മാലിന്യം തള്ളലിന് പിടിവീണു; പൊതുസ്ഥലത്ത് മാലിന്യം തള്ളിയ സ്ഥാപനങ്ങൾക്കെതിരെ നടപടി
Mail This Article
കൂത്തുപറമ്പ് ∙ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നഗരസഭയുടെ നടപടി. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ രാത്രികാല പരിശോധനയിലാണ് പൊതുസ്ഥലത്ത് മാലിന്യം തള്ളിയ 4 സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തിയത്. സ്റ്റേഡിയം റോഡരികിലാണ് ഇരുട്ടിന്റെ മറവിൽ മാലിന്യം തള്ളിയത്. നഗരത്തിലെ ഫിറ്റ് മി ഫാൻസി, മലബാർ മൊബൈൽ ആക്സസറീസ്, മലബാർ ലോട്ടറി ഏജൻസീസ്, ഗാലക്സി ടെക്സ്റ്റൈൽ എന്നീ സ്ഥാപനങ്ങൾക്കാണ് പിഴ ചുമത്തി നോട്ടിസ് നൽകിയത്. പിഴ അടച്ചില്ലെങ്കിൽ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
ഹരിത കർമ സേനയ്ക്ക് അജൈവ മാലിന്യങ്ങൾ കൈമാറാതെ പൊതു ഇടങ്ങളിലും മറ്റും മാലിന്യം തള്ളുന്ന പ്രവണത വർധിച്ച് വരികയാണ്. നഗരസഭ ഹെൽത്ത് വിഭാഗം രാത്രികാല പരിശോധന ശക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 15 മുതൽ നാളെ വരെ നഗരസഭയുടെ നേതൃത്വത്തിൽ വിവിധങ്ങളായ ശുചീകരണ ബോധവൽക്കരണ ക്യാംപെയ്നുകൾ നടത്തി വരികയാണ്. ഇതിനിടയിലാണ് ഏതാനും വ്യാപാരികൾ പൊതുസ്ഥലത്ത് മാലിന്യം തള്ളിയത്. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.