ടിപ്പർ ലോറികളുടെ പാച്ചിൽ വെള്ളാട്-തേർമല- മാവുംചാൽ റോഡ് തകർന്നു

Mail This Article
കരുവഞ്ചാൽ ∙ അമിതഭാരവുമായി ടിപ്പർ ലോറികളുടെ തുടർച്ചയായ പാച്ചിൽ മൂലം നടുവിൽ പഞ്ചായത്തിലെ വെള്ളാട്-തേർമല- മാവുംചാൽ റോഡ് തകർന്നു. ഈ പ്രദേശത്തുള്ള കരിങ്കൽ ക്വാറിയിൽ നിന്ന് കല്ലുമായാണ് ലോറികളുടെ പാച്ചിൽ. ലക്ഷങ്ങൾ ചെലവഴിച്ച് റോഡ് ടാറിങ് നടത്തിയിട്ട് മാസങ്ങളേ ആയുള്ളൂ. റോഡ് തകർന്നതിനെ തുടർന്ന് ഇതുവഴിയുള്ള യാത്ര ദുസ്സഹമായി.
ഏഴു കിലോമീറ്ററുള്ള റോഡിന്റെ ഏറിയ ഭാഗവും തകർച്ചയിലാണ്. ടാറിങ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി. പഞ്ചായത്ത് റോഡിലൂടെ 13 ടണ്ണിൽ കൂടുതൽ ഭാരവുമായി വാഹനങ്ങൾ പോകരുതെന്ന് നിയമം ലംഘിച്ചാണ് അതിന്റെ ഇരട്ടിയോളം ഭാരവുമായി ലോറികൾ ചീറിപ്പായുന്നത്. ടിപ്പറുകളുടെ പാച്ചിൽ കാൽനടയാത്രക്കാർക്കും ചെറുവാഹനങ്ങൾക്കും ഭീഷണിയായി.
റോഡരികും തകർന്നതിനാൽ സൈഡ് കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്. ടിപ്പറുകൾ വരുമ്പോൾ ചെറുവാഹനങ്ങൾക്ക് നിർത്തിയിടേണ്ടി വരുന്നു. കൊടുംവളവുകളും കുത്തനെ ചെരിവുമുള്ള റോഡ് സ്വതവേ അപകടഭീഷണി ഉയർത്തുന്നുണ്ട്. ഇതിനു പുറമേയാണ് ടിപ്പറുകളുടെ പാച്ചിലും. അമിത വേഗത്തിൽ വരുന്ന ലോറികളിൽ നിന്ന് കാൽനടയാത്രക്കാർക്ക് ഓടിരക്ഷപ്പെടേണ്ട അവസ്ഥയാണ്.
ഇത്തരത്തിലുള്ള അപകടഭീഷണി മൂലം കുട്ടികളെ ഒറ്റയ്ക്ക് സ്കൂളിൽ വിടാൻ രക്ഷിതാക്കൾ ഭയക്കുകയാണ്. ജില്ലാ പഞ്ചായത്ത്, എംഎൽഎ, എംപി, പഞ്ചായത്ത് എന്നിവയുടെ ഫണ്ടുകൾ ചേർത്ത് 51 ലക്ഷം രൂപ ചെലവഴിച്ചാണ് ടാറിങ്ങും റീടാറിങ്ങും നടത്തിയത്. വെള്ളാട്-തേർമല- മാവുംചാൽ റോഡിലൂടെ അമിത ഭാരം കയറ്റിയുള്ള ടിപ്പറുകളുടെ പാച്ചിൽ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം എൻ.സി.സോബി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.