മലയോരം പരിധിക്ക് പുറത്താണ്; ബിഎസ്എൻഎൽ നെറ്റ്‌വർക് ഉപയോഗിക്കുന്ന ഒട്ടുമിക്ക ഫോണുകളും മൂന്നാഴ്ചയായി നിശ്ചലം

Mail This Article
ചെറുപുഴ∙ മലയോര മേഖലയിൽ ബിഎസ്എൻഎല്ലിനു നെറ്റ്‌വർക് ഇല്ലെന്നു പരാതി. രാജഗിരി, ജോസ്ഗിരി, തിരുനെറ്റി തുടങ്ങിയ പ്രദേശങ്ങളിലെ ബിഎസ്എൻഎൽ ഉപഭോക്താക്കളാണു നെറ്റ്‌വർക് ഇല്ലാത്തതിനെ തുടർന്നു ദുരിതത്തിലായത്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി എടുക്കാൻ തയാറാകുന്നില്ലെന്നു പറയുന്നു. കഴിഞ്ഞ മൂന്നാഴ്ചയിൽ ഏറെയായി ബിഎസ്എൻഎൽ നെറ്റ്‌വർക് ഉപയോഗിക്കുന്ന ഒട്ടുമിക്ക ഫോണുകളും നിശ്ചലമാണ്.
ഇതോടെ പലരും ബിഎസ്എൻഎൽ കണക്‌ഷൻ ഉപേക്ഷിച്ചു മറ്റു കമ്പനികളുടെ കണക്‌ഷൻ എടുക്കാൻ തുടങ്ങി. ഈ സ്ഥിതി തുടർന്നാൽ മലയോര മേഖലയിലെ ബിഎസ്എൻഎൽ കണക്‌ഷൻ ഇല്ലാതാകുമെന്നാണു നാട്ടുകാർ പറയുന്നത്. മൊബൈൽ ഫോണുകൾ നിശബ്ദമായതോടെ നാട്ടുകാർക്ക് പുറമെ വ്യാപാരികളെയും ഓട്ടോ-ടാക്സി ഡ്രൈവർമാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. പ്രദേശത്തെ ബിഎസ്എൻഎൽ ടവറിന്റെ തകരാറുകൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.