‘നാളികേരത്തിനു 60 രൂപ തറവില പ്രഖ്യാപിക്കണം’

Mail This Article
ഇരിട്ടി∙ നാളികേരത്തിന്റെ വിലയിടിവ് മൂലം ദുരിതം അനുഭവിക്കുന്ന കർഷകരുടെ രക്ഷയ്ക്ക് കുറഞ്ഞതു 60 രൂപ താങ്ങുവില പ്രഖ്യാപിച്ച് വില സ്ഥിരത ഉറപ്പുവരുത്തണമെന്ന് ഇരിട്ടി കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി (ഐകോക്ക്) വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഇപ്പോൾ നടക്കുന്ന നാളികേര സംഭരണത്തിന്റെ ഗുണം യഥാർഥ കർഷകരിലേക്ക് എത്തുന്നില്ല. വിലയും തുച്ഛമാണ്. ഉൽപാദന ചെലവ് വളരെയധികം ഉയർന്നതുമൂലം ഒരുവിധത്തിലും തെങ്ങ് കൃഷി ലാഭകരമല്ലാത്ത സ്ഥിതിയാണ്. റബർ വില സ്ഥിരതാ ഫണ്ടിന്റെ രീതിയിൽ നാളികേര കർഷക സംഘം മുഖേന കർഷകർ ഹാജരാക്കുന്ന ബില്ല് പ്രകാരം തേങ്ങയ്ക്കു വിപണി വിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസം എത്രയാണോ ആ തുക അതതു കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ നൽകുന്ന രീതിയിൽ നാളികേരത്തിനും വില സ്ഥിരത ഫണ്ട് ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
5214 നാളികേര കർഷകരുടെ കൂട്ടായ്മയാണ് ഐകോക്ക് ഓഹരി ഉടമകളായ കർഷകരിൽ നിന്ന് നാളികേരം വിപണി വിലയേക്കാൾ 2 രൂപ അധികം നൽകി സംഭരിച്ച് മൂല്യവർധിത ഉൽപന്നങ്ങൾ ആക്കി മാറ്റുന്ന പ്രവർത്തനങ്ങളാണു നടത്തുന്നത്. വെളിച്ചെണ്ണ, മഞ്ഞൾപ്പൊടി, കൊടംപുളി, തേൻ, വെളിച്ചെണ്ണയിൽ തയാറാക്കുന്ന സോപ്പ് എന്നിവ ലഭ്യമാണ്. സ്ഥാപക ചെയർമാൻ ജോസഫ് നമ്പൂടാകം ഉദ്ഘാടനം ചെയ്തു. ചെയർമാൻ കൂടത്തിൽ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വെളിച്ചെണ്ണയ്ക്കു വിദേശത്തേക്കു ആദ്യ ഓർഡർ നൽകിയ ലോയൽ എന്റപ്രൈസസ് ചെയർമാൻ എം.ഡി.സെബാന്റനെ ആദരിച്ചു. ഡയറക്ടർമാരായ ജോസ് പൂമല, ജയിംസ് തുരുത്തിപള്ളി, വി.കെ.ജോസഫ്, ബിജു പാമ്പയ്ക്കൽ, റോയ് വെച്ചൂർ, കെ.സി.കാർത്യായനി, പാനൂസ് ചീരമറ്റം, സോമൻ കൂടത്തിൽ, . ജേക്കബ് വട്ടപ്പാറ, സിഇഒ തോമസ് തോമസ് എന്നിവർ പ്രസംഗിച്ചു.