അറ്റകുറ്റപ്പണിയില്ല, പുളിങ്ങോം വില്ലേജ് ഓഫിസ് കെട്ടിടം അപകടഭീഷണിയിൽ

Mail This Article
ചെറുപുഴ∙ കാലപ്പഴക്കത്തെ തുടർന്നു പുളിങ്ങോം വില്ലേജ് ഓഫിസ് കെട്ടിടം അപകട ഭീഷണിയിൽ.1995 ഡിസംബർ 1ന് റെവന്യൂമന്ത്രിയായ കെ.എം.മാണിയാണു പുളിങ്ങോം വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഇതിനുശേഷം കാര്യമായ അറ്റകുറ്റപ്പണികളൊന്നും കെട്ടിടത്തിനു നടത്തിയിട്ടില്ല. ഇതോടെ കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്നു വീഴാൻ തുടങ്ങി.കെട്ടിടം അപകടഭീഷണിയിലായതോടെ ഇവിടത്തെ ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫിസിൽ എത്തുന്ന നാട്ടുകാരും ഭീതിയിലാണ്.
ഇതിനുപുറമേ തടി കൊണ്ടു നിർമിച്ച വാതിലുകളും ജനലുകളും ഏതുസമയത്തും നിലം പൊത്താവുന്ന സ്ഥിതിയിലുമാണ്. സംസ്ഥാനത്തെ ഒട്ടുമിക്ക വില്ലേജ് ഓഫിസുകൾക്കും ആധുനികസൗകര്യങ്ങളാടു കൂടിയ പുതിയകെട്ടിടം നിർമിക്കുമ്പോഴും പുളിങ്ങോം വില്ലേജ് ഓഫിസിനോട് മാത്രം തികഞ്ഞ അവഗണനയാണു അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്.
വിസ്തൃതമായ ഭൂപ്രദേശങ്ങളും കർണാടക അതിർത്തി പ്രദേശം ഉൾപ്പെടുന്നതുമാണു പുളിങ്ങോം വില്ലേജ് ഓഫിസിന്റെ പരിധി. അതിർത്തിയെ ചൊല്ലി ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കവും നിലവിലുണ്ട്. എന്നിട്ടും പുളിങ്ങോം വില്ലേജ് ഓഫിസിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയാറാകാത്തത് വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്.
ചെറുപുഴ പഞ്ചായത്തിൽ വയക്കര,തിരുമേനി,പുളിങ്ങോം എന്നീ 3 വില്ലേജുകളാണ് ഉള്ളത്. ഇതിൽ ചെറുപുഴ, വയക്കര വില്ലേജ് ഓഫിസുകൾക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങളുണ്ട്. പുളിങ്ങോം വില്ലേജ് ഓഫിസിനു കൂടി ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം നിർമിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.