സനീദിന് ഇതാണ് ലഹരി: ഒറ്റച്ചക്രത്തിൽ കേരളം ചുറ്റും

Mail This Article
കണ്ണൂർ∙ ഒറ്റച്ചക്രത്തിൽ സനീദ് യാത്ര ചെയ്യുമ്പോൾ കൗതുകത്തോടെ പലരും അടുത്തേക്കെത്തും. ‘എന്തുപറ്റിയതാ’, ‘സൈക്കിൾ കേടായിപ്പോയോ’, ‘ഒരു ചക്രം എവിടെ’ തുടങ്ങിയ സ്നേഹാന്വേഷണങ്ങളോടെയായിരിക്കും പലരും എത്തുക. പക്ഷേ, ചിരിച്ചുകൊണ്ട് സനീദ് പറയും–‘ഇത് ലഹരിക്കെതിരെയുള്ള വേറിട്ട ബോധവൽക്കരണം’.
ശ്രീകണ്ഠാപുരം പരിപ്പായി സ്വദേശി സനീദാണ് ലഹരിക്കും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കുമെതിരെ ബോധവൽക്കരണവുമായി സൈക്കിൾ യാത്ര നടത്തുന്നത്. സുഹൃത്തുക്കളായ ആലക്കോട് കരുവഞ്ചാൽ സ്വദേശി കെ.കെ.സിദ്ദീഖ്, ഉളിക്കൽ സ്വദേശി കെ.ആർ.റസൽ തുടങ്ങിയവർക്കൊപ്പം ഒരു മാസം കൊണ്ട് കേരളം മുഴുവൻ സഞ്ചരിക്കുകയാണു ലക്ഷ്യം.23ന് കാസർകോട് വച്ചായിരുന്നു തുടക്കം. പ്രതിദിനം നാൽപതിലധികം കിലോമീറ്ററുകൾ സഞ്ചരിക്കും.
പുലർച്ചെ ആരംഭിക്കുന്ന യാത്ര രാത്രി ഏഴോടെ അവസാനിക്കും. പിന്നെ, ടെന്റ് കെട്ടിയാണു താമസം. ഭക്ഷണവും പാകം ചെയ്യും. സ്വന്തം സമ്പാദ്യത്തിലെ ഒരു ഭാഗം ചെലവഴിച്ചാണു യാത്ര.പുതിയപുരയിൽ വീട്ടിൽ മുഹമ്മദിന്റെയും സുബൈദയുടെയും ആറു മക്കളിൽ നാലാമനാണു സനീദ്.
സഹോദരങ്ങളായ സവാദും സജാദും സ്റ്റണ്ട് റൈഡർമാരാണ്. അവരിൽ നിന്നാണ് സനീദും സ്റ്റണ്ട് റൈഡിങ് പഠിക്കുന്നത്.തല്ലുമാല എന്ന സിനിമയിൽ കല്യാണി പ്രിയദർശൻ അവതരിപ്പിച്ച ‘ബീപ്പാത്തു’ എന്ന കഥാപാത്രത്തിനു വേണ്ടി ഡ്യൂപ്പായി അഭിനയിച്ചിരുന്നു. സിവിൽ എൻജിനീയറിങ് കഴിഞ്ഞ സനീദിന്റെ സ്വപ്നവും സ്റ്റണ്ട് റൈഡിങ്ങും സ്വന്തമായൊരു സ്റ്റണ്ട് സ്കൂളുമാണ്.