ADVERTISEMENT

കണ്ണൂർ ∙ സർവകലാശാലയ്ക്കു കീഴിലെ ക്യാംപസുകളിൽ നടന്ന വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ആധിപത്യം തുടർന്ന് എസ്എഫ്ഐ. സംഘടനാടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ്‌ നടന്ന 73 കോളജുകളിൽ 55ലും വൻ ഭൂരിപക്ഷത്തോടെ ജയിച്ചതായി എസ്എഫ്ഐ അവകാശപ്പെട്ടു. കണ്ണൂർ ജില്ലയിൽ 48 കോളജുകളിൽ 39ഉം കാസർകോട്‌ 20ൽ 13ഉം വയനാട്ടിൽ അഞ്ചിൽ മൂന്നും നേടി. കണ്ണൂരിൽ 20 കോളജുകളിലും കാസർകോട്ട് ആറെണ്ണത്തിലും വയനാട്ടിൽ ഒരു കോളജിലും മുഴുവൻ സീറ്റുകളിലും എസ്‌എഫ്‌ഐ എതിരില്ലാതെ ജയിച്ചിരുന്നു. യുയുസിമാരുടെ എണ്ണത്തിലും വൻ കുതിപ്പു നടത്തിയതായി അവർ അവകാശപ്പെട്ടു.

കണ്ണൂരിൽ 53, കാസർകോട്‌ 15, വയനാട്‌ 4 എന്നിങ്ങനെയാണ് എസ്എഫ്ഐ നൽകുന്ന യുയുസിമാരുടെ എണ്ണം. തലശേരി ഗവ. ബ്രണ്ണൻ കോളേജ്‌, പയ്യന്നൂർ കോളജ്‌, കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ്‌ ക്യാമ്പസ്‌, പെരിങ്ങോം ഗവ. കോളജ്‌, മട്ടന്നൂർ പഴശ്ശിരാജ കോളജ്‌, പാലയാട്‌ ക്യാംപസ്, കൃഷ്‌ണമേനോൻ സ്‌മാരക ഗവ. വനിതാ കോളജ്‌, എസ്എൻ കോളജ്, എന്നിവിടങ്ങളിൽ വൻ ഭൂരിപക്ഷം നേടിയതായും എസ്എഫ്ഐ പറഞ്ഞു. കൂത്തുപറമ്പ്‌ നിർമലഗിരി കോളജും അങ്ങാടിക്കടവ്‌ ഡോൺ ബോസ്‌കോ കോളജും പിടിച്ചെടുത്തതായും ചെണ്ടയാട്‌ എംജി കോളജിൽ 14ൽ 12 സീറ്റും നേടിയെന്നും എസ്‌എഫ്‌ഐ അവകാശപ്പെട്ടു.

അതേസമയം, ജില്ലയിൽ ഉജ്വല മുന്നേറ്റം നടത്തിയതായി കെഎസ്‌യു അവകാശപ്പെട്ടു. പ്രധാന കോളജുകൾ നിലനിർത്തിയതിനൊപ്പം മാടായി കോളജും ദേവമാതാ കോളജും തിരിച്ചുപിടിച്ചെടുത്തു. ഇരിട്ടി എംജി, എടത്തൊട്ടി ഡി പോൾ, നവജ്യോതി, ആലക്കോട് മേരിമാതാ തുടങ്ങിയ കോളജുകളിൽ ഭരണം നിലനിർത്തി. വർഷങ്ങൾക്ക് ശേഷം കണ്ണൂർ വനിതാ കോളജിൽ ചെയർപേഴ്സൻ സ്ഥാനം കെഎസ്‌യുവിനാണ്. ഡോൺ ബോസ്‌കോ കോളജിൽ ചെയർമാൻ, വൈസ് ചെയർമാൻ,

യുയുസി സീറ്റുകൾ ഉൾപ്പെടെ പ്രധാന സീറ്റുകളും മട്ടന്നൂർ പഴശ്ശിരാജ കോളജിൽ 3 മേജർ സീറ്റുകളും നേടിയതായും കെഎസ്‌യു അവകാശപ്പെട്ടു. ഒറ്റയ്ക്കും കെഎസ്‌യുവിനൊപ്പം മുന്നണിയായും മത്സരിച്ച ക്യാംപസുകളിലെല്ലാം മുന്നേറ്റമുണ്ടാക്കിയതായി എംഎസ്എഎഫും അവകാശപ്പെട്ടു. സർ സയ്യിദ് കോളജ്, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്, എൻഐഎ കടവത്തൂർ, എൻഎഎം കോളജ് തുടങ്ങിയ ക്യാംപസുകളിൽ മുഴുവൻ സീറ്റുകളും നേടിയതായി എംഎസ്എഫ് അറിയിച്ചു. 

ആക്രമണത്തിൽ കെഎസ്‌യു നേതാക്കൾക്ക് പരുക്ക്

കണ്ണൂർ ∙ കണ്ണൂർ കൃഷ്ണമേനോൻ കോളജിലും കൂത്തുപറമ്പ് നിർമലഗിരി കോളജിലും മട്ടന്നൂർ പഴശ്ശിരാജ കോളജിലും സംഘർഷമുണ്ടായി. നിർമലഗിരി കോളജിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി.അതുലിനെയും സംസ്ഥാന കമ്മിറ്റി അംഗം ആദർശ് മാങ്ങാട്ടിടത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃഷ്ണമേനോൻ വനിതാ കോളജിൽ ആഹ്ലാദപ്രകടനത്തിനിടെ എംഎസ്എഫ് ഭാരവാഹി സുഹാനയെ എസ്എഫ്ഐ പ്രവർത്തകൻ മർദിച്ചു.

പഴശ്ശിരാജ എൻഎസ്എസ് കോളജിലുണ്ടായ അക്രമത്തിൽ യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഫർസീൻ മജീദിന് പരുക്കേറ്റു. സുഹാനയെ മർദിച്ചയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു– എംഎസ്എഫ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. തുടർന്ന് എംഎസ്എഫ് പ്രവർത്തകർ ടൗൺ പൊലീസ് സ്റ്റേഷനും ഉപരോധിച്ചു. കേസെടുക്കാമെന്നു പൊലീസ് സമ്മതിച്ച ശേഷമാണ് ഉപരോധം അവസാനിച്ചത്.

നിർമലഗിരി കോളജിൽ, ക്യാംപസിനു പുറത്തുള്ള എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘം കെഎസ്‌യു നേതാക്കളെയും പ്രവർത്തകരെയും ആക്രമിക്കുകയായിരുന്നെന്ന് കെഎസ്‌യു ആരോപിച്ചു. പുറത്തുനിന്നുള്ള സിപിഎം പ്രവർത്തകർ സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നുവെന്നു ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജും ആരോപിച്ചു.

അക്രമത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസ് പറഞ്ഞു. എസ്എഫ്ഐ ക്രിമിനൽ സംഘമായി അധഃപതിച്ചതായി കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി.അതുൽ ആരോപിച്ചു, വനിതാ കോളജിലെ കാടത്തം എസ്എഫ്ഐ അവസാനിപ്പിക്കണമെന്ന് എംഎസ്എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com