വിഷ്ണുപ്രിയ കൊലക്കേസ്; തൊണ്ടിമുതലായ ബൈക്ക് ഒന്നാം നിലയിലെ കോടതിമുറിയിലെത്തിച്ച് വിചാരണ

Mail This Article
തലശ്ശേരി ∙ കൊലപാതകക്കേസിലെ തൊണ്ടിമുതലായ മോട്ടർ ബൈക്ക് കോടതി മുറിയിലെത്തിച്ച് വിചാരണ. പാനൂർ വള്ള്യായിലെ കണ്ണച്ചാൻകണ്ടി വീട്ടിൽ വിനോദന്റെ മകൾ വിഷ്‌ണുപ്രിയയെ(23) കുത്തി കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണയ്ക്കായാണ് ഇന്നലെ രാവിലെ അഡിഷനൽ സെഷൻസ് കോടതി(ഒന്ന്) മുറിയിൽ ബൈക്ക് എത്തിച്ചത്. പബ്ലിക് പ്രോസിക്യുട്ടർ കെ.അജിത് കുമാറിന്റെ അപേക്ഷയെ തുടർന്നു ജഡ്ജി എ.വി.മൃദുല ബൈക്ക് കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടിരുന്നു.
പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ചേർന്നാണ് ഒന്നാം നിലയിലെ കോടതി മുറിയിൽ ബൈക്ക് എത്തിച്ചത്. തങ്ങൾ ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോൾ അതുവഴി അമിത വേഗത്തിൽ ഓടിച്ചു പോയ അപ്പാച്ചി ബൈക്ക് തന്നെയാണ് ഈ ബൈക്ക് എന്നു പ്രദേശവാസിയായ സാക്ഷി ശ്രെയസ് തിരിച്ചറിഞ്ഞു. പ്രണയം നിരസിച്ചതിലുള്ള വിരോധം കാരണം വിഷ്ണുപ്രിയയെ സുഹൃത്ത് മാനന്തേരിയിലെ എ.ശ്യാംജിത് വീട്ടിൽ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്തിയെന്നാണു കേസ്. 2022 ഒക്ടോബർ 22 നാണു സംഭവം. വിചാരണ ഇന്നും തുടരും. ഇന്ന് വിഷ്ണുപ്രിയയുടെ സഹോദരി വിസ്മയയെ വിസ്തരിക്കും.
English Summary: Vishnu Priya murder case