പഴശ്ശി പദ്ധതി പ്രദേശത്തെ മരം മുറിച്ചു കടത്തൽ; പിന്നിൽ ഒറ്റ സംഘമെന്ന് സൂചന

Mail This Article
ഇരിക്കൂർ ∙ പടിയൂർ നിടിയോടിയിൽ പഴശ്ശി ജലസേചന പദ്ധതിയുടെ സംഭരണ പ്രദേശത്തു വനം വകുപ്പ് നട്ടുപിടിപ്പിച്ച മരങ്ങൾ മുറിച്ചു കടത്തിയത് ഒരാഴ്ചയ്ക്കുള്ളിൽ. ഒറ്റ സംഘം തന്നെയാണു രാത്രിയും പുലർച്ചെയുമായി മരങ്ങൾ മുറിച്ചു കടത്തിയതെന്നാണു സൂചന. കഴിഞ്ഞ ദിവസം വിറകു ശേഖരിക്കാൻ പ്രദേശവാസി ഇവിടെയെത്തിയപ്പോഴാണു മരങ്ങൾ മോഷണം പോയത് അറിഞ്ഞത്. വനം വകുപ്പ് അധികൃതർ വല്ലപ്പോഴും മാത്രം വരുന്നതും വാച്ചർമാരുടെ സേവനമില്ലാത്തതുമാണു സംഘങ്ങൾക്കു സഹായകമായത്.
നിലവിൽ 50 ലക്ഷത്തോളം രൂപ വില വരുന്ന 1000ലേറെ മരങ്ങൾ ഇവിടെയുണ്ട്. ഇതിൽ മൂപ്പെത്തിയ മുറിക്കാറായ മരങ്ങളാണു മോഷണം പോയവയെല്ലാം. പെട്ടെന്നു ശ്രദ്ധയിൽപെടാതിരിക്കാൻ വിവിധ ഭാഗങ്ങളിൽ നിന്നാണു മരങ്ങൾ മുറിച്ചത്. ഇവിടേക്കു റോഡ് സൗകര്യമുണ്ടെങ്കിലും നാട്ടുകാരും പൊലീസും കാണാതിരിക്കാൻ പുഴ വഴി മരങ്ങൾ കൊണ്ടുപോയി. ഉപേക്ഷിച്ച തടികളുടെ ഭാഗങ്ങൾ പുഴയിലുണ്ട്. 1993 ലാണ് ആവർത്തന കൃഷിയുടെ ഭാഗമായി പദ്ധതി പ്രദേശത്തു മരങ്ങൾ നട്ടുപിടിപ്പിച്ചത്.
10 വർഷം പ്രായമാകുമ്പോൾ സാമൂഹിക വനവൽക്കരണ വിഭാഗം മരത്തിന്റെ മൂല്യം കണക്കാക്കുകയും വനം വകുപ്പ് മുറിക്കുകയുമാണു ചെയ്യുന്നത്. പിന്നീടു തടി ലേലം ചെയ്തു പണം സർക്കാരിലേക്കു മുതൽകൂട്ടും. തുടർന്നു വീണ്ടും മരങ്ങൾ നട്ടുപിടിപ്പിക്കും. 2013ൽ നട്ടുപിടിപ്പിച്ച മരങ്ങളാണ് ഇപ്പോൾ ഇവിടെയുള്ളത്. ഉടൻ മുറിച്ചു മാറ്റാൻ വനം വകുപ്പ് തയാറെടുക്കുന്നതിനിടെയാണു മോഷണം.