പുതിയങ്ങാടി, പരിപ്പുതോട് മേഖലകളിൽ കാട്ടാനയിറങ്ങി; വൻ നാശം

Mail This Article
കീഴ്പ്പള്ളി∙പുതിയങ്ങാടി, പരിപ്പുതോട് മേഖലകളിൽ വീണ്ടും കാട്ടാനക്കൂട്ടം നാശം വിതച്ചു. കൊച്ചുപുരയ്ക്കൽ മുഹമ്മദിന്റെ കൃഷിയിടത്തിലെ തെങ്ങ്, കമുക്, വാഴ, ചേന, കപ്പ തുടങ്ങിയ മുഴുവൻ വിളകളും ആനക്കൂട്ടം നശിപ്പിച്ചു. ആറളം ഫാമിൽ നിന്ന് കക്കുവ പുഴ കടന്നു എത്തുന്ന ആനകൾ ഈ പ്രദേശങ്ങളിൽ വ്യാപക കൃഷി നാശം വരുത്തി. കഴിഞ്ഞ ദിവസം സർവകക്ഷി യോഗം ചേർന്നു സൗരോർജ തൂക്കുവേലി സ്ഥാപിക്കാനായി ജനകീയ കമ്മിറ്റി രൂപീകരിച്ചിരുന്നു. മുണ്ടുപറമ്പിൽ കുട്ടപ്പന്റെയും കൂറ്റാരപ്പള്ളിൽ ജോസഫിന്റെയും കൃഷിയിടത്തിലും ആനകൾ കഴിഞ്ഞ ദിവസം നാശം വരുത്തിയിരുന്നു.

ആനമതിൽ നിർമാണത്തിനിടയിലും ശമനമില്ലാതെ
ആറളം ഫാം∙ആനമതിൽ നിർമാണം നടക്കുന്നതിനിടയിലും ശമനം ഇല്ലാതെ കാട്ടാനയുടെ ആക്രമണം. 2 കുടിലുകൾ തകർത്തു. ബ്ലോക്ക് 13 ലെ സുമി, കുമാരൻ എന്നിവരുടെ കുടിലുകളാണു തകർത്തത്. 2 വീടുകളിലും ഉണ്ടായിരുന്ന കുടുംബാംഗങ്ങൾ അത്ഭുതകരമായാണു രക്ഷപ്പെട്ടത്. കഴിഞ്ഞ രാത്രി 11 നാണ് സംഭവം. ഫാമിൽ ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ പടക്കം പൊട്ടിച്ചു വനം വകുപ്പ് തുരത്തുന്നതിനിടെയാണ് ഇരു വീടുകളുടെയും ഓരോ ഭാഗം തകർത്തു കാട്ടാന പാഞ്ഞത്. പ്രദേശത്തെ ദാമു, കുഞ്ഞിരാമൻ, കുമാരൻ എന്നിവരുടെ കൃഷിയിടങ്ങളിലെ വാഴ, തെങ്ങ്, കമുക് ഉൾപ്പെടെയുള്ള വിളകളും നശിപ്പിച്ചു.