ADVERTISEMENT

കണ്ണൂർ ∙ ജില്ലയിലെ ദേശീയപാത വികസന പ്രവൃത്തികൾ സുഗമമായി നടത്താനുള്ള അവസാനത്തെ തടസ്സവും നീങ്ങി. ചാലക്കുന്നിൽ റെയിൽവേയുടെ സ്ഥലത്തു ദേശീയപാതയുടെ നിർമാണം നടത്താൻ റെയിൽവേ ദേശീയപാത അതോറിറ്റിക്ക് അനുമതി നൽകി. സ്ഥലത്തു കാടു വെട്ടിത്തെളിച്ചു മണ്ണ് നിരപ്പാക്കുന്ന ജോലികൾ തുടങ്ങി. ആറുവരി ദേശീയപാതാ നിർമാണത്തിനു വേണ്ടി ജില്ലയിൽ ചാലക്കുന്നിലെ റെയിൽവേയുടെ സ്ഥലം മാത്രമാണു ദേശീയപാത അതോറിറ്റിക്കു ലഭിക്കാനുണ്ടായിരുന്നത്.

ബാക്കിയെല്ലാം സ്ഥലങ്ങളിലും ദേശീയപാതാ നിർമാണം തുടങ്ങിയിട്ട് ഒരു വർഷമായെങ്കിലും ചാലക്കുന്നിൽ മാത്രം ഇതുവരെ പ്രവൃത്തി തുടങ്ങിയിരുന്നില്ല. സ്ഥലം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ടു റെയിൽവേ അനുകൂല നിലപാട് എടുക്കാത്തതിനെതുടർന്നു കേന്ദ്ര ഗതാഗത വകുപ്പ് റെയിൽവേ പാലക്കാട് ഡിവിഷനുമായി ചർച്ച നടത്തിയെന്നും റോഡ് നിർമാണത്തിന് അനുമതി നൽകിയെന്നുമാണ് അറിയുന്നത്.

നായനാർ സർക്കാരിന്റെ കാലത്തു താഴെചൊവ്വ–ചാല–നടാൽ ബൈപാസ് നിർമിക്കുമ്പോൾ ചാലക്കുന്നിലെ സ്ഥലം വിട്ടു നൽകണമെന്നു റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. അന്നു ബൈപാസ് നിർമാണത്തോടൊപ്പം ചാലക്കുന്നിന്റെ ചാല ഭാഗത്തെ ഇറക്കത്തോടു കൂടിയ വളവ് നേരെയാക്കാൻ ആലോചിച്ചിരുന്നു. സ്ഥലം ലഭിക്കാത്തതിനാൽ ചാലക്കുന്നിലെ റെയിൽവേ സ്ഥലം ഒഴിച്ചിട്ടാണു ബൈപാസ് നിർമിച്ചത്. ചാലക്കുന്ന് മുത്തപ്പൻക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിലൂടെയാണ് ആറുവരി ദേശീയപാതയുടെ അലൈൻമെന്റ്.

റെയിൽവേ നൽകിയ സ്ഥലത്താണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേശീയപാത വികസന പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ ക്ഷേത്രഭാരവാഹികൾ ക്ഷേത്രം സംരക്ഷിക്കാനുള്ള നടപടികൾ വേണമെന്നാവശ്യപ്പെട്ടു ദേശീയപാത അധികൃതർക്കടക്കം നിവേദനം നൽകിയിരുന്നു. അഥവാ റോഡ് നിർമാണത്തിനായി ക്ഷേത്രം മാറ്റേണ്ടിവരികയാണെങ്കിൽ ചാലക്കുന്നിൽ തന്നെയുള്ള റെയിൽവേയുടെ മറ്റേതെങ്കിലും സ്ഥലത്തു ക്ഷേത്രം പുനർനിർമിക്കാൻ അനുവദിക്കണമെന്നു റെയിൽവേ അധികൃതരോടും ആവശ്യപ്പെട്ടിരുന്നു.

ക്ഷേത്രവുമായി ബന്ധപ്പെട്ട കെട്ടിട, ഭൂരേഖകളുമായി കണ്ണൂർ കലക്ടറേറ്റിലെ ദേശീയപാതാ വികസനം സ്ഥലമേറ്റെടുപ്പ് ഓഫിസിൽ ഹാജരാകാൻ അറിയിപ്പ് ലഭിച്ചതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. തങ്ങൾ വികസനത്തിന് എതിരല്ല. ക്ഷേത്രം നിലനിർത്തുകയോ  പുനർനിർമിക്കാനുള്ള സ്ഥലം നൽകുകയോ വേണമെന്നാണ് ആവശ്യമെന്നു ഭാരവാഹികൾ പറഞ്ഞു.

അപകട ഭീഷണി ഒഴിയുന്നു
സംസ്ഥാനപാതയിൽ ചാലക്കുന്നിന്റെ ചാല ഭാഗത്തെ വളവോടു കൂടിയ ഇറക്കം ഏറ്റവുമധികം വാഹനാപകടങ്ങൾ നടക്കുന്ന സ്ഥലങ്ങളിലൊന്നാണ്. ഇറക്കത്തോടു കൂടിയ റോഡിന്റെ തെക്ക് ഭാഗത്തു റെയിൽപാളം കടന്നുപോകുന്ന വലിയ ഗർത്തമായതിനാൽ അപകടഭീഷണി ഏറെയാണ്. ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ ഇറക്കത്തോടു കൂടിയ ഈ വളവ് നേരെയാകും.

ആശങ്കയ്ക്ക് വിരാമം
ദേശീയപാത നിർമാണത്തിനു ചാലക്കുന്നിലെ സ്ഥലം റെയിൽവേ വിട്ടുകൊടുക്കില്ലെന്നും അതിനാൽ അലൈൻമെന്റ് സമീപത്തു തന്നെയുള്ള ചാല കോളനിയിലൂടെ മാറ്റുമെന്നും സ്ഥിരീകരണമില്ലാത്ത പ്രചരണങ്ങളുണ്ടായിരുന്നു. ഇതിനെ തുടർന്ന് ചാലക്കുന്ന് കോളനിയും പരിസരവും ആശങ്കയിലായിരുന്നു. ചാലക്കുന്നിൽ റെയിൽവേയുടെ സ്ഥലത്തു ദേശീയപാതാ നിർമാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയതോടെ ജനത്തിന്റെ ഈ ആശങ്കയ്ക്കു വിരാമമായി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT