മഴക്കെടുതി വീണ്ടും: കനത്തമഴയിൽ പലയിടങ്ങളിലും വെള്ളം കയറി

Mail This Article
അഞ്ചരക്കണ്ടി ∙ മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വീടുകളിലും വെള്ളം കയറി. ശക്തമായി വെള്ളം ഒഴുകിയതു കാരണം താഴെ കാവിന്മൂലയിലെ ശ്രീജിത്തിന്റെ വീട്ടുമതിൽ തകർന്നു. മതിൽ ഇടിഞ്ഞതോടെ കിണറും വീടും സുരക്ഷാഭീഷണിയിലാണ്. താഴെകാവിന്മൂല ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രം, സമീപത്തെ കടകൾ എന്നിവിടങ്ങളിൽ വെള്ളം കയറി. അഞ്ചരക്കണ്ടി ചിറമ്മൽ പീടിക, താഴെകാവിൻമൂല എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസം അനുഭവപ്പെട്ടു. ഊർപ്പള്ളി, പടുവിലായി, ചാമ്പാട്, മാമ്പ, തട്ടാരിപ്പാലം ഭാഗങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. കീഴല്ലൂർ ഡാമിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.

ശക്തമായ കാറ്റിൽ മരം കടപുഴകി
കണ്ണൂർ∙ ശക്തമായ കാറ്റിൽ കൂറ്റൻമരം കടപുഴകി വീണു വൈദ്യുത ലൈൻ തകർന്നു. പയ്യാമ്പലം പാർക്കിന് സമീപം ഇന്നലെ വൈകിട്ട് 4.45 ഓടെയാണ് തണൽ മരം കടപുഴകി വീണത്. ആളപായമില്ല. കെഎസ്ഇബി ജീവനക്കാരെത്തി നടപടി സ്വീകരിച്ചു. മരം വീണതിനെ തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.