ഫോണിൽ വിവാദ പരാമർശം: പാനൂർ നഗരസഭാ സെക്രട്ടറിക്കെതിരെ യൂത്ത്ലീഗും യുഡിഎഫും
Mail This Article
പാനൂർ∙വിവാദ പരാമർശം നടത്തിയ പാനൂർ നഗരസഭ സെക്രട്ടറി എ.പ്രവീണിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് യൂത്ത്‌ലീഗ് പ്രവർത്തകർ നഗരസഭ ഓഫിസിലേക്കു നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും.ഒരു മത വിഭാഗത്തെയും നഗരസഭാധ്യക്ഷൻ വി.നാസറിനെയും കൗൺസിലർ എം.പി.കെ.അയൂബിനെയും അധിക്ഷേപിച്ച സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്.
യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി.കെ.ഷാഹുൽ ഹമീദ്, മുസ്‍ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.പി.എ.സലാം, ടി.പി.മുസ്തഫ, എൻ.പി.മുനീർ, ബഷീർ ആവോലം, ഹനീഫ ബാങ്കിൽ, യൂനുസ് പട്ടാടം, നൗഫൽ പനോൾ, മൂനീർ കുറ്റിക്കണ്ടി എന്നിവർ പ്രസംഗിച്ചു.മാർച്ചിന് ശേഷം നഗരസഭാധ്യക്ഷനും യുഡിഎഫ് കൗൺസിലർമാരും സെക്രട്ടറിയുടെ മുറിയിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്തു. നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് നഗരസഭാധ്യക്ഷൻ വി.നാസർ പറഞ്ഞു. സെക്രട്ടറിയെ പുറത്താക്കണമെന്നാണ് യൂത്ത്‍ലീഗ് ആവശ്യം. സെക്രട്ടറി ഫോൺ സംഭാഷണത്തിൽ വർഗീയ പരാമർശം നടത്തിയെന്ന ആരോപണമാണു വിവാദത്തിനു തിരി കൊളുത്തിയത്. ഫോൺ സന്ദേശത്തിന്റെ ശബ്ദരേഖ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് വിഷയം ചർച്ചയായി. മുസ്‍ലിംലീഗ് പ്രവർത്തകരും നേതാക്കളും പ്രതിഷേധവുമായി ഉടൻ രംഗത്തു വന്നു.
സെക്രട്ടറിക്കെതിരെ പാനൂർ പൊലീസിൽ പരാതി നൽകി
ഫോൺ സന്ദേശത്തിലൂടെ വർഗീയ പരാമർശം നടത്തി നേതാക്കളെയും പാർട്ടി പ്രവർത്തകരെയും അപകീർത്തിപ്പെടുത്തിയ സെക്രട്ടറിക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് പാനൂർ നഗരസഭാധ്യക്ഷൻ വി.നാസർ, മുസ്‍ലിം ലീഗ് നിയോജക മണ്ഡലം ജന.സെക്രട്ടറി പി.കെ.ഷാഹുൽ ഹമീദ് എന്നിവർ പാനൂർ പൊലീസിൽ പരാതി നൽകി. പരാതി ഫയലിൽ സ്വീകരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. അതേ സമയം വിവാദ വിഷയമായ ശബ്ദരേഖ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സെക്രട്ടറി എ. പ്രവീൺ പ്രതികരിച്ചു. ശബ്ദരേഖ പുറത്തു വിട്ടവർ തന്നെ അതിന്റെ നിജസ്ഥിതി വെളിപ്പടുത്തണമെന്ന നിലപാടിലാണ് സെക്രട്ടറി.
ഇന്ന് യുഡിഎഫ് ധർണ
നാടിന്റെ ഐക്യം തകർക്കുന്ന തരത്തിൽ വർഗീയ പരാമർശം നടത്തിയ നഗരസഭ സെക്രട്ടറി എ.പ്രവീണിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് നഗരസഭ കമ്മിറ്റി ഇന്ന് 10ന് നഗരസഭ ഓഫിസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തും. ഭരണ സമിതി വിളിച്ചു ചേർത്ത് സെക്രട്ടറിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകാൻ യോഗം ആവശ്യപ്പെട്ടു. യുഡിഎഫ് യോഗത്തിൽ പി.പി.എ.സലാം അധ്യക്ഷത വഹിച്ചു. വി.സുരേന്ദ്രൻ, പി.കെ.ഷാഹുൽ ഹമീദ്, നഗരസഭ ഉപാധ്യക്ഷ പ്രീത അശോക്, ടി.ടി.രാജൻ എന്നിവർ പ്രസംഗിച്ചു.