ADVERTISEMENT

കണ്ണൂർ ∙ സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപത്തിൽ ചില്ലിക്കാശു പോലും നഷ്ടപ്പെടില്ലെന്നും പണം ഭദ്രമായിരിക്കുമെന്നു സംസ്ഥാന സർക്കാർ ഉറപ്പു നൽകുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം മാവിലായി ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘സംസ്ഥാനത്തിന്റെ പുരോഗതിയുടെ പ്രധാന കാരണമാണു സഹകരണ മേഖലയെന്ന് അറിയുന്നവരാണ് അതിനെ തകർക്കാൻ ശ്രമിക്കുന്നത്. നോട്ട് നിരോധന സമയത്ത്, കളളപ്പണമേഖലയെന്ന് അവർ ആരോപിച്ചു. നമ്മൾ പ്രതിഷേധത്തിലൂടെയും പ്രതിരോധത്തിലൂടെയും അതിനെ മറികടന്നു.

വീണ്ടും എത്തിയിരിക്കുകയാണവർ. തകർക്കാൻ നമ്മൾ അനുവദിക്കില്ല. അവരുടെ സ്വപ്നം വെറും സ്വപ്നമായി അവശേഷിക്കും. കോടിക്കണക്കിനു രൂപയുടെ നിക്ഷേപമാണു സഹകരണ മേഖലയിലുളളത്. ഈ തുക മൾട്ടിപ്പിൾ സ്റ്റേറ്റ് സഹകരണ സംഘങ്ങളിലേക്ക് ആകർഷിക്കാനുളള നീക്കമാണു നടക്കുന്നത്. ഇത്തരം സംഘങ്ങളുടെ പരസ്യം തുടർച്ചയായി വരുന്നുണ്ട്. മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങരുത്. സാമ്പത്തികമായി ഞെരുക്കി, സംസ്ഥാന സർക്കാരിനെ തകർക്കാനുളള നീക്കമാണു കേന്ദ്ര സർക്കാർ നടത്തുന്നത്. ഒരു ജനതയെ പൂർണമായും തള്ളുന്ന നില. 

 കേരളത്തിന്റെ പൊതുവായ ആവശ്യങ്ങളിലൊന്നും യുഡിഎഫ് സഹകരിക്കുന്നില്ല. കേരളത്തിന്റെ അവകാശങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ കേരളത്തിലെ എല്ലാ എംപിമാരും ധാരണയിലെത്തിയതാണ്. പക്ഷേ, നിവേദനത്തിൽ ഒപ്പിടാൻ പോലും യുഡിഎഫ് എംപിമാർ തയാറായില്ല. എന്തിനാണവർ പിന്മാറിയത്? കേരളത്തിന്റെ കാര്യം എപ്പോഴെങ്കിലും യുഡിഎഫ് എംപിമാർ പാർലമന്റിൽ ഉന്നയിക്കാറുണ്ടോ? ബിജെപിക്കു നേരിയ അലോസരം പോലുമുണ്ടാക്കാൻ യുഡിഎഫിനും കോൺഗ്രസിനും താൽപര്യമില്ല. തദ്ദേശ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ബിജെപിയും കോൺഗ്രസും ഒരുമിച്ചാണ്. കേരളീയം പരിപാടിയിൽ പങ്കെടുക്കില്ലെന്നാണു പ്രതിപക്ഷ നേതാവ് പറയുന്നത്. 

എന്താണു നിങ്ങളുടെ മനസിൽ? നാടിന്റെ പുരോഗതിക്കുള്ള നടപടികളെങ്ങനെയാണു ധൂർത്താകുന്നത്? കേരളത്തിൽ ഇതുവരെയുണ്ടായ വികസനം ജനങ്ങളോടു വിശദീകരിക്കുന്നതിനും ഇനി ചെയ്യേണ്ട കാര്യങ്ങൾ ആരായുന്നതിനുമായി നിയോജകമണ്ഡലങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിലും പങ്കെടുക്കില്ലെന്നാണവർ പറയുന്നത്. ഏതെങ്കിലും വർഗീയ പ്രശ്നത്തിൽ കോൺഗ്രസ് നിലപാടെടുത്തിട്ടുണ്ടോ? കോൺഗ്രസിന്റെ ദേശീയ നേതാക്കളും പഴയ കേന്ദ്രമന്ത്രിമാരുമൊക്കെ ഇപ്പോൾ ബിജെപിയിലാണ്. 

അണികളും ബിജെപിയിലേക്കു മാറി. ഇപ്പോൾ ബിജെപി ശക്തമായിരിക്കുന്ന സംസ്ഥാനങ്ങളെല്ലാം നേരത്തെ ഭരിച്ചിരുന്നതു കോൺഗ്രസാണ്. വർഗീയതയുടെ കാര്യത്തിൽ അവർക്കു കൃത്യമായ നിലപാടില്ലെന്നതാണു കാരണം. ത്രിപുരയിൽ ജനാധിപത്യം അട്ടിമറിക്കപ്പെട്ടു.’ പിണറായി വിജയൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com