രണ്ടാം വന്ദേഭാരതിനെ വരവേറ്റ് നാട്

Mail This Article
കണ്ണൂർ ∙ രണ്ടാം വന്ദേഭാരതിന് പ്രൗഢഗംഭീര സ്വീകരണമൊരുക്കി നാട്. പയ്യന്നൂരിലും കണ്ണൂരിലും തലശ്ശേരിയിലും റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിൻ എത്തുന്നതിനു മണിക്കൂറുകൾ മുൻപേ വൻ ജനാവലി കാത്തുനിൽക്കുന്നുണ്ടായിരുന്നു. ട്രെയിൻ എത്തുന്നതുവരെ വിവിധ കലാപരിപാടികളും നടന്നു. ഐആർസിടിസിയും ബിജെപി പ്രവർത്തകരും പാസഞ്ചർ അസോസിയേഷനുകളും മധുരം വിതരണം ചെയ്താണു വന്ദേഭാരതിന്റെ വരവിനെ ആഘോഷമാക്കിയത്.

ജനപ്രതിനിധികളും പാസഞ്ചേഴ്സ് അസോസിയേഷൻ, ചേംബർ ഓഫ് കൊമേഴ്സ് ഉൾപ്പെടെ വിവിധ സംഘടനകളുടെ ഭാരവാഹികളും സ്കൂൾ വിദ്യാർഥികളും ഉൾപ്പെടെ നൂറുകണക്കിനുപേർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.പയ്യന്നൂരിൽ സ്വാതന്ത്ര്യ സമര സേനാനിയും പത്മശ്രീ ജേതാവുമായ വി.പി.അപ്പുക്കുട്ട പൊതുവാളിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ലോക്കോപൈലറ്റ് എം.ഐ.കുര്യാക്കോസിന് അദ്ദേഹം പൂച്ചെണ്ട് നൽകി.

കണ്ണൂരിൽ പി.സന്തോഷ് കുമാർ എംപി, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ്, മേയർ ടി.ഒ.മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, പത്മശ്രീ ജേതാവ് എസ്.ആർ.ഡി.പ്രസാദ്, ശൗര്യചക്ര ജേതാവ് പി.വി.മനേഷ്, നോർത്ത് മലബാർ ചേംബർ ഓഫ് പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ, ഓണററി സെക്രട്ടറി സി.അനിൽ കുമാർ, ഡയറക്ടർമാരായ വാസുദേവ പൈ, ദിനേഷ് ആലിങ്കിൽ, ഇ.കെ.അജിത് കുമാർ, ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് എന്നിവരും റെയിൽവേ പാലക്കാട് ഡിവിഷൻ എഡിആർഎം എസ്.ജയകൃഷ്ണൻ, സ്റ്റേഷൻ മാനേജർ എസ്.സജിത് കുമാർ, ഡപ്യൂട്ടി മാനേജർ പി.വി.രാജീവ്, നിസാർ അഹമ്മദ്, അസി.ഡിവിഷനൽ മാനേജർ ബർജാസ് അഹമ്മദ് തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ തലശ്ശേരി വരെ ട്രെയിനിൽ യാത്ര ചെയ്തു.
നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ(എൻഎംആർപിസി) നേതൃത്വത്തിൽ റെയിൽവേ യാത്രക്കാർ അഭിവാദ്യ പ്രകടനവുമായാണു വന്ദേഭാരതിനെ കണ്ണൂരിൽ വരവേറ്റത്. കാസർകോട് നിന്ന് വന്ദേഭാരത് എക്സ്പ്രസിൽ കണ്ണൂരിലെത്തിയ ചെന്നൈ സോൺ റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം റഷീദ് കവ്വായിയെ ഭാരവാഹികൾ സ്വീകരിച്ചു. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ, കോഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല, വിജയൻ കൂട്ടിനേഴത്ത്, രാജൻ തീയറേത്ത്, സി.കെ.ജിജു, രാധാകൃഷ്ണൻ കടൂർ, ചന്ദ്രൻ മന്ന, സി.എം.പൂക്കോയ തങ്ങൾ, സൗമി ഇസബൽ, കെ.പി.സരള എന്നിവർ നേതൃത്വം നൽകി. തലശ്ശേരിയിൽ സ്പീക്കർ എ.എൻ.ഷംസീറും കെ.മുരളീധരൻ എംപിയും നഗരസഭാ അധ്യക്ഷ കെ.എം.ജമുനാറാണി ഉൾപ്പെടെയുള്ളവർ വന്ദേഭാരതിനെ സ്വീകരിക്കാനെത്തിയിരുന്നു.
തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ വിദ്യാർഥികൾക്കും യാത്രയ്ക്ക് അവസരം ഒരുക്കിയിരുന്നു. കാസർകോട് നിന്നു കയറിയ വിദ്യാർഥികൾ കണ്ണൂരിലും കണ്ണൂരിൽ നിന്നു കയറിയ വിദ്യാർഥികൾ തലശ്ശേരിയിലും ഇറങ്ങി. ഇവരെ മൂന്നു കോച്ചുകൾ മാത്രമുള്ള പ്രത്യേക ട്രെയിനിൽ തിരികെ കണ്ണൂരിലും കാസർകോട്ടും എത്തിച്ചു. ആർപിഎഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണിയുടെ നേതൃത്വത്തിൽ റെയിൽവേ സുരക്ഷാസേനയും റെയിൽവേ പൊലീസും സുരക്ഷയൊരുക്കി. ട്രെയിൻ എത്തുന്നതിനു മുൻപു ട്രാക്കിലും പരിസരത്തും സേനാംഗങ്ങൾ പരിശോധന നടത്തി.
യാത്രാ ഇളവ് പുനഃസ്ഥാപിക്കാൻആവശ്യപ്പെട്ട് പ്രതിഷേധം
മുതിർന്ന പൗരന്മാരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച് തെയ്യം, കോമരം കൂട്ടായ്മ ജില്ലാ കൺവീനർ പി.കന്യലാൽ. വന്ദേഭാരത് ട്രെയിനിനു കണ്ണൂരിൽ നൽകിയ സ്വീകരണത്തിനിടെയായിരുന്നു പ്രതിഷേധം. റെയിൽവേ മന്ത്രി, പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവർക്ക് ഈ ആവശ്യം ഉന്നയിച്ച് അയച്ച നിവേദനങ്ങൾ അവഗണിച്ചതിനാലാണു സ്വീകരണത്തിനിടെ പ്രതിഷേധിച്ചതെന്നു കന്യാലാൽ പറഞ്ഞു.
ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് പ്രതിനിധികൾ ആദ്യയാത്രയിൽ
രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യയാത്രയിൽ കാഴ്ചപരിമിതിയുള്ളവരുടെ പ്രതിനിധികളും. ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് യൂത്ത് ഫോറം ജനറൽ സെക്രട്ടറിമാരായ എ.അൻസാറും കെ.ടി.സാരംഗുമാണ് കണ്ണൂരിൽ നിന്നു ഷൊർണൂരിലേക്കു റെയിൽവേയുടെ ക്ഷണം സ്വീകരിച്ചു യാത്ര ചെയ്തത്.
ഭിന്നശേഷി സൗഹൃദമായ വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഇവർ പറഞ്ഞു. മറ്റു ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും ഭിന്നശേഷി സൗഹൃദമാക്കണമെന്നും അന്ത്യോദയ പോലുള്ള ട്രെയിനുകളിലും യാത്രാ ഇളവ് അനുവദിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.