ജലക്ഷാമമുള്ള പ്രദേശത്ത് കുടിവെള്ള യൂണിറ്റ്: ആക്ഷൻ കമ്മിറ്റിയുമായി നാട്ടുകാർ

Mail This Article
ചപ്പാരപ്പടവ് ∙ ജലക്ഷാമം നേരിടുന്നതിനെ തുടർന്നു ശുദ്ധജല വിതരണത്തിനു പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിക്കുന്ന മേഖലയിൽ പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ യൂണിറ്റ് (ശുദ്ധജല പാക്കിങ് യൂണിറ്റ്) ആരംഭിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. 2018 മാർച്ചിൽ പഞ്ചായത്തിൽ ഇതിന്റെ അനുമതിക്കുള്ള അപേക്ഷ ലഭിക്കുകയും അപേക്ഷ പരിശോധിച്ചു ഭൂജല അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ്, അഗ്നിസുരക്ഷാവിഭാഗം എന്നിവയുടെ അനുമതിക്കു വിധേയമായി അനുമതി നൽകുന്നതിനു ഭരണസമിതിക്കു ശുപാർശ ചെയ്യാൻ തീരുമാനിച്ചതായി വികസന സ്ഥിരസമിതി കമ്മിറ്റിയുടെ മിനിട്സ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഭരണസമിതിയിൽ അജൻഡ വയ്ക്കാതെയും ചർച്ച ചെയ്യാതെയുമാണ് ഇത്തരമൊരു തീരുമാനം ഉണ്ടായതെന്നും ഇതു ദുരൂഹമാണെന്നും അംഗങ്ങൾ പറയുന്നു.
മാത്രവുമല്ല, ക്വാറി, ഫാക്ടറി, വാട്ടർ ബോട്ടിലിങ് പ്ലാന്റ് തുടങ്ങി ജനങ്ങളെ ബാധിക്കുന്ന സംരംഭങ്ങൾ പഞ്ചായത്ത് ഭരണസമിതിയിൽ അജൻഡ വച്ചു ചർച്ച ചെയ്താണു തീരുമാനമെടുക്കുന്നത്. പലപ്പോഴും ഇത്തരം കാര്യങ്ങൾ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്തു പഠനം നടത്താൻ സബ്കമ്മിറ്റിക്കു വിടുകയും ചെയ്യാറുണ്ട്. ചോരണപൊയ്കയിൽ ശുദ്ധജല പാക്കിങ് യൂണിറ്റിന്റെ പ്രവർത്തനം തുടങ്ങിയാൽ പടപ്പേങ്ങാട്, ബാലേശുഗിരി, ആലിൻകീഴ്, ചോരണപൊയ്ക, തെറ്റുന്ന റോഡ് എന്നിവിടങ്ങളിൽ ശുദ്ധജലക്ഷാമം വർധിക്കും. കഴിഞ്ഞ വേനൽക്കാലത്തു ജലവിതരണത്തിനായി 5 ലക്ഷം രൂപയാണു ചെലവഴിച്ചത്.
ഈ സാഹചര്യത്തിലാണ് സ്വകാര്യകമ്പനി ബോട്ടലിങ് പ്ലാന്റ് തുടങ്ങുന്നത്. ഇതിനെതിരെ ഇന്നലെ പടപ്പേങ്ങാട് പൊതുജനവായനശാലയിൽ നടന്ന ജനകീയ കമ്മിറ്റി രൂപീകരണയോഗത്തിൽ നൂറുകണക്കിനുപേർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ.ഉനൈസ്. പഞ്ചായത്ത് അംഗങ്ങളായ ഫസീല ഷംസീർ, പി.നസീറ, പഞ്ചായത്ത് മുൻ അംഗം എ.എൻ.വിനോദ്, സണ്ണി പോത്തനാംതടത്തിൽ, പി.ഹരിദാസ്, ടി.ജെ.സേവ്യർ, കെ.പ്രഭാകരൻ, സി.വി.ഉണ്ണിക്കൃഷ്ണൻ, ജിജോ കണങ്കൊമ്പിൽ, മദനി, സക്കറിയ, രഞ്ജിത്ത്, ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. കർമ സമിതി ഭാരവാഹികൾ: ജിജോ കണങ്കൊമ്പിൽ(ചെയ), എ.എൻ.വിനോദ്, സക്കറിയ(വൈസ് ചെയ), കെ.വി.ശ്രീകുമാർ (കൺ), വി.വി.നാരായണൻ, കെ.പ്രഭാകരൻ (ജോ കൺ).