ADVERTISEMENT

മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവള റൺവേ വികസനത്തിനു സ്ഥലം ഏറ്റെടുക്കുന്ന നടപടി വൈകുന്നതിൽ പ്രതിഷേധിച്ചു ഭൂവുടമകൾ ഇന്ന് രാവിലെ 10.30ന് കെ.കെ.ശൈലജ എംഎൽഎയുടെ ഓഫിസിന് മുന്നിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും. ഭൂമിയേറ്റെടുക്കേണ്ട കുടുംബങ്ങളിലെ സ്ത്രീ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. 3050 മീറ്റർ നീളമുള്ള റൺവേ 4000 മീറ്ററാക്കി നീട്ടുന്നതിനാണ് കീഴല്ലൂർ പഞ്ചായത്തിലെ കാനാട്, കോളിപ്പാലം, നല്ലാണി പ്രദേശങ്ങളിലെ 162 കുടുംബങ്ങളുടെ 245 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ വർഷങ്ങൾ പലത് കഴിഞ്ഞിട്ടും ഇത് വരെ ഭൂമി ഏറ്റെടുത്തില്ല.

ഇതോടെ സ്വന്തം സ്ഥലം കൈമാറ്റം നടത്താനോ കൃഷി ചെയ്യാനോ തകർച്ചയുടെ വക്കിലെത്തിയ വീടുകൾ വാസയോഗ്യമാക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഭൂവുടമകൾ. പ്രദേശത്തുനിന്ന് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്ക് 6 വർഷം കഴിഞ്ഞിട്ടും പുനരധിവാസവും നഷ്ടപരിഹാരവും നൽകിയിട്ടില്ല. ഇന്ന് രാവിലെ പൊലീസ് സ്റ്റേഷനു സമീപത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് എംഎൽഎയുടെ മട്ടന്നൂർ ബസ് സ്റ്റാൻഡിന് പിറകിലെ ഓഫിസിന് മുന്നിൽ സമാപിക്കും.

തുടർന്ന് ധർണ നടക്കും. അടിയന്തരമായി ഭൂമി ഏറ്റെടുക്കുക, പുനരധിവാസം ഉറപ്പാക്കുക, ഭൂമി വില നിർണയത്തിലെ അപാകതകൾ പരിഹരിക്കുക,വീട് നഷ്ടപ്പെട്ടവർക്ക് വാടക കുടിശിക അനുവദിക്കുക എന്നീ ആവശ്യങ്ങൾ‌ ഉന്നയിച്ചാണ് പ്രക്ഷോഭം നടത്തുന്നത്. അതേസമയം, കഴിഞ്ഞ ദിവസം കെ.കെ.ശൈലജ എംഎൽഎ പ്രശ്‌നം നിയമസഭയിൽ ഉന്നയിച്ചിരുന്നു. ആവശ്യമായ 99.32 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നാണു മുഖ്യമന്ത്രി മറുപടി നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com