ഈ സോപ്പ് പതഞ്ഞില്ല! മലപ്പട്ടം സെന്ററിൽ സോപ്പു നിർമാണ കെട്ടിടം കാടുകയറി നശിക്കുന്നു

Mail This Article
ഇരിക്കൂർ ∙ മലപ്പട്ടം സെന്ററിൽ സോപ്പു നിർമാണ കെട്ടിടം കാടുകയറി നശിക്കുന്നു. കേരള ഖാദി ബോർഡിന്റെ സഹകരണത്തോടെ ആരംഭിച്ച ‘കുടിർ’ സോപ്പു നിർമാണ കെട്ടിടമാണു നശിക്കുന്നത്. 1990 ജനുവരി 12നു ശിലാസ്ഥാപനം നടത്തിയ കെട്ടിടം 1991 മാർച്ച് 22ന് അന്നത്തെ ഖാദി ബോർഡ് അംഗം സി.കെ.പി.പത്മനാഭനാണു ഉദ്ഘാടനം ചെയ്തത്. പൂക്കണ്ടം കുരുളോളിയിലെ പരേതനായ പി.കുഞ്ഞിരാമൻ നമ്പ്യാർ സൗജന്യമായി നൽകിയ 5 സെന്റ് സ്ഥലത്താണു കെട്ടിടം നിർമിച്ചത്.
ജ്യോതി വനിതാ സംഘമെന്ന പേരിൽ 11 വനിതകൾ ചേർന്നു രൂപീകരിച്ച കൂട്ടായ്മയ്ക്കായിരുന്നു നടത്തിപ്പു ചുമതല. 7 വനിതകൾ ഇവിടെ ജോലി ചെയ്തിരുന്നു. തുടക്കത്തിൽ മികച്ച രീതിയിലാണു സ്ഥാപനം പ്രവർത്തിച്ചിരുന്നു. പിന്നീട് അസംസ്കൃത വസ്തുക്കൾ കൃത്യമായി ലഭിക്കാതായതോടെ രണ്ടു വർഷത്തിനുള്ളിൽ അടച്ചുപൂട്ടി. മെഷീനുകൾ തുരുമ്പെടുത്തു നശിക്കുകയാണ്. 5000ത്തിലേറെ സോപ്പുകൾ കെട്ടിടത്തിൽ ചിതറിക്കിടക്കുന്നുമുണ്ട്.