ADVERTISEMENT

ഇരിട്ടി/ ചെറുപുഴ∙ ഓപ്പറേഷൻ കുബേരയുടെ കാലത്ത് ഒതുങ്ങിയ ബ്ലേഡ് മാഫിയ സംഘങ്ങൾ മലയോര മേഖലയിൽ വീണ്ടും സജീവം. കാർഷിക മേഖലയിലെ വിലത്തകർച്ചയും സാമ്പത്തിക മാന്ദ്യവും തീർത്ത പ്രതിസന്ധി മറികടക്കാൻ നെട്ടോട്ടമോടുന്ന സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും കുരുക്കി ഊറ്റിയെടുക്കുകയാണു കഴുത്തറപ്പൻ കൊള്ളപ്പലിശ സംഘങ്ങൾ. കർഷകരുടെയും സാധാരണക്കാരുടെയും ദയനീയ സാഹചര്യം മുതലെടുക്കുകയാണ് ബ്ലേഡ് മാഫിയകൾ. മാസപ്പലിശക്കാർ മുതൽ ഓൺലൈൻ ലോൺ ആപ് തട്ടിപ്പുകാർ വരെ രംഗത്തുണ്ട്. 

നൂറുകണക്കിനു ചെറുകിട വ്യാപാരികൾ പലിശയിനത്തിൽ മുതലിന്റെ  ഇരട്ടിയിലധികം തിരികെ നൽകിയിട്ടും ബ്ലേഡ് മാഫിയ സംഘത്തിന്റെ  ഭീഷണിക്കു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ  ആത്മഹത്യാ മുനമ്പിലാണ്. മിക്കയിടത്തും ബെനാമി ഇടപാടുകളായാണു പണത്തിന്റെ  വിതരണം നടത്തുന്നത്. പലിശയും മുതലും പിരിക്കാൻ ഏൽപിച്ചിരിക്കുന്നതു ക്രിമിനൽ സംഘങ്ങളെയാണ്. എത്ര കൊടുത്താലും തീരാതെ പലിശ പെരുകി കൊണ്ടിരിക്കും. ഈടായി വാങ്ങിയ ഭൂമിയും വീടും വ്യാപാര സ്ഥാപനങ്ങളും ബ്ലേഡ് മാഫിയ സ്വന്തമാക്കുന്നതും സ്ഥിരം കാഴ്ച. വായ്പ തിരിച്ചു നൽകാനാകാതെ ഭീഷണിയിൽ ഭയന്നു ജീവനൊടുക്കിയവരുമുണ്ട്. കണക്കിൽപെടാത്ത പണമാണ് ഇത്തരത്തിൽ ക്രയവിക്രയം ചെയ്യുന്നതെന്നതും പരസ്യമായ രഹസ്യമാണ്.

100 രൂപയ്ക്ക് 10 മുതൽ 

ഒരു മാസത്തേക്ക് പലിശ നിശ്ചയിച്ചു നൽകിയാണ് ബ്ലേഡ് മാഫിയ പണം നൽകുന്നത്. 10 ശതമാനം മുതൽ 20 ശതമാനം വരെ ആവശ്യക്കാരന്റെ സാഹചര്യം നോക്കിയാണു പലിശ നിരക്ക് നിശ്ചയിക്കുന്നത്. 3 മുതൽ 10% വരെ പലിശ നിരക്ക് ഉണ്ടെങ്കിലും ഇതു കൂടുതലും ഉപയോഗപ്പെടുത്തുന്നത് ഇടത്തട്ടുകാരായിരിക്കും. ഇടത്തട്ടുകാർ വഴി വായ്പ വാങ്ങുന്നവർക്കാണ് വലിയ പലിശ നൽകേണ്ടി വരുന്നത്. 

അണ്ണൻ സംഘങ്ങൾ 

മലയാളികൾ അല്ലാതെ പ്രതിദിനം പിരിവുമായി പണം പലിശയ്ക്കു കൊടുക്കുന്ന തമിഴ്നാട് സംഘങ്ങളും സജീവമാണ്. ഇവരെ അണ്ണൻ സംഘങ്ങൾ എന്നാണു വിളിക്കുന്നത്. ആദ്യം 5000 രൂപ വായ്പ നൽകിയാണ് ഇവർ ഇടപാടുകാരനെ പരീക്ഷിക്കുക. 60 ദിവസം കൊണ്ട് 100 രൂപ വീതം നൽകി 6000 രൂപ മടക്കി നൽകണം. ചെറുകിട കച്ചവടക്കാരാണ് പ്രധാനമായും ഉപഭോക്താക്കൾ. ഇടപാട് കൃത്യമായാൽ എത്ര രൂപ വേണമെങ്കിലും നൽകും. 2 പേരാണ് എല്ലാ ദിവസവും പിരിക്കാൻ എത്തുക. തവണ മുടങ്ങിയാൽ എണ്ണം കൂടും. സംസാരം മാറും. വീടുകളിലെത്തി ഭീഷണിപ്പെടുത്തും.

ഓൺലൈൻ ലോൺ ആപ് 

ആളുകൾ മുൻപിൽ വരാതെ ഓൺലൈൻ വാഗ്ദാനം വഴി ഇടപാടുകാരെ ആകർഷിച്ചു പണം വായ്പയായി നൽകും. ആദ്യം താങ്കൾക്കു ഇത്ര ലക്ഷം രൂപ വായ്പ പാസായി എന്നായിരിക്കും അറിയിപ്പ്. പിന്നാലെ  വാഹനത്തിൽ എത്തി പരിശോധന. തുടർന്ന് എല്ലാ രേഖകളും വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോട്ടോയും ഉൾപ്പെടെ കൈവശപ്പെടുത്തും. ചില സംഘങ്ങൾ വായ്പ അനുവദിക്കും മുൻപ് തന്നെ പ്രോസസിങ് ചാർജ് എന്ന പേരിൽ വൻ തുക വാങ്ങും. വായ്പയ്ക്ക് വൻ പലിശ ഈടാക്കും. തിരിച്ചടവ് മുടങ്ങിയാൽ ഫോണിലെ വ്യക്തിഗത വിവരങ്ങളും മറ്റും ഉപയോഗപ്പെടുത്തി ബ്ലാക്ക്മെയിൽ ചെയ്യും. നാട്ടുപലിശക്കാർക്കു പുറമേ സംസ്ഥാന, രാജ്യാന്തര സംഘങ്ങളും കർഷകരുടെ ദുരിതം മുതലെടുക്കുകയാണ്.

English Summary: Blade mafia looting people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com