വിഷ്ണുപ്രിയ കൊലക്കേസ്; സാക്ഷി കൂറുമാറി
Mail This Article
തലശ്ശേരി∙ പാനൂർ വള്ള്യായിലെ കണ്ണച്ചാൻകണ്ടി വീട്ടിൽ വിനോദന്റെ മകൾ വിഷ്‌ണുപ്രിയയെ(23) കുത്തി കൊലപ്പെടുത്തിയ കേസിൽ സാക്ഷി കൂറുമാറി. പ്രതി എ.ശ്യാംജിത്തിന്റെ പരിചയക്കാരനായ ഇരിട്ടിയിലെ കെ.പി. വിജേഷ് ആണ് കൂറുമാറിയതായി പബ്ലിക് പ്രോസിക്യൂട്ടർ പ്രഖ്യാപിച്ചത്. പിന്നീട് പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത് കുമാറിന്റെ ക്രോസ് വിസ്താരത്തിൽ തനിക്ക് പ്രതി ശ്യാംജിത്തിനെ പരിചയമുണ്ടെന്നും ഇരുതലമൂർച്ചയുള്ള കത്തിക്കായി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ താൻ അത്തരത്തിലുള്ള ആയുധങ്ങൾ നിർമിക്കാറില്ലെന്ന് അറിയിച്ചിരുന്നതായും സാക്ഷി കോടതിയിൽ മൊഴി നൽകി. ശ്യാംജിത്തിന്റെ ബന്ധുവിന്റെ ഇരിട്ടിയിലെ ഹാർഡ് വെയർ കടയിൽ ഇരുമ്പ് ആയുധങ്ങൾ ഉണ്ടാക്കി നൽകുന്ന ആളാണ് വിജേഷ്. നേരത്തെ പൊലീസിന് നൽകിയ മൊഴിക്ക് വിരുദ്ധമായി ശ്യാംജിത്ത് കത്തി ഉണ്ടാക്കി തരുമോയെന്ന് തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നു പറഞ്ഞതോടെയാണ് സാക്ഷി കൂറുമാറിയതായി പ്രഖ്യാപിച്ചത്.
ഫോൺ കോൾ രേഖകൾ ഉയർത്തി പ്രോസിക്യൂട്ടർ 2022 ഒക്ടോബർ 12നും 15നും ഇടയിൽ ഇരുവരും തമ്മിൽ നടത്തിയ സംഭാഷണത്തെ കുറിച്ചു ചോദിച്ചപ്പോൾ സാക്ഷി സമ്മതിച്ചു. സംഭവദിവസം രാവിലെ 11.30ന് നീല ഷർട്ടും പാന്റ്സും ധരിച്ചു പുറത്ത് ബാഗ് തൂക്കിയ ആൾ വെള്ള അപ്പാച്ചി ബൈക്ക് ഓടിച്ച് പാനൂർ ഭാഗത്തേക്കും 11.40ന് തിരിച്ചു മുത്താറിപീടിക ഭാഗത്തേക്കും പോവുന്നത് പാനൂർ സബ് ട്രഷറിക്ക് സമീപത്ത് നിന്ന് എടുത്ത സിസിടിവി ദൃശ്യങ്ങളിൽ കണ്ടിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് സിസിടിവി ദൃശ്യം എടുത്തു കൊടുത്ത ടെക്നിഷ്യൻ എസ്.സജിത്ത് കോടതിയിൽ പറഞ്ഞു. കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങളിൽ കാണുന്നതും അതു തന്നെയാണെന്ന് സാക്ഷി ജഡ്ജി എ.വി. മൃദുല മുൻപാകെ മൊഴി നൽകി.