കരിവെള്ളൂരിൽ അപകടം പതിവ്

Mail This Article
കരിവെള്ളൂർ∙ ദേശീയപാതയിൽ കരിവെള്ളൂരിൽ അപകടം പതിവാകുന്നു. ദേശീയപാതാവികസന പ്രവൃത്തികൾ ആരംഭിച്ചതോടെ സർവീസ് റോഡുകൾ ഒരുക്കിയിട്ടുണ്ട്. ഈ സർവീസ് റോഡിൽ കൂടിയാണ് വാഹനങ്ങൾ പോകുന്നത്. രാത്രി കാലങ്ങളിൽ സർവീസ് റോഡുകൾ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്തത് അപകടത്തിനു കാരണമാകുന്നു. സർവീസ് റോഡിന് ആവശ്യമായ വീതി ഒരുക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കുട്ടികളും മുതിർന്നവരുമടക്കമുള്ളവർ ജീവൻ മുറുകെ പിടിച്ചാണ് സർവീസ് റോഡിലൂടെ നടന്നു നീങ്ങുന്നത്. വാഹനങ്ങൾ വരുമ്പോൾ പലയിടങ്ങളിലും മാറി നിൽക്കാനുള്ള സൗകര്യവും ഇല്ല. ബസുകൾ യാത്രക്കാരെ കയറ്റാൻ നിർത്തിയാൽ മറ്റ് വാഹനങ്ങൾക്ക് മറികടക്കാൻ പ്രയാസമാണ്. കഴിഞ്ഞ ദിവസം രാത്രി പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഓണക്കുന്ന് സർവീസ് റോഡിൽ അപകടത്തിൽപ്പെട്ടിരുന്നു.
റോഡിനോട് ചേർന്ന് സ്ഥാപിച്ച കോൺക്രീറ്റ് ഭിത്തിയിലാണ് കാർ ഇടിച്ചത്. രാത്രി സമയത്ത് കോൺക്രീറ്റ് ഭിത്തികളും ഹംപുകളും വാഹനയാത്രികരുടെ ശ്രദ്ധയിൽപ്പെടാറില്ല. ഇത് അപകടം പതിവാകാൻ വഴിയൊരുക്കുന്നു. അപകടങ്ങൾ ഒഴിവാക്കാനുള്ള തിരിച്ചറിയൽ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.