കരിങ്കൽ ചീളുകൾ മുറ്റത്തേക്ക് തെറിച്ചുവീണു; ക്വാറിയിലേക്കുള്ള വഴി ഉപരോധിച്ച് നാട്ടുകാർ

Mail This Article
കോളയാട്∙ആലച്ചേരി കൊളത്തായി പാറക്കുന്നിൽ സ്വകാര്യ വ്യക്തിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ നിന്നു കരിങ്കൽ ചീളുകൾ വീട്ടുമുറ്റത്തേക്ക് തെറിച്ചുവീണതിനെ തുടർന്നു നാട്ടുകാർ ക്വാറിയിലേക്കുള്ള വഴി ഉപരോധിച്ചു. കഴിഞ്ഞ ദിവസം രാവിലെ ക്വാറിയിൽ കല്ല് പൊട്ടിക്കുന്നതിനിടെ പുതുശ്ശേരി വീട്ടിൽ പുതുശ്ശേരി ബാലകൃഷ്ണന്റെ വീട്ടു മുറ്റത്താണ് കല്ല് പതിച്ചത്. ബാലകൃഷ്ണൻ കണ്ണവം പൊലീസിൽ പരാതി നൽകി.
നിരന്തരമായി ക്വാറിയിൽ നിന്നുള്ള ഉഗ്ര സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ സമീപത്തെ വീടുകളുടെ ചുമരിൽ വിള്ളൽ രൂപപ്പെട്ടതായും നാട്ടുകാർ പറഞ്ഞു. നാട്ടുകാർ പരാതിയുമായി എത്തുമ്പോൾ മാത്രം കുറച്ച് ദിവസം സ്ഫോടനം മയപ്പെടുത്തും എന്നാൽ പിന്നീട് വീണ്ടും യാതൊരു നിയന്ത്രണവും ഇല്ലാതെ സ്ഫോടനം നടത്തും. ഏതാനും ദിവസം മുൻപ് ക്വാറിക്ക് സമീപത്ത് നിന്നു തൊഴിലുറപ്പ് തൊഴിലാളികൾ പണി എടുക്കുന്നതിനിടയിൽ മുന്നറിയിപ്പില്ലാതെ സ്ഫോടനം നടത്തിയതായും പരാതിയുണ്ട്.