ADVERTISEMENT

ചെറുപുഴ∙ കർണാടകത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ ഏഴിമല-പുളിങ്ങോം-ബാഗമണ്ഡലം അന്തർ സംസ്ഥാനപാത എന്ന സ്വപ്നത്തിനു വീണ്ടും ചിറക് മുളയ്ക്കുന്നു. 

വേണ്ടത് രാഷ്ട്രീയ സമ്മർദം

ഇരു സംസ്ഥാനങ്ങളിൽ കൂടി കടന്നു പോകുന്ന പാത യാഥാർഥ്യമാക്കണമെന്നു ആവശ്യപ്പെട്ടു സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ കർണാടക സർക്കാരിൽ സമ്മർദം ചെലുത്തിയാൽ  ഏഴിമല-പുളിങ്ങോം-ബാഗമണ്ഡലം അന്തർ സംസ്ഥാന പാത യാഥാർഥ്യമാകുമെന്നാണു കരുതുന്നത്.ഇതിനുപുറമെ സംസ്ഥാന സർക്കാരിന്റെയും കർണാടക സർക്കാരിൽ സ്വാധീനമുള്ള കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളുടെ സജീവ ഇടപെടലും ഉണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.

പണവും സമയവും ലാഭം

പുളിങ്ങോത്ത് നിന്നു 17 കിലോമീറ്റർ ദൂരം മാത്രമാണു ബാഗമണ്ഡലത്തിലേക്കുള്ളത്. ഇത്രയും ഭാഗം നവീകരിച്ചാൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോര മേഖലയിൽ നിന്നുമുള്ള തീർഥാടകർക്കും യാത്രക്കാർക്കും തലക്കാവേരി, ബെംഗളൂരു, മൈസൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എളുപ്പത്തിൽ എത്താനും പണവും സമയവും ലാഭിക്കാനുമാകും. ഇതിനുപുറമെ ബെംഗളൂരുവിൽ നിന്നു പെരിങ്ങോം സിആർപിഎഫ് കേന്ദ്രത്തിലേക്കും,ഏഴിമല നാവിക അക്കാദമിയിലേക്കും റോഡ് മാർഗം എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന പാത കൂടിയാണിത്.

1999 വരെ കേരള-കർണാടക സംസ്ഥാനങ്ങളിലെ ജനങ്ങൾ ഉപയോഗിച്ചു വന്നിരുന്ന കാനനപാതയാണിത്. കർണാടകയിൽ നിന്നുമുള്ള ഭക്തജനങ്ങൾ ശബരിമലയിലേക്ക് പോകാനും, കേരളത്തിൽ നിന്നുമുള്ള വിശ്വാസികൾക്ക്  തലക്കാവേരിയിലേക്കും, എരുമാട് മഖാമിലേക്കും പോകാനും ഈ പാത ഉപയോഗിച്ചിരുന്നു. എന്നാൽ പിന്നീട് കാനനപാതയിലൂടെ ഉള്ള യാത്രയ്ക്ക് കർണാടക വനംവകുപ്പ് വിലക്ക് ഏർപ്പെടുത്തി. 

എതിർപ്പ് വനംവകുപ്പിന്

വനത്തിലൂടെ റോഡ് നിർമിക്കുന്നതിനെ വനംവകുപ്പാണു എതിർക്കുന്നത്. വനനശീകരണം ചൂണ്ടിക്കാട്ടിയാണു കർണാടക വനംവകുപ്പ് റോഡ് നിർമാണത്തെ എതിർക്കുന്നത്. നിലവിൽ പാതയിലൂടെ ഉള്ള യാത്ര കർണാടക വനംവകുപ്പ് നിരോധിച്ചുവെങ്കിലും,വനത്തിനുള്ളിൽ താമസിക്കുന്ന മലയാളി കുടുംബങ്ങൾക്ക് യാത്ര ചെയ്യാനുള്ള അനുമതി ഇപ്പോഴുമുണ്ട്.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇതിനുപുറമെ കർണാടക വനംവകുപ്പും ഈ പാത ഉപയോഗിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോത്ത് നിന്നുമാണു പാത ആരംഭിക്കുന്നത്. കർണാടക വനംവകുപ്പിന്റെ അധീനതയിൽ വരുന്ന മുണ്ടറോട്ട് റേഞ്ചിൽ കൂടിയാണു പാത കടന്നുപോകുന്നത്.. 

കേരളം ഉണ്ടാക്കിയ പാലം

റോഡ് യാഥാർഥ്യമാകുമെന്നു കരുതി 2005-ൽ തേജസ്വിനിപ്പുഴയുടെ പുളിങ്ങോം ഭാഗത്തു കേരളം കൂറ്റൻ പാലം നിർമിച്ചിരുന്നു.എന്നാൽ റോഡ് യാഥാർഥ്യമാക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. കേരള-കർണാടക സർക്കാരുകൾ തമ്മിലുള്ള ഏകോപനക്കുറവും കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ നിന്നു അനുമതി ലഭിക്കാത്തതുമാണു പാത നിർമാണത്തിനു തടസ്സമായി നിൽക്കുന്നത്. കാർഷിക മേഖലയിലും ടൂറിസം രംഗത്തും ഏറെ ഗുണം ചെയ്യുന്ന പാത യാഥാർഥ്യമാക്കുന്നതിനു ഭരണ-പ്രതിപക്ഷ കക്ഷികളുടെ ഭാഗത്തു നിന്നു സത്വര ഇടപെടലുകൾ ഉണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com