ചന്ദന മോഷണം വ്യാപകം
Mail This Article
പരിയാരം∙ ചന്ദനമരങ്ങൾ മുറിച്ചു കടത്തുന്ന സംഘം വ്യാപകം. മിച്ച ഭൂമി, വീട്ടു പറമ്പ് എന്നിവിടങ്ങളിലെ ചന്ദനമരങ്ങളും മോഷ്ടാക്കൾ മുറിച്ചു കടത്തുന്നത്. കടന്നപ്പള്ളി–പാണപ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശത്തു നിന്നും ഒട്ടേറെ ചന്ദനമരങ്ങളാണ് അടുത്ത കാലത്തായി മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാത്രി കടന്നപ്പള്ളി ചെറുവിച്ചേരിയിൽ നിന്നും രണ്ട് വലിയ ചന്ദന മരങ്ങൾ മോഷ്ടാക്കൾ മുറിച്ച് കടത്തി. ചെറുവിച്ചേരി സ്വദേശി പി.കെ.കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് ചന്ദന മരങ്ങൾ മോഷണം പോയത്. ഇന്നലെ പുലർച്ചെ റബർ മരം ടാപ്പിങ് നടത്തുന്ന തൊഴിലാളികളാണ് ചന്ദനം മരം മുറിച്ചു കടത്തിയത് കണ്ടത്.
പരിയാരം പൊലീസിൽ പരാതി നൽകി. കഴിഞ്ഞ മാസം പാണപ്പുഴ ഭാഗത്ത് മൂന്ന് ചാക്കുകളിലായി ചന്ദന മുട്ടി കാട്ടിൽ ഒളിപ്പിച്ചു വച്ച നിലയിൽ വനം വകുപ്പ് അധികൃതർ കണ്ടെത്തിയിരുന്നു. സർക്കാർ ഭൂമിയിൽ നിന്നും വ്യാപകമായി ചന്ദന മരം മുറിച്ചു കടത്തുന്ന സംഘം ഇവിടെ തമ്പടിക്കുന്നതായി നാട്ടുകാർ പറയുന്നു.