6 വർഷമായിട്ടും നവീകരണം പൂർത്തിയായില്ല; കുടിയാൻമല റോഡിൽ അപകടം പതിവായി
Mail This Article
കുടിയാൻമല∙ ആറു വർഷമായിട്ടും നവീകരണം പൂർത്തിയാകാത്ത ഒടുവള്ളി-കുടിയാൻമല റോഡിൽ അപകടങ്ങൾ പെരുകുന്നു. ഇന്നലെ കൊക്കോമുള്ളിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിൽ ഇടിച്ച് അപകടം ഉണ്ടായി. ഭാഗ്യംകൊണ്ട് യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. റോഡിന്റെ ഒടുവള്ളി ചുണ്ടക്കുന്ന് ഭാഗത്തും കുടിയാൻമല മഠം കവല എന്നിവിടങ്ങളിലും അപകടങ്ങൾ പതിവാണ്.
മഠം കവലയിൽ ഒരു കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ട സംഭവമുണ്ടായി. മുന്നറിയിപ്പു ബോർഡുകളും ദിശാ സൂചികളും റിഫ്ലക്ടറുകളും സ്ഥാപിക്കാത്തതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. റോഡ് നിർമാണത്തിന്റെ അലൈൻമെന്റിലുള്ള അപാകതയും കാരണമാണത്രെ. കൊടുംവളവുകളും കുത്തനെ ചെരിവുകളും ഏറെയുള്ള റോഡാണിത്.
റോഡ് 18 കിലോമീറ്റർ ഉണ്ടെങ്കിലും മലയോര ഹൈവേയുടെ ഭാഗമായ 7 കിലോമീറ്റർ ഒഴിവാക്കിയാണ് കരാർ നൽകിയത്. 28 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. പൂർത്തിയായ മലയോര ഹൈവേയുടെ ഭാഗമാണ് നിലവിൽ അപകടഭീഷണിയില്ലാത്തത്. ശേഷിച്ച 11 കിലോമീറ്റർ വർഷങ്ങളെടുത്ത് ടാറിങ് പൂർത്തിയായെങ്കിലും റോഡരിക് കോൺക്രീറ്റ് ചെയ്യുകയോ അപകടഭീഷണിയുള്ള വളവുകളിൽ ക്രാഷ് ബാരിയർ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല.
റോഡിൽ റിഫ്ലക്ടറും സ്ഥാപിച്ചിട്ടില്ല. റോഡിന്റെ തുടക്കത്തിൽ 800 മീറ്റർ ഭാഗത്ത് ഓവുചാലും നിർമിച്ചിട്ടില്ല. കുടിയാൻമല ടൗണിൽ റോഡരിക് കോൺക്രീറ്റ് ചെയ്യാത്തതിനാൽ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇവിടെ മഴക്കാലത്ത് ചെളിവെള്ളം കെട്ടിക്കിടക്കുന്നു. യാത്രക്കാർക്കും വ്യാപാരികൾക്കും ഇത് ദുരിതം സൃഷ്ടിക്കുന്നു. റോഡ് എത്രയുംവേഗം പൂർത്തീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.