പവർലിഫ്റ്റിങ് ചാംപ്യൻഷിപ്: ആലപ്പുഴയുടെ മുന്നേറ്റം

Mail This Article
കണ്ണൂർ ∙ സംസ്ഥാന പുരുഷ, വനിത ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ ആലപ്പുഴ ജില്ല 151 പോയിന്റുമായി മുന്നേറ്റം തുടരുന്നു. തൃശൂർ 146 പോയിന്റുമായി രണ്ടാം സ്ഥാനത്തും ആതിഥേയരായ കണ്ണൂർ 136 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. കോഴിക്കോട് 121, എറണാകുളം 112 പോയിന്റ് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. ചാംപ്യൻഷിപ് ഇന്നു സമാപിക്കും.

സ്പെഷലാണ്, ഈ സ്വർണം
സ്പെഷൽ കാറ്റഗറിയിൽ മത്സരിച്ചു നേടിയ സ്വർണ മെഡൽ പലരെയും കാണിച്ചു സന്തോഷം പങ്കിടുകയാണ് കെ.കെ.അനുഷ്. സബ് ജൂനിയർ 74 കിലോ വിഭാഗത്തിലാണ് ഈ 14കാരൻ ചാംപ്യനായത്. സ്കോട്ട്, ബഞ്ച് പ്രസ്, ഡെഡ് ലിഫ്റ്റ് എന്നിവയിലായി 160 കിലോയാണ് ഉയർത്തിയത്. പന്തീരങ്കാവ് പ്രശാന്തി സ്കൂളിലാണ് അനുഷ് പഠിക്കുന്നത്. പിതാവ് ജിമ്മിൽ പോകുമ്പോൾ കൂടെ പോയി തുടങ്ങിയതോടെയാണ് അനുഷിനും പവർലിഫ്റ്റിങ്ങിൽ താൽപര്യം തുടങ്ങിയത്. അങ്ങനെയാണ് ആദ്യ ചാംപ്യൻഷിപ്പിനെത്തിയതും. പിതാവ് കെ.കെ.ഗണേശനാകട്ടെ 83 കിലോഗ്രാം വിഭാഗം മാസ്റ്റേഴ്സ്(രണ്ട്) മത്സരിച്ചു ചാംപ്യനായി. ഇദ്ദേഹം 2015 മുതൽ 2017 വരെ ഈ വിഭാഗത്തിലെ സ്ട്രോങ് മാൻ ഓഫ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോഴിക്കോട് കോവൂർ സ്വദേശികളാണ്. കാലിക്കറ്റ് ബാർബൽ ക്ലബ്ബിലാണ് ഇരുവരും പരിശീലനം നടത്തുന്നത്.
ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
കണ്ണൂർ ∙ ബിഎസ്എൻഎല്ലിന്റെ 24–ാം രൂപീകരണ ദിനത്തിന്റെ ഭാഗമായി 5 മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ബിഎസ്എൻഎൽ കണ്ണൂർ ഡെപ്യൂട്ടി ജനറൽ മാനേജർ ബാലചന്ദ്രൻ നായർ പ്രസംഗിച്ചു. ബിഎസ്എൻഎൽ കണ്ണൂർ ജനറൽ മാനേജർ എസ്.കെ.രാജീവ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.