ADVERTISEMENT

പൈവളികെ ∙ നവകേരള സദസ്സിന്റെ വേദിക്കു സമീപം 7 കൗണ്ടറുകളിലായിട്ടായിരുന്നു പരാതികളും അപേക്ഷകളും സ്വീകരിക്കാൻ സൗകര്യം ഒരുക്കിയത്. റവന്യു ഉദ്യോഗസ്ഥരാണ് ഇതിന്റെ ചുമതല വഹിച്ചത്. ഭിന്നശേഷി വിഭാഗത്തിന് ഒരു കൗണ്ടറും മുതിർന്ന പൗരന്മാർ, വനിതകൾ, പൊതുവിഭാഗം എന്നിങ്ങനെ 2 വീതം കൗണ്ടറുമായിരുന്നു ഉണ്ടായിരുന്നത്. ഓരോ കൗണ്ടറിനും ഒരു സൂപ്പർവൈസർ ഉൾപ്പെടെ 4 ജീവനക്കാരെയാണ് നിയോഗിച്ചത്. 

മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് 4 മണിക്കൂർ മുൻപ്, ഉച്ചയ്ക്ക് 12ന് തന്നെ പരാതികൾ സ്വീകരിച്ചു തുടങ്ങി.ലഭിച്ച എല്ലാ അപേക്ഷകളും കൗണ്ടറുകളിൽ സ്വീകരിച്ചു. എങ്കിലും തിരക്ക് മൂലം ചിലർക്ക് രസീത് നൽകിയില്ല. അവരുടെ ഫോൺ നമ്പറിലേക്ക് സന്ദേശം നൽകുമെന്നായിരുന്നു മറുപടി. 

ഈ അപേക്ഷകൾ ഇനി കലക്ടറേറ്റിൽ എത്തിച്ച് ഡേറ്റ എൻട്രി ചെയ്യും. കിട്ടിയ പരാതികൾ 2 ദിവസത്തിനകം അതത് വകുപ്പുകളിലേക്ക് ഓൺലൈനായി അപ്‌ലോഡ് ചെയ്യും. പരാതികളിൽ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതൽ നടപടിക്രമം ആവശ്യമെങ്കിൽ പരമാവധി 4 ആഴ്ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥർ തീരുമാനം എടുക്കും. സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ ജില്ലാ ഓഫിസർമാർ വകുപ്പുതല മേധാവി മുഖേന റിപ്പോർട്ട് സമർപ്പിക്കും. ഇത്തരം പരാതികൾ 45 ദിവസത്തിനകം തീർപ്പാക്കുമെന്നാണു പ്രഖ്യാപനം.  

ഒരാഴ്ചയ്ക്കുള്ളിൽ പരാതിക്കാരന് ഇടക്കാല മറുപടി നൽകും. സ്വീകരിച്ച പരാതികൾക്ക് രസീത് നൽകിയിട്ടുണ്ട്.  പരാതികൾക്ക് മറുപടി തപാലിലൂടെ നൽകും. പരാതികളുടെ സ്ഥിതി www.navakeralasadas.kerala.gov.in വെബ്സൈറ്റിൽ രസീത് നമ്പറോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകി നിരീക്ഷിക്കാനാവും.  

നവകേരള സദസ്സിലും പരാതി കൗണ്ടറിലും പോകാനെത്തിയവരെ മെറ്റൽ ഡിറ്റക്ടർ പരിശോധനയ്ക്ക് ശേഷമായിരുന്നു കടത്തിവിട്ടത്. എന്നാൽ മുഖ്യമന്ത്രിയും സംഘവും പ്രത്യേക ബസിൽ എത്തുന്നതിനു ഏതാനും നേരം മുൻപ് മെറ്റൽ ഡിറ്റക്ടർ ഒഴിവാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com