രണ്ടാം വന്ദേഭാരത് തലശ്ശേരിയിൽ വരവേൽപ്

Mail This Article
തലശ്ശേരി∙ പാട്ടും നൃത്തവും ചെണ്ടമേളവുമായി തലശ്ശേരിയിൽ രണ്ടാം വന്ദേഭാരത് എക്സ്പ്രസിന് വരവേൽപ്. സ്വീകരിക്കാൻ സ്പീക്കർ എ.എൻ.ഷംസീറും കെ.മുരളീധരൻ എംപിയും നഗരസഭാ അധ്യക്ഷ കെ.എം.ജമുനാറാണിയും ഉൾപ്പെടെയുള്ളവർ സ്റ്റേഷനിൽ എത്തിയിരുന്നു. പാർട്ടി പതാകയുമായി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെത്തിയ ബിജെപി പ്രവർത്തകർ ചെണ്ട മേളത്തോടെ ട്രെയിനിനെ സ്വീകരിച്ചു. നരേന്ദ്രമോദിക്ക് അഭിവാദ്യമർപ്പിച്ച് മുദ്രാവാക്യം വിളിക്കുകയും യാത്രക്കാർക്ക് ലഡു വിതരണം ചെയ്യുകയും ചെയ്തു.
രാവിലെ 10.30 മുതൽ സ്റ്റേഷനിൽ കലാപരിപാടികൾ ഒരുക്കിയിരുന്നു. റെയിൽവേ ജീവനക്കാരും സ്കൂൾ വിദ്യാർഥികളുമുൾപ്പെടെയുള്ളവർ പരിപാടികൾ അവതരിപ്പിച്ചു. 2.13ന് വന്ദേഭാരത് സ്റ്റേഷനിലെത്തി. റെയിൽവേ ഡപ്യൂട്ടി ചീഫ് എൻജിനീയർ കെ.ശ്രീകുമാർ, അസിസ്റ്റന്റ് ഡിവിഷനൽ ഇലക്ട്രിക്കൽ എൻജിനീയർ മാധവൻ, സ്റ്റേഷൻ മാനേജർ എൻ.പി.മോഹനചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേ ഉദ്യോഗസ്ഥരും വന്ദേഭാരതിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി.
നഗരസഭ സ്ഥിരസമിതി അധ്യക്ഷ ഷബാന ഷാനവാസ്, നഗരസഭാംഗം കെ.ലിജേഷ്, രാഷ്ട്രീയപാർട്ടി നേതാക്കളായ എഐസിസി അംഗം വി.എ.നാരായണൻ, സജീവ് മാറോളി, സി.ടി.സജിത്ത്, എം.പി.അരവിന്ദാക്ഷൻ, സുശീൽ ചന്ത്രോത്ത്, എസ്.ടി.ജയ്സൺ, സുരാജ് ചിറക്കര, കെ.എ.ലത്തീഫ്, എ.കെ.ആബൂട്ടി ഹാജി, ബി.പി.മുസ്തഫ, എം.പി.സുമേഷ്, കെ.അജേഷ്, കെ.അനിൽകുമാർ, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായ സി.പി.ആലുപ്പികേയി, ശശികുമാർ കല്ലിഡുംബിൽ എന്നിവരും സ്റ്റേഷനിൽ എത്തിയിരുന്നു.
‘വന്ദേഭാരതിന് തലശ്ശേരിയിൽസ്റ്റോപ് അനുവദിക്കണം’
കേരളത്തിനു പുതുതായി അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന് തലശ്ശേരിയിൽ സ്റ്റോപ് അനുവദിക്കണമെന്ന് കെ.മുരളീധരൻ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. വയനാട് ജില്ലയിലുള്ളവർക്കും കണ്ണൂർ എയർപോർട്ടിൽ എത്തേണ്ടവർക്കും സൗകര്യപ്രദമെന്ന നിലയ്ക്ക് തലശ്ശേരിയിൽ നിർബന്ധമായും സ്റ്റോപ്പ് വേണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
ബിജെപി പതാക:മുസ്‍ലിം ലീഗ് പ്രതിഷേധിച്ചു
രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ സ്വീകരണച്ചടങ്ങിൽ ബിജെപി പ്രവർത്തകർ പാർട്ടി പതാകയുമായി എത്തിയതിൽ മുസ്‍ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ലത്തീഫും മണ്ഡലം പ്രസിഡന്റ് എ.കെ.ആബൂട്ടിഹാജിയും പ്രതിഷേധിച്ചു. സർക്കാർ പണം ഉപയോഗിച്ച് നടത്തുന്ന പരിപാടിയിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരുമുൾപ്പെടെ പങ്കെടുക്കുമ്പോൾ ബിജെപിക്കാർ പാർട്ടി പതാക ഉയർത്തി നരേന്ദ്രമോദിക്ക് സിന്ദാബാദ് വിളിച്ചെത്തുന്നത് പ്രതിഷേധാർഹമാണെന്ന് അവർ പറഞ്ഞു.
ഇത്തരം ചടങ്ങുകൾ പാർട്ടി പരിപാടിയാക്കി മാറ്റാൻ റെയിൽവേ അധികൃതർ അനുവദിക്കരുതെന്നും ഇരുവരും ആവശ്യപ്പെട്ടു. വന്ദേഭാരത് എക്സ്പ്രസിന് തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും കെ.എ. ലത്തീഫ് ആവശ്യപ്പെട്ടു.