ADVERTISEMENT

ഇരിട്ടി∙ അയ്യൻകുന്ന് മുടിക്കയത്ത് കർഷകൻ നടുവത്ത് സുബ്രഹ്മണ്യൻ ജീവനൊടുക്കിയതിനു പിന്ന‌ാലെ പുറത്തെത്തുന്നത് വന്യമൃഗ ഭീഷണി മൂലം കുടിയിറങ്ങേണ്ടി വന്ന ഒട്ടേറെ പേരുടെ സങ്കടകഥകൾ. 2 വർഷം മുൻപ് ജീവനൊടുക്കിയ കുറ്റിയാനിക്കൽ സേവ്യറി (കുഞ്ഞാപ്പൻ) ന്റെ മരണവും സമാന സാഹചര്യം മൂലമെന്ന് നാട്ടുകാർ. 4 ഏക്കർ ഭൂമിയും വീടും ഉപേക്ഷിച്ച് 5 വർഷം മുൻപാണ് സേവ്യറും ഭാര്യ എൽസമ്മയും കുടുംബവും കണ്ണീരോടെ കുടിയിറങ്ങിയത്. 

ആടിനെയും കന്നുകാലികളെയും വളർത്തിയുണ്ടാക്കിയ എൽസമ്മയുടെ സമ്പാദ്യം ഉൾപ്പെടെ ചേർത്തു കച്ചേരിക്കടവിനു സമീപം 11 സെന്റ് സ്ഥലം ലഭ്യമാക്കി. ഉളിക്കൽ സ്വദേശിയുടെ സഹായത്തോടെ പണിതു നൽകിയ വീട്ടിൽ താമസമാക്കി. സ്വന്തം കൃഷിയിടത്തിൽ കശുമാവ്, തെങ്ങ് ഉൾപ്പെടെ എല്ലാ വിളകളും ഉണ്ടായിരുന്നെങ്കിലും കാട്ടാന ഭീഷണി കാരണം ആദായം എടുക്കാൻ കഴിഞ്ഞില്ല. ജീവിതം വഴിമുട്ടിയതോടെയാണ് ഇദ്ദേഹം 2 വർഷം മുൻപ് ജീവനൊടൂക്കിയതെന്നാണു നാട്ടുകാർ പറയുന്നത്.

ഇപ്പോൾ വീട്ടിൽ എൽസമ്മ ഒറ്റയ്ക്കാണു താമസം. 4 ഏക്കർ സ്ഥലത്തേക്ക് എൽസമ്മ ഒടുവിൽ പോയത് ഭർത്താവിന്റെ മരണത്തിനു ശേഷം പ്രദേശത്തെ പൊതുപ്രവർത്തകനായ വിൽസൺ കുറുപ്പംപറമ്പിലിന്റെ സഹായത്തോടെ അദ്ദേഹത്തിന്റെ ജീപ്പിലാണ്. ചക്കയും പൊഴിഞ്ഞു കിടക്കുന്ന കുറച്ചു തേങ്ങയും ആയി തിരികെ പോന്നു. പിന്നീട് അവിടേക്കു പോയിട്ടില്ല. 

കൃഷി നശി‌പ്പിച്ച കാട്ടാനക്കൂട്ടം വീടിനും കേടുവരുത്തിയതായി എൽസമ്മ പറഞ്ഞു. പ്രദേശത്ത് നിന്ന് മുപ്പതോളം കർഷകരാണ് സ്ഥലവും വീടും ഉപേക്ഷിച്ചു താഴ്‌‍വാരത്ത് വന്നു താമസമാക്കിയത്. അയ്യൻകുന്ന് പഞ്ചായത്ത് പാലത്തിൻകടവ് വാർഡ് അംഗം ബിജോയ് പ്ലാത്തോട്ടത്തിനു സ്വന്തമായുള്ള 5 ഏക്കർ പുരയിടത്തിലും കാട്ടാന ഭീഷണി മൂലം കാർഷിക ജോലി മുടങ്ങിയ നിലയിലാണ്.

വന്യമൃഗ ഭീഷണി മൂലം വീടും പുരയിടവും ഉപേക്ഷിച്ചവരിൽ ചിലർ 
കല്ലുപ്ര സിനു, മാത്യു മരോട്ടിപ്പാറ, തങ്കച്ചൻ ഇല്ലിക്കകുന്നേൽ, തങ്കച്ചൻ കുറ്റ്യാനിക്കൽ, കല്ലുപ്ര ജോഷി, ജയരാജൻ ചാലിൽ, പ്രസാദാ ചാലിൽ, നിധീഷ് വേളേക്കാട്ടിൽ, ചന്ദ്രശേഖരൻ, സാബു പല്ലാട്ടുകുന്നേൽ, അന്നമ്മ പല്ലാട്ടുകുന്നേൽ, പല്ലാട്ട് തങ്കച്ചൻ, ബാബു തട്ടാരക്കാട്ടിൽ, കല്ലുപ്ര ജോബി, ജോൺകുട്ടി തോട്ടത്തിൽ, ജോഷി ഇല്ലിക്കക്കുന്നേൽ, സ‍ിനു ഇല്ലിക്കക്കുന്നേൽ, ചന്ദ്രൻ തിണ്ടങ്കരി, ജോസ് ഒടിയത്തിങ്കൽ, ബിജോ ഒടിയത്തിങ്കൽ

10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം: സണ്ണി ജോസഫ് 
വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരം പാക്കേജിൽപെടുത്തി 10 ലക്ഷം രൂപ സുബ്രഹ്മണ്യന്റെ കുടുംബത്തിന് വനം വകുപ്പ് നഷ്ടപരിഹാരം നൽകണമെന്ന് സണ്ണി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. സ്ഥലം വനം വകുപ്പ് ഏറ്റെടുക്കണം. വനാതിർത്തിയിൽ വന്യമൃഗ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തണം. കലക്ടർ, ഡിഎഫ്ഒ എന്നിവരെ ഫോണിൽ വിളിച്ച് ഈ ആവശ്യം അറിയിച്ചതായും എംഎൽഎ പറഞ്ഞു. 

കോൺഗ്രസ് താലൂക്ക് ഓഫിസ്  മാർച്ച് 20ന്
സുബ്രഹ്മണ്യന്റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്നും വന്യമൃഗ ആക്രമണങ്ങളിൽ നിന്നു കർഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് കമ്മിറ്റി 20 ന് 10 ന് ഇരിട്ടി താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് ബ്ലോക്ക് പ്രസിഡന്റ് പി.എ.നസീർ അറിയിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും

പല്ലാട്ടുകുന്നേൽ എൽസമ്മയും മകൻ ബിജുവും
പല്ലാട്ടുകുന്നേൽ എൽസമ്മയും മകൻ ബിജുവും

പല്ലാട്ടുകുന്നേൽ ജോസഫ്; പടിയിറങ്ങി 13 വർഷം മുൻപ്
പൊന്നു വിളയുന്ന 5 ഏക്കർ പുരയിടവും വീടും ഉപേക്ഷിച്ചു പല്ലാട്ടുകുന്നേൽ ജോസഫ് ഭാര്യ എൽസമ്മയ്ക്കും മക്കൾക്കും ഒപ്പം കുടിയിറങ്ങിയത് 13 വർഷം മുൻപാണ്. സ്ഥലത്തു താമസിച്ചാൽ കാട്ടാന ജീവനെടുക്കുമോയെന്ന ഭയം മൂലമാണു പലായനം. താഴ്‌വാരത്ത് 15 സെന്റ് സ്ഥലം വാങ്ങി വീടു വച്ചു. ആ വർഷം തന്നെ ജോസഫ് മരിച്ചു. മകൻ ബിജുവാണ് തറവാട്ടിലുള്ളത്. ആഴ്ചയിൽ ഒന്നു മലയിലെ കൃഷിയിടത്തിൽ പോയി നോക്കാറുണ്ടായിരുന്നെങ്കിലും ഇപ്പോൾ കാട്ടാന ശല്യം രൂക്ഷമാണെന്നു ബിജു പറഞ്ഞു. സഹോദരൻ സാബുവിന്റെ സ്ഥലത്തും സ്ഥിതി ഇതുതന്നെ. കഴിഞ്ഞ ദിവസം കാട് വെട്ടിത്തെളിക്കാൻ ചെന്നപ്പോഴും കാട്ടാന ഉണ്ടായിരുന്നു. കശുമാവും തെങ്ങും കമുകും കുരുമുളകും ഉൾപ്പെടെയുള്ള ഭൂമിയിൽ ആദായം എടുക്കുന്നതു പ്രധാനമായും കാട്ടാനയാണ്.

 പ്രഭാകരൻ തന്റെ വീടിനു മുന്നിൽ
പ്രഭാകരൻ തന്റെ വീടിനു മുന്നിൽ

പ്രഭാകരൻ താമസിക്കുന്നത് പള്ളിക്കാർ സ്ഥലം വാങ്ങി നിർമിച്ചു നൽകിയ വീട്ടിൽ
മുടിക്കയത്ത് 2.15 ഏക്കർ സ്ഥലം വേളേക്കാട്ട് പ്രഭാകരന് ഉണ്ടെങ്കിലും താമസിക്കുന്നത് താഴ്‌വാരത്ത് പള്ളിക്കാർ 5.5 സെന്റ് സ്ഥലം വാങ്ങി നിർമിച്ചു നൽകിയ വീട്ടിലാണ്. വന്യമൃഗ ശല്യം രൂക്ഷമായതോടെ 4 വർഷം മുൻപാണ് പ്രഭാകരൻ പുരയിടവും വീടും ഉപേക്ഷിച്ച് ഇറങ്ങിയത്. ഭാര്യ മോളി 2 വർഷം മുൻപ് മരിച്ചു. 3 മക്കളുണ്ട്. സ്ഥലത്ത് ആദായം കിട്ടുന്ന നിലയിൽ കൃഷിവിളകൾ ഉണ്ടെങ്കിലും പോകാൻ പറ്റില്ല. കഴിഞ്ഞ ആഴ്ച പോയി നോക്കിയപ്പോഴും കാട്ടാന ഉണ്ടായിരുന്നു. പണിക്കു പോയാണു ഉപജീവനം നടത്തുന്നത്. കൈ വേദന മൂലം ഒരു മാസമായി പണിക്കു പോകുന്നില്ല. 

 കുടിയിറങ്ങിയ കല്ലുപ്ര ജോസ് മുടിക്കയം ടൗണിലെ ഒറ്റമുറി 
വാടക കെട്ടിടത്തിനു മുന്നിൽ
കുടിയിറങ്ങിയ കല്ലുപ്ര ജോസ് മുടിക്കയം ടൗണിലെ ഒറ്റമുറി വാടക കെട്ടിടത്തിനു മുന്നിൽ

ജോസ് കഴിയുന്നത് ഒറ്റമുറി വാടകക്കെട്ടിടത്തിൽ
51 സെന്റ് സ്ഥലം സ്വന്തമായുള്ള കല്ലുപ്ര ജോസ് താമസിക്കുന്നത് മുടിക്കയം ടൗണിലെ ഒറ്റമുറി വാടക കെട്ടിടത്തിൽ. കാട്ടാന ഭീഷണി കാരണം 8 വർഷം മുൻപ് കുടിയിറങ്ങിയതാണ് ജോസ്. ടൗണിലെ ഒറ്റമുറി താമസത്തിന്റെ പരിമിതി ഉള്ളതിനാൽ ഭാര്യയും മക്കളും ഭാര്യയുടെ വീട്ടിലാണ് കഴിയുന്നത്. വന്യമൃഗ ഭീഷണി പരിഹരിക്കാത്തതാണ് ജോസിന്റെ ജീവിത സാഹചര്യങ്ങളും തകി‌ടം മറിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com