നവകേരള സദസ്സിന് ഒരുക്കങ്ങളായി; ജില്ലയിൽ നാളെ തുടക്കം
Mail This Article
കണ്ണൂര്‍∙ നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസ്സ് 20 മുതൽ 11 നിയമസഭാ മണ്ഡലങ്ങളിലായി നടക്കും.
സ്വാതന്ത്ര്യസമര സേനാനികൾ, വെറ്ററൻസ്, വിവിധ മേഖലകളിലെ പ്രമുഖർ, തിരഞ്ഞെടുക്കപ്പെട്ട മഹിളാ, യുവജന, കോളജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ പ്രതിഭകൾ, കലാകാരൻമാർ, അവാർഡ് ജേതാക്കൾ, തെയ്യം കലാകാരൻമാർ, സാമുദായിക സംഘടനാ നേതാക്കൾ, മുതിർന്ന പൗരൻമാരുടെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പ്രത്യേക ക്ഷണിതാക്കളാകും.
20ന് പയ്യന്നൂരിലും 21ന് കണ്ണൂർ ബർണശ്ശേരിയിലും വിവിധ മണ്ഡലങ്ങളിലെ പ്രത്യേക ക്ഷണിതാക്കളുമായി കൂടിക്കാഴ്ച നടക്കും. തുടർന്ന് വിവിധ മണ്ഡലങ്ങളിലെ സദസ്സുകളിലേക്കു മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര തിരിക്കും.
പരാതി സ്വീകരിക്കാൻ പ്രത്യേക കൗണ്ടറുകൾ
നവകേരള സദസ്സിന്റെ പരിപാടികളിൽ പൊതുജനങ്ങൾക്കു പങ്കാളികളാകുന്നതിനൊപ്പം വേദിക്കടുത്തായി പ്രത്യേക സജ്ജീകരിച്ച കൗണ്ടറുകളിൽ പരാതികൾ സമർപ്പിക്കുന്നതിനുള്ള അവസരവും ഒരുക്കിയതായി ജില്ലാ കലക്ടർ അരുൺ കെ.വിജയൻ അറിയിച്ചു. സ്ത്രീകൾക്കും മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കൗണ്ടറുകൾ ഒരുക്കും. കൗണ്ടറുകളിൽ പരാതി നൽകി രസീത് വാങ്ങിക്കേണ്ടതാണ്. നവകേരള സദസ്സ് ആരംഭിക്കുന്നതിനു മൂന്നു മണിക്കൂർ മുൻപു മുതൽ പരാതികൾ സ്വീകരിച്ചു തുടങ്ങും. ഔദ്യോഗിക പരിപാടിക്കിടയിൽ പരാതി സ്വീകരിക്കില്ല. പരാതിയുടെ തൽസ്ഥിതി www.navakeralasadas.kerala.gov.inൽ നിന്ന് അറിയാനാകും. രസീത് നമ്പറോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ മതി.
വ്യാജ തിരിച്ചറിയൽ കാർഡ്: ഗൂഢാലോചനയിൽ യുഡിഎഫ് നേതാക്കൾക്കും പങ്കെന്ന് ജയരാജൻ
നവകേരള സദസ്സ് ജില്ലയിൽ 20, 21, 22 തീയതികളിൽ നടക്കുമെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ അറിയിച്ചു. 20ന് പയ്യന്നൂർ പൊലീസ് മൈതാനിയിലാണ് ആദ്യ പരിപാടി. വാഹനങ്ങൾ അതത് പാർക്കിങ് കേന്ദ്രത്തിൽ മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ചെലവ് ചുരുക്കാനും മന്ത്രിമാരെല്ലാം ഒരു ബസിലാണു യാത്ര ചെയ്യുന്നത്. അത് തിരിച്ചറിഞ്ഞിട്ടും ചില കേന്ദ്രങ്ങൾ അപവാദങ്ങൾ പ്രചരിപ്പിക്കുന്നതു തുടരുകയാണ്. സദസ്സിന്റെ പ്രചാരണ പരിപാടികളിലെ ജനപങ്കാളിത്തം യുഡിഎഫിനെ വിറളി പിടിപ്പിച്ചു. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയ യൂത്ത് കോൺഗ്രസ്സുകാരെ വിചാരണ ചെയ്യാനാണോ കുറ്റവിചാരണ സദസ്സ് എന്നു നേതാക്കൾ വ്യക്തമാക്കണം. ആപ് ഉപയോഗിച്ച് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചതു ക്രിമിനൽ കുറ്റമാണ്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കാൻ ഒരു സംഘത്തെ കോൺഗ്രസ് നേതൃത്വം നിയോഗിച്ചിട്ടുണ്ടെന്നും എം.വി.ജയരാജൻ പറഞ്ഞു.
ജില്ലയിലെ പരിപാടികൾ
20: രാവിലെ 9-പ്രഭാതയോഗം, ഹോട്ടൽ ജുജു ഇന്റർനാഷനൽ, പയ്യന്നൂർ
11: പയ്യന്നൂർ മണ്ഡലം-പൊലീസ് മൈതാനം, പയ്യന്നൂർ
3: കല്ല്യാശ്ശേരി മണ്ഡലം-പാളയം മൈതാനം, മാടായിപ്പാറവൈകിട്ട് 4.30: തളിപ്പറമ്പ് മണ്ഡലം-ഉണ്ടപറമ്പ മൈതാനം, തളിപ്പറമ്പ് വൈകിട്ട് 6.00: ഇരിക്കൂർ മണ്ഡലം-ശ്രീകണ്ഠാപുരം ബസ് സ്റ്റാൻഡിനു സമീപമുള്ള മൈതാനം
21: രാവിലെ 9-പ്രഭാതയോഗം, ബർണശ്ശേരി നായനാർ അക്കാദമി
11: അഴീക്കോട് മണ്ഡലം-ചിറക്കൽ പഞ്ചായത്ത് സ്റ്റേഡിയം, മന്ന
3: കണ്ണൂർ മണ്ഡലം-കലക്ടറേറ്റ് മൈതാനം, കണ്ണൂർ
വൈകിട്ട് 4.30: ധർമടം മണ്ഡലം-പിണറായി കൺവൻഷൻ സെന്ററിനു സമീപം.
വൈകിട്ട് 6.00: തലശ്ശേരി മണ്ഡലം-തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയം, കോണോർവയൽ
22: രാവിലെ 11: കൂത്തുപറമ്പ്
മണ്ഡലം-നുച്ചിക്കാട് മൈതാനം, പാനൂർ ടൗൺ
3: മട്ടന്നൂർ മണ്ഡലം-കണ്ണൂർ
രാജ്യാന്തര വിമാനത്താവളം ഒന്നാം കവാടത്തിനു മുൻവശം
വൈകിട്ട് 4.30: പേരാവൂർ മണ്ഡലം-ഇരിട്ടി പയഞ്ചേരിമുക്കിനു സമീപത്തെ മൈതാനം
തളിപ്പറമ്പ് മണ്ഡലം നവകേരള സദസ്സ് നാളെ
ഒരുക്കങ്ങൾ പൂർത്തിയായി, നഗരത്തിൽ ഗതാഗത നിയന്ത്രണം
നാളെ 3ന് പൊലീസ് സ്റ്റേഷന് സമീപം ഉണ്ടപ്പറമ്പ് മൈതാനിയിൽ നടക്കുന്ന തളിപ്പറമ്പ് നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി എം.വി.ഗോവിന്ദൻ എംഎൽഎ അറിയിച്ചു. 3ന് കലാപരിപാടികൾ ആരംഭിക്കും. ഒരു മണിക്കൂർ നീളുന്ന കലാപരിപാടികൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും മറ്റും മന്ത്രിമാരും ഉൾപ്പെടെ പങ്കെടുക്കുന്ന നവ കേരള സദസ്സിന്റെ പരിപാടികൾക്ക് തുടക്കം കുറിക്കും.
പരിപാടിയുടെ മുന്നോടിയായി വീട്ടുമുറ്റ കൂട്ടായ്മകളും മറ്റ് സാംസ്ക്കാരിക പരിപാടികളും നഗരത്തിൽ വിളംബര ഘോഷയാത്രയും നടത്തിയിരുന്നു. പരിപാടിക്കായി 20000 ൽ അധികം പേർക്ക് ഇരിക്കാവുന്ന പന്തൽ ഉണ്ടപ്പറമ്പ് മൈതാനിയിൽ തയാറായിട്ടുണ്ട്. നവകേരള സദസ്സിന് എത്തുന്നവർക്ക് മുഖ്യമന്ത്രിക്ക് പരാതികൾ സമർപ്പിക്കുവാനായി സ്റ്റേജിന് സമീപം 10 കൗണ്ടറുകൾ തയാറാക്കും. ഭിന്നശേഷിക്കാർക്കും നേരിട്ട് പരാതികൾ നൽകാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. എല്ലാ പരാതികൾക്കും രസീതും നൽകും.
ഗതാഗത നിയന്ത്രണംഏർപ്പെടുത്തും
തളിപ്പറമ്പ്∙നവകേരള സദസ്സിന്റെ ഭാഗമായി നാളെ തളിപ്പറമ്പിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ആർഡിഒ ഇ.പി.മേഴ്സി, തഹസിൽദാർ പി.സജീവൻ എന്നിവർ അറിയിച്ചു. ഇക്കാര്യത്തിൽ പൊലീസിനെ സഹായിക്കാനായി 400 ഓളം ട്രാഫിക് വൊളന്റിയർമാരെയും നിയോഗിച്ചിട്ടുണ്ട്.
നവകേരള സദസ്സിന് ആന്തൂർ നഗരസഭ, കൊളച്ചേരി പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ദേശീയ പാതയിലെ ടാക്സി സ്റ്റാൻഡിൽ ആളുകളെ ഇറക്കി കൂവോട്, പ്ലാത്തോട്ടം ഭാഗങ്ങളിലെ ഒന്നാം പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിടണം. കുറ്റ്യാട്ടൂർ, മയ്യിൽ, പരിയാരം ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ പ്ലാസ ജംക്‌ഷനിൽ ആളുകളെ ഇറക്കി ചിറവക്കിന് സമീപത്തുള്ള പുഷ്പോത്സവ ഗ്രൗണ്ടിലെ 2ാം പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിടണം. തളിപ്പറമ്പ് നഗരസഭയിലെ വാഹനങ്ങൾ ബസ് സ്റ്റാൻഡിന് സമീപം ആളുകളെ ഇറക്കി കാക്കത്തോട് ബസ് സ്റ്റാൻഡിലെ 3ാം പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിടണം. ചപ്പാരപ്പടവ്, കുറുമാത്തൂർ,മലപ്പട്ടം പഞ്ചായത്തുകളിൽ നിന്നുള്ള വാഹനങ്ങൾ കപ്പാലം മദ്രസയ്ക്ക് സമീപം ആളുകളെ ഇറക്കി സയിദ് നഗറിലെ 4ാം പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിടണം.
ന്യൂസ് കോർണർ, കോടതി, നഗരസഭ റോഡിൽ ഉച്ചയ്ക്കു 2 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഉണ്ടപ്പറമ്പിലേക്ക് കപ്പാലം, കോടതി റോഡ് എന്നിവിടങ്ങളിൽ നിന്നുള്ള സ്വകാര്യ വാഹനങ്ങളെ രാവിലെ 10 മുത്ല നിയന്ത്രിക്കും. മുയ്യം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഭ്രാന്തൻകുന്നിൽ നിന്ന് തൃച്ചംബരം ഭാഗത്തേക്ക് പോകണം. ഹൈവേ ടാക്സി സ്റ്റാൻഡിൽ ഉച്ച മുതൽ ക്രമീകരണം ഏർപ്പെടുത്തും. മന്ന, നഗരസഭ റോഡ് വഴി വരുന്ന വാഹനങ്ങൾ കോടതി റോഡ് ജംക്‌ഷനിൽ നിന്ന് ചിൻമയ ഭാഗത്തേക്ക് പോകണം.