ഓൺലൈൻ തട്ടിപ്പ്: പരാതിപ്രവാഹം കൂടുതൽ കേസുകളിൽ അന്വേഷണം

Mail This Article
തലശ്ശേരി/ചക്കരക്കൽ∙ ഓൺലൈൻ തട്ടിപ്പിനിരയായ 5 പേരുടെ പരാതിയിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. 3 കേസുകളിൽ തലശ്ശേരി പൊലീസും 3 കേസുകളിൽ ചക്കരക്കൽ പൊലീസുമാണ് തേസെടുത്തത്.
∙ ഇല്ലത്തുതാഴെ വിമൽ കുമാറിന്റെ 1,20,000 രൂപയാണ് നഷ്ടപ്പെട്ടത്. മേയ് 1ന് വിമൽകുമാറിന്റെ വാട്സാപ് നമ്പറിലേക്ക് ഓൺലൈൻ ട്രേഡിങിന്റെ ലിങ്ക് അയച്ചു നൽകി ലാഭം കിട്ടുമെന്നു തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്തെന്നാണ് കേസ്.
∙ പിലാക്കൂലിലെ പി.മഹമൂദിന് 99,524 രൂപയാണ് നഷ്ടപ്പെട്ടത്. ഡൽഹിയിൽ നിന്നുള്ള ഒരു കമ്പനിയിൽനിന്ന് ഓർഡർ ചെയ്ത സാധനം മാറി അയച്ചത് അറിയിച്ചപ്പോൾ കുറിയർ സ്ഥാപനത്തിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചു യുപിഐഡിയും പിൻ നമ്പറും കൈക്കലാക്കി പണം തട്ടിയെടുത്തുവെന്നാണ് പി.മഹമൂദിന്റെ പരാതി. മേയ് 16ന് ആയിരുന്നു സംഭവം.
∙ ഗൂഗിൾ പേ വഴി അയച്ച 350 രൂപ കിട്ടാത്ത സാഹചര്യത്തിൽ വീണ്ടെടുക്കാൻ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് വ്യാജ ലിങ്ക് വഴി അക്കൗണ്ട് ഉടമയുടെ പാസ്‌വേഡും ഒടിപിയും കൈക്കലാക്കി പണം തട്ടിയെടുത്തതായാണു മറ്റൊരു പരാതി. മുണ്ടേരി ഏച്ചൂർ കരുണാലയത്തിലെ ബാലചന്ദ്രന്റെ 1.14 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.
∙ കൂട്ടുകാരായ 2 പേർക്കൊപ്പം ഓൺലൈൻ ട്രേഡിങ് കമ്പനിയിൽ 19 ലക്ഷം രൂപ നിക്ഷേപിച്ച മാച്ചേരി സ്വദേശി അബ്ദുൽ ഫൈസലാണ് മറ്റൊരു പരാതിക്കാരൻ.
ഒരു ലക്ഷത്തിന് 15,000 രൂപ നിരക്കിൽ മാസം നൽകുമെന്ന ഉറപ്പിലാണ് പണം നിക്ഷേപിച്ചത്. ആദ്യ 6 മാസം പണം ലഭിച്ചെങ്കിലും പിന്നീട് മുടങ്ങി. നിലവിൽ കമ്പനിയിൽ നിന്ന് പ്രതികരണമില്ലാതായതോടെയാണ് പൊലീസിൽ പരാതി നൽകിയത്.
∙ പാനേരിച്ചാൽ സ്വദേശി കദീജയാണ് മറ്റൊരു പരാതി നൽകിയിട്ടുള്ളത്. ഹോട്ടലിൽ മുറി ബുക്ക് ചെയ്യാൻ വേണ്ടി ഖദീജ 5000 രൂപ അഡ്വാൻസ് നൽകിയിരുന്നു. റൂം ബുക്കിങ് കാൻസൽ ചെയ്യേണ്ടി വന്നതിനെ തുടർന്ന് പണം തിരികെ ലഭിക്കാൻ വേണ്ടിയുള്ള ശ്രമത്തിനിടെയാണ് ഇവർ കബളിപ്പിക്കപ്പെട്ടത്. പണം തിരികെ ലഭിക്കാൻ ഒരു ആപ് ഡൗൺലോഡ് ചെയ്യാൻ പറഞ്ഞതായും ഇപ്രകാരം ചെയ്തതിനു പിന്നാലെ ലഭിച്ച ഒടിപി നമ്പർ തട്ടിപ്പ് സംഘം സ്വന്തമാക്കി ഒരു ലക്ഷം രൂപ തട്ടിയതായും പരാതിയിൽ പറയുന്നു. 3 പരാതികളിലും അന്വേഷണം തുടങ്ങിയതായി സിഐ ശ്രീജിത് കൊടേരി പറഞ്ഞു.
റിയാൽ വാഗ്ദാനം ചെയ്ത് 7.35 ലക്ഷം തട്ടിയെന്ന് പരാതി
തളിപ്പറമ്പ്∙ റിയാൽ നൽകാമെന്നു പറഞ്ഞ് 7.35 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പൂവം സ്വദേശിയിൽ നിന്നു തളിപ്പറമ്പ് സ്വദേശിയായ ആഷിഖ് ഖാന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് പതിനൊന്നിന് പണം വാങ്ങിയെന്നും പിന്നീട് രൂപയോ റിയാലോ നൽകിയില്ലെന്നുമാണു പരാതി. തളിപ്പറമ്പ് പൊലീസ് കേസെടുത്തു.