പൊറത്തൊടി അങ്കണവാടിയിൽ എത്താനും എത്തിയാലും ദുരിതം
Mail This Article
ചപ്പാരപ്പടവ്∙ പഞ്ചായത്തിലെ ഏക എസ്ടി അങ്കണവാടി പരാധീനതകളുടെ നടുവിൽ. മംഗര വാർഡിലെ പൊറത്തൊടി അങ്കണവാടിക്കാണ് ഈ ദുർഗതി. ഇവിടേക്ക് റോഡില്ലെന്ന് മാത്രമല്ല കുട്ടികൾക്കു നടന്നുപോകാനുള്ള സൗകര്യപ്രദമായ വഴി പോലുമില്ല. ടാർ റോഡിൽ നിന്ന് നൂറോളം മീറ്റർ ദൂരം കല്ലും മുള്ളും താണ്ടി വേണം അങ്കണവാടിയിൽ എത്താൻ. രക്ഷിതാക്കൾക്ക് കൈപിടിച്ചു കൊണ്ടുപോകാൻ പോലും പറ്റാത്ത അവസ്ഥയാണ്. വർഷങ്ങളോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച അങ്കണവാടിക്ക് സൗജന്യമായി സ്ഥലം ലഭിച്ചപ്പോൾ റോഡ് സൗകര്യം നോക്കിയില്ല.
2015 ൽ നിർമിച്ച അങ്കണവാടി കെട്ടിടത്തിൽ നാളിതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. പെയിന്റ് പോലും പിന്നീട് അടിച്ചില്ല. ചുമരും മുകൾഭാഗവും കറ പുരണ്ട അവസ്ഥയിലാണ്. നിർമാണം കഴിഞ്ഞ് എട്ടു വർഷമായിട്ടും തറയിൽ ടൈൽസ് ഇട്ടിട്ടില്ല. ചുറ്റുമതിൽ പൂർത്തീകരിച്ചിട്ടുമില്ല. മുറ്റം കോൺക്രീറ്റ് ചെയ്യുകയോ ഇന്റർലോക്ക് ഇടുകയോ ചെയ്യാത്തതിനാൽ മഴ പെയ്യുമ്പോൾ ചെളി നിറയുന്നു. ഇഴജന്തുക്കൾക്ക് വസിക്കാവുന്ന അവസ്ഥയിലാണ് മുറ്റം.
പലതവണ ഇഴജന്തുക്കൾ മുറ്റത്ത് കയറിയതായും അങ്കണവാടി ജീവനക്കാർ പറയുന്നു. അതേസമയം ഫണ്ടിന്റെ പരിമിതി ഉണ്ടെന്നും എങ്കിലും കെട്ടിടത്തിന്റെ മുൻഭാഗത്ത് ഗ്രിൽ സ്ഥാപിക്കുകയും മറ്റും ചെയ്തിട്ടുണ്ടെന്ന് പഞ്ചായത്ത് അംഗം പി.പി.വിനീത പറഞ്ഞു.