ഒഴുക്കുന്നതും പ്ലാസ്റ്റിക് മാലിന്യ കത്തിക്കുന്നതും കണ്ടെത്താൻ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ സ്‌പെഷൽ സ്‌ക്വാഡ് രൂപീകരിച്ച് പ്രവർത്തനം നടത്തി വരുന്നുണ്ട്.