ADVERTISEMENT

കണ്ണൂർ ∙ കനത്ത മൂടൽമഞ്ഞ്, കുത്തനെയുള്ള കയറ്റവും വെട്ടിത്തിരിഞ്ഞുള്ള വളവുകളും. എപ്പോൾ വേണമെങ്കിലും വാഹനങ്ങൾക്കു മുകളിലേക്കു പതിക്കാൻ തയാറായി കാത്തിരിക്കുന്ന പാറക്കൂട്ടങ്ങൾ, ചെറിയ മഴയിൽപോലും റോഡിലേക്കു കുതിച്ചെത്തുന്ന പടുകൂറ്റൻ മൺകൂനകൾ, ഇടിഞ്ഞിടിഞ്ഞു മെലിഞ്ഞുപോയ റോഡ്, ഒരറ്റത്ത് ആഴത്തിലേക്കു വാ പിളർന്നിരിക്കുന്ന കൊക്ക...

ഒരൊറ്റ വായനയിൽ ഈ റോ‍ഡിലൂടെ സഞ്ചരിക്കുന്നതിലുള്ള ഭയം നമ്മളിലുണ്ടാകുന്നുണ്ടെങ്കിൽ, കഴിഞ്ഞ 20 വർഷമായി ലക്ഷക്കണക്കിനാളുകൾ ഈ റോ‍ഡിലൂടെ സഞ്ചരിച്ചു കഴിഞ്ഞു. ഓരോ മണിക്കൂറിലും നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്നു. റോ‍ഡിന്റെ പേര് കൊട്ടിയൂർ ബോയ്സ് ടൗൺ റോ‍ഡ്, അഥവാ പാൽച്ചുരം.

കൊട്ടിയൂർ – ബോയ്സ് ടൗൺ റോഡരികിൽ സ്ഥാപിച്ച ബോർഡ്. 				ചിത്രം: മനോരമ
കൊട്ടിയൂർ – ബോയ്സ് ടൗൺ റോഡരികിൽ സ്ഥാപിച്ച ബോർഡ്. ചിത്രം: മനോരമ

അമ്പായത്തോട് മുതൽ ബോയ്സ് ടൗൺ വരെ 6 കിലോമീറ്ററിലധികം ദൂരമുള്ള റോഡിൽ 243 വലിയ കുഴികളുണ്ട്. അടുത്ത കാലത്തു പുതുക്കിപ്പണിത 2.9 കിലോമീറ്ററിൽ മാത്രം 35 കുഴികൾ. റോഡിലെ ടാറിങ്ങിന്റെ വശങ്ങൾ വെള്ളം കുത്തിയൊഴുകി തകർന്ന നിലയിലാണ്. മറ്റു വാഹനങ്ങൾക്ക് അരികു നൽകി ഒരു കുഴിയിൽ നിന്ന് കയറുമ്പോഴേക്കും അടുത്ത കുഴിയിൽ വീണിരിക്കും. ചുരത്തിലെ ഭൂരിഭാഗം വളവുകളിലും റോഡ് ഒരു സങ്കൽപം മാത്രമായിരിക്കുന്നു. 

നിർമിച്ചിട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും ഔദ്യോഗിക ഉദ്ഘാടനം നടക്കാത്ത പാൽച്ചുരത്തിൽ അതിനുശേഷം ഇന്നേവരെ പൂർണമായ ടാറിങ് നടത്തിയിട്ടില്ല. പലപ്പോഴായി നടത്തിയ അറ്റകുറ്റപ്പണിയാകട്ടെ അടുത്ത മഴയിൽത്തന്നെ തകർന്നടിയുന്നു. ഉത്തര കേരളത്തെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുമായി ചേർത്തു നിർത്തുന്നതിൽ പാൽച്ചുരത്തിനുള്ള പങ്ക് നിർണായകമാണ്. ജില്ലയിൽനിന്നു വയനാട്ടിലേക്കു കടക്കാനാകുന്ന മറ്റൊരു റോഡ് പേര്യാചുരമാണ്. അതിലേക്ക് എത്തണമെങ്കിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ ചുറ്റിസഞ്ചരിക്കണം.

തലയ്ക്കുമീതെ ആശങ്ക 

കൊട്ടിയൂർ – ബോയ്സ് ടൗൺ റോഡിലെ വളവിൽ രൂപപ്പെട്ട കുഴിയിൽ മഴവെള്ളം കെട്ടിക്കിടക്കുന്നു. റോഡ് നിരപ്പിൽ നിന്ന് ഏകദേശം 35 സെന്റിമീറ്റർ താഴ്ചയുണ്ട് ഈ കുഴിക്ക്.
കൊട്ടിയൂർ – ബോയ്സ് ടൗൺ റോഡിലെ വളവിൽ രൂപപ്പെട്ട കുഴിയിൽ മഴവെള്ളം കെട്ടിക്കിടക്കുന്നു. റോഡ് നിരപ്പിൽ നിന്ന് ഏകദേശം 35 സെന്റിമീറ്റർ താഴ്ചയുണ്ട് ഈ കുഴിക്ക്.

ബാവലിപ്പുഴയുടെ ആരംഭമായ ചെകുത്താൻ തോടിനരികിൽ നിന്നാണു കണ്ണൂരിലേക്കുള്ള റോഡിന്റെ പ്രവേശനം. കുത്തനെയുള്ള ഇറക്കത്തിലെ വളവുകളിൽ ഒരു ബോർഡ് കാണാം, ‘മുകളിൽ നിന്നു കല്ലുപതിക്കും സൂക്ഷിക്കുക’. ആ ബോർഡ് വായിക്കുന്നതിനേക്കാൾ വേഗത്തിൽ കല്ല് താഴേക്കെത്തും. ഇവിടെയാണു കനത്ത മഴയത്തു മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്.

ഓരോ മഴക്കാലത്തും റോഡോ അരികിലെ മൺതിട്ടയോ ഇടിഞ്ഞുപോരും. അങ്ങനെ പലവട്ടം ഇടിഞ്ഞ ഭാഗങ്ങളുണ്ട്. ആ വശം പിന്നീടു പുനഃസ്ഥാപിക്കാറില്ല. പകരം, വണ്ടികൾ താഴേക്കു പോകാതിരിക്കാൻ ഒരു വേലി സ്ഥാപിക്കും. സ്വതവേ വീതിയില്ലാത്ത റോ‍ഡിന‌ു വീണ്ടും വീതികുറയും. ,

റോഡ് വിണ്ടു കീറിയ നിലയിൽ.
റോഡ് വിണ്ടു കീറിയ നിലയിൽ.

തകർച്ചയ്ക്ക് കാരണം?

റോഡിൽ ഓവുചാൽ സംവിധാനം പേരിനുപോലും ഇല്ലാത്തതാണു തകർച്ചയ്ക്കു കാരണമായി നാട്ടുകാരും ആക്‌ഷൻ കൗൺസിലും ചൂണ്ടിക്കാണിക്കുന്നത്. ഓവുചാലില്ലാത്തതിനാൽ വെള്ളം തുടർച്ചയായി ഒഴുകി റോഡിന്റെ ഉപരിതല ഘടന തന്നെ മാറ്റപ്പെട്ടു. നവീകരണ പ്രവർത്തനം നടത്തി അധികം കഴിയുംമുൻപേ ചിലയിടത്ത് റോഡുതന്നെ  ഒലിച്ചുപോയി.

ഭാരവാഹനങ്ങൾ വിലക്കാൻ ആരുണ്ട്?

15 ടണ്ണിൽ കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങൾ ചുരം റോഡിലൂടെ ഓടുന്നതിനു വിലക്കുണ്ട്. എന്നാൽ പെട്ടെന്നു വയനാട്ടിലേക്കെത്താം എന്നതിനാൽ ചുരം റോഡിൽ ഇതൊന്നു പാലിക്കപ്പെടുന്നില്ല. അമിതഭാരം കയറ്റി വരുന്ന വലിയ വാഹനങ്ങൾ കാരണം പാൽച്ചുരം റോഡിൽ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കും പതിവ്.

 കൊട്ടിയൂർ – ബോയ്സ് ടൗൺ റോഡിനു സമീപത്തെ കുന്ന്. മുകളിൽ നിന്നു കല്ല് വീഴാൻ സാധ്യതയുണ്ടെന്ന ബോർഡ് റോഡരികിൽ സ്ഥാപിച്ചിട്ടുണ്ട്.
കൊട്ടിയൂർ – ബോയ്സ് ടൗൺ റോഡിനു സമീപത്തെ കുന്ന്. മുകളിൽ നിന്നു കല്ല് വീഴാൻ സാധ്യതയുണ്ടെന്ന ബോർഡ് റോഡരികിൽ സ്ഥാപിച്ചിട്ടുണ്ട്.

എന്നുവരും വികസനം? 

മലയോര ഹൈവേയുടെ പ്ലാനിൽ പാൽച്ചുരം ഉൾപ്പെട്ടതാണ്. അതിന് 12 മീറ്റർ വീതിയെങ്കിലും വേണ്ടിവരും. ഭൂമിയുടെ അതിരു തിരിച്ചു കുറ്റി നാട്ടിയെങ്കിലും 4 മുതൽ 5 മീറ്റർ വരെ വീതിയുള്ള നിലവിലെ റോഡ് പോലും ഇടിഞ്ഞ് ഇല്ലാതായിരിക്കുന്നു. മലയോര ഹൈവേയുടെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. പാൽച്ചുരത്തിന്റെ സമഗ്രപുനർനിർമാണം ആവശ്യമാണെങ്കിലും നിലവിലെ കുഴികൾ അടിയന്തര പ്രാധാന്യത്തോടെ അടയ്ക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. 

English Summary: Kottiyoor Boys Town Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT