പരിയാരം മെഡിക്കൽ കോളജിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടി രോഗികൾ
Mail This Article
പരിയാരം ∙ സർക്കാർ ഏറ്റെടുത്തിട്ട് അഞ്ചാം വർഷത്തേക്കു കടക്കുകയാണ് പരിയാരം ഗവ.മെഡിക്കൽ കോളജ്. ചില വിഭാഗങ്ങളിൽ, ഡോക്ടർമാരുടെ കുറവും ചിലയിടങ്ങളിൽ ഉപകരണങ്ങളുടെയും മരുന്നിന്റെയുമൊക്കെ കാര്യത്തിലുമുള്ള പരാതികൾക്ക് ഇനിയും പരിഹാരമായില്ല. സർക്കാർ ഏറ്റെടുത്തതിനു ശേഷം പരിയാരം ഗവ.മെഡിക്കൽ കോളജിൽ ഇന്നെത്തുന്ന മുഖ്യമന്ത്രി അറിയാൻ ചില പരിയാരം പ്രശ്നങ്ങൾ...
∙ ഡോക്ടർമാർ ഇല്ലാത്തതിനാൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം അടച്ചുപൂട്ടിയ നിലയിലാണ്. റേഡിയോളജി, കാർഡിയോളജി, നെഫ്രോളജി, പ്ലാസ്റ്റിക് സർജറി, ബൈപാസ് സർജറി, അത്യാഹിത വിഭാഗം എന്നിവിടങ്ങളിലും ഡോക്ടർമാരുടെ കുറവുണ്ട്.
∙ ചികിത്സയ്ക്കും പരിശോധനയ്ക്കും ആവശ്യമായ യന്ത്രങ്ങൾ കാലപ്പഴക്കത്താൽ തകരാറിലായതും പരിയാരത്തിനു തിരിച്ചടിയാണ്. കാൻസർ ചികിത്സയ്ക്ക് അത്യാവശ്യമുള്ള കോബാൾട്ട് തെറപ്പി യന്ത്രം പണിമുടക്കിയിട്ടു വർഷം രണ്ട് കഴിഞ്ഞു.
∙ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എംആർഐ സ്കാനിങ് വിഭാഗം ഇപ്പോഴും സ്വകാര്യ മേഖലയിലാണ്. സ്വകാര്യ ആശുപത്രികളിലെ സ്കാനിങ് നിരക്കാണ് ഇവിടെ ഈടാക്കുന്നത്.
∙ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സർക്കാർ ഫാർമസിയിൽ സൗജന്യ മരുന്നുകൾ പലതും ലഭ്യമല്ല. വൻവില കൊടുത്തു പുറത്തു നിന്നു വാങ്ങേണ്ട സ്ഥിതിയാണ്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
∙ ആശുപത്രിയിലെത്തുന്ന വിവിധതരം മരുന്നുകൾ അലക്ഷ്യമായി സൂക്ഷിക്കുന്നത് ആശുപത്രി വരാന്തയിലാണ്. രോഗിയുടെ കൂട്ടിരിപ്പുകാർക്കു വിശ്രമകേന്ദ്രം നിർമിക്കാത്തതിനാൽ ആശുപത്രി വരാന്തയിൽ വിശ്രമിക്കേണ്ട ഗതികേടിലാണ്.
∙ മുൻഗണനാ റേഷൻ കാർഡ് വിഭാഗങ്ങളിൽ, എഎവൈയിൽ ഉൾപ്പെടാത്തവർക്ക് പരിയാരത്തു പൂർണമായി സൗജന്യ ചികിത്സ നൽകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
∙ സംസ്ഥാനത്ത് എറ്റവും കൂടുതൽ ഹൃദയശസ്ത്രക്രിയ നടത്തുന്ന പരിയാരം കാർഡിയോളജി വിഭാഗത്തിലെ മൂന്നു കാത്ത് ലാബിൽ രണ്ടും ഇപ്പോൾ തകരാറിലായി.
∙ ശുചിമുറികളിൽ നിന്നുൾപ്പെടെയുള്ള മലിനജലം ശുദ്ധീകരിക്കുന്ന പ്ലാന്റ് നിലച്ചതോടെ മലിനജലം ദേശീയപാതയ്ക്കു സമീപം ഒഴുകുന്ന സ്ഥിതിയുമുണ്ട്.
∙ സർക്കാർ ഏറ്റെടുത്തതിനു ശേഷം ജീവനക്കാർക്ക് ഡിഎ തുടങ്ങിയ ആനുകൂല്യങ്ങളും ശമ്പള പരിഷ്കരണവും നടപ്പാക്കിയില്ല. ഇപ്പോഴും പകുതി ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കുന്ന നടപടി പൂർത്തിയാക്കിയില്ല.
സ്ഥലംമാറ്റ ഉത്തരവ് ; 5 വർഷം കഴിഞ്ഞിട്ടും നടപടിയില്ല
പയ്യന്നൂർ ∙ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവ് 5 വർഷം കഴിഞ്ഞിട്ടും നടപ്പാക്കാനായില്ല. ഉത്തരവിലെ അവ്യക്തത ചൂണ്ടിക്കാട്ടി ജില്ലാ മെഡിക്കൽ ഓഫിസറുടെ ഓഫിസും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റും തമ്മിലുള്ള തർക്കം തുടരുകയാണ്. നിയമസഭയിൽ ആരോഗ്യമന്ത്രി അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രഖ്യാപിച്ച് 2 മാസമായെങ്കിലും അവ്യക്തത നീക്കി ഉത്തരവ് നടപ്പാക്കിയില്ല. പഴയങ്ങാടി താലൂക്ക് ആശുപത്രിയുടെ കീഴിലാണു പയ്യന്നൂർ നഗരസഭയിലെ 41 വാർഡുകളിലെ ഫീൽഡ് ചുമതലയുള്ള ആരോഗ്യ വിഭാഗം ജീവനക്കാരുള്ളത്. അവർ 15 കിലോമീറ്റർ യാത്ര ചെയ്തു വേണം പയ്യന്നൂരിലെത്താൻ.
പയ്യന്നൂർ താലൂക്ക് ആശുപത്രിയുടെ നിയന്ത്രണത്തിലേക്കു മാറ്റിയാൽ സൗകര്യമാകും എന്നതിനാലാണു ജീവനക്കാരെ 2018 മേയ് 4നു പയ്യന്നൂർ താലൂക്ക് ആശുപത്രിക്കു കീഴിലേക്കു മാറ്റിയത്. എന്നാൽ ഉത്തരവിൽ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ഇതിനാവശ്യമായ സൗകര്യം വ്യക്തമാക്കിയില്ല. അവ്യക്തമായൊരു സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കാനാവില്ലെന്നു ജില്ലാ മെഡിക്കൽ ഓഫിസ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് മറുപടി നൽകി.