വെള്ളവും വെളിച്ചവുമില്ല; ഉദ്ഘാടനം നടക്കാതെ കൊട്ടിയൂർ സ്മാർട് വില്ലേജ് ഓഫിസ് കെട്ടിടം
Mail This Article
കൊട്ടിയൂർ∙ കെട്ടിടം പണിയൊക്കെ വളരെ സ്മാർട്ടായി പൂർത്തിയാക്കി എങ്കിലും വൈദ്യുതിയും വെള്ളവും ഇല്ലാത്തതിനാൽ കൊട്ടിയൂർ സ്മാർട് വില്ലേജ് ഓഫിസിന്റെ പ്രവർത്തനം തുടങ്ങാനായില്ല. ഉദ്ഘാടനവും വൈകുന്നു. 44 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. ജോണി പന്തപ്ലാക്കൽ എന്ന വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് കെട്ടിടം നിർമിച്ചത്. ജില്ലയിലെ പല സ്മാർട് വില്ലേജ് ഓഫിസുകളും രണ്ടാഴ്ച മുൻപ് ഉദ്ഘാടനം ചെയ്തെങ്കിലും വെളളവും വെളിച്ചവും ലഭിക്കാത്തതിനാൽ കൊട്ടിയൂരിലെ ഉദ്ഘാടനം നടത്തിയില്ല. മഴ പെയ്താൽ ചോരുന്ന, 28 വർഷം മുൻപ് നിർമിച്ചതുമായ പഴയ ഓഫിസ് കെട്ടിടത്തിലാണ് ഇപ്പോഴും വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്.
വളരെ ചെറിയ കെട്ടിമായതിനാൽ പഴയ ഓഫിസ് കെട്ടിടത്തിൽ ഉദ്യോഗസ്ഥർക്ക് പോലും സൗകര്യപ്രദമായ രീതിയിൽ ഇരിക്കാൻ കഴിയുന്നില്ല. അമ്പായത്തോട് – മട്ടന്നൂർ 4 വരി പാത നിർമിക്കുമ്പോൾ പഴയ വില്ലേജ് ഓഫിസ് പൊളിച്ചു മാറ്റേണ്ടതായും വരും. നിലവിലുള്ള വില്ലേജ് ഓഫിസ് നിർമിക്കുന്നതിനും സ്വകാര്യ വ്യക്തി സ്ഥലം സൗജന്യമായാണ് നൽകിയത്.
പുതിയ കെട്ടിടത്തിൽ വൈദ്യുതിയും വെള്ളവും ലഭ്യമാകണം എങ്കിൽ ഇനിയും ഒന്നര ലക്ഷത്തോളം രൂപ കൂടി വേണ്ടി വരും. റവന്യു വകുപ്പ് ഈ തുക അനുവദിക്കാതെ വില്ലേജ് ഓഫിസ് പ്രവർത്തന സജ്ജമാകില്ല.വെള്ളത്തിനും വൈദ്യുതിക്കും വേണ്ടി തുക അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് വീണ്ടും പഞ്ചായത്തും രാഷ്ട്രീയ പാർട്ടികളും നിവേദനവുമായി എത്തുന്നത് കാത്തിരിക്കാതെ പണികൾ പൂർത്തിയാക്കി സ്മാർട് വില്ലേജ് ഓഫിസിന്റെ സൗകര്യങ്ങൾ ലഭ്യമാക്കാനാണ് നടപടി ഉണ്ടാകേണ്ടത്.