സർക്കാരിന്റെ നേട്ടങ്ങളിൽ നിന്ന് ശ്രദ്ധയകറ്റാൻ വിവാദങ്ങളുണ്ടാക്കുന്നു: മുഖ്യമന്ത്രി
Mail This Article
പയ്യന്നൂർ ∙ ഇടതുപക്ഷ സർക്കാർ നേടിയ നേട്ടങ്ങളിൽ നിന്ന് ജനശ്രദ്ധയകറ്റാൻ ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങൾ ഉണ്ടാക്കുകയാണു യുഡിഎഫും ചില മാധ്യമങ്ങളും ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവ.താലൂക്ക് ആശുപത്രിയിൽ 56 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ സാർവത്രിക വികസനം എന്നതിലൂടെ നവകേരളം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ വിവാദങ്ങളിലൂടെ ജനശ്രദ്ധ തിരിച്ച് വിടാനാണ് ചിലരുടെ ശ്രമം. ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന് ആരും മറക്കരുത് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു.
ടി.ഐ.മധുസൂദനൻ എംഎൽഎ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന, മുൻ എംഎൽഎ സി.കൃഷ്ണൻ, നഗരസഭ അധ്യക്ഷ കെ.വി.ലളിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.വത്സല, നഗരസഭാ ഉപാധ്യക്ഷൻ പി.വി.കുഞ്ഞപ്പൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.വി.സജിത, ടി.വിശ്വനാഥൻ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എം.പി.ജീജ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.കെ.അനിൽകുമാർ, രാഷ്ട്രീയ പാർട്ടി നേതാക്കളായ എം.വി.ജയരാജൻ, ടി.വി.രാജേഷ്, കെ.വി.ബാബു, ഇക്ബാൽ പോപ്പുലർ, പി.വി.ദാസൻ, പി.യു.രമേശൻ, ഹരിഹര കുമാർ, പി.ജയൻ, പനക്കീൽ ബാലകൃഷ്ണൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സി.കെ.ജീവൻ ലാൽ എന്നിവർ പ്രസംഗിച്ചു. സ്ഥലം എംപി രാജ് മോഹൻ ഉണ്ണിത്താന്റെ ഫോട്ടോ ഉദ്ഘാടന പ്രചാരണ ബോർഡിലും മറ്റും ഉൾപ്പെടുത്തിയില്ല എന്ന പരാതി ഉയർത്തി യുഡിഎഫ് ഉദ്ഘാടന പരിപാടി ബഹിഷ്കരിച്ചിരുന്നു.