ADVERTISEMENT

പൈവളികെ ∙ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിൽ പരാതി കൗണ്ടറുകളിൽ രാവിലെ മുതൽ തന്നെ പരാതികൾ സ്വീകരിക്കാൻ തുടങ്ങിയിരുന്നു. ഉച്ചയോടെ അപേക്ഷകളുമായെത്തിയത് ഒട്ടേറെപ്പേർ. ആകെ 1908 പരാതികൾ ലഭിച്ചു.

ഇരട്ടക്കുട്ടികളോടൊപ്പം പരാതി നൽകാനെത്തിയ കയർപ്പദവ് സ്വദേശിനി അനിത.
ഇരട്ടക്കുട്ടികളോടൊപ്പം പരാതി നൽകാനെത്തിയ കയർപ്പദവ് സ്വദേശിനി അനിത.

ലഭിച്ച നിവേദനങ്ങളിൽ ചിലത്

ആദ്യ പരാതിയായി ലഭിച്ചത് യുഡിഎഫ് ഭരിക്കുന്ന മംഗൽപാടി പഞ്ചായത്ത് ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കുമെതിരെ ഉള്ളതായിരുന്നു. എൻസിപി മഞ്ചേശ്വരം നിയോജകമണ്ഡലം പ്രസിഡന്റ് മഹമൂദ് കൈക്കമ്പയാണ് പരാതി നൽകിയത്.  2 വർഷം മുൻപു പഞ്ചായത്ത് വാങ്ങിയ ജനറേറ്റർ ഉപയോഗിക്കാതെ തുരുമ്പെടുക്കുന്നു. ഇതിനു ചെലവിട്ട തുക ഭരണസമിതിയിൽനിന്നും ഉദ്യോഗസ്ഥരിൽനിന്നും തിരിച്ചുപിടിക്കണം എന്നാണ് ആവശ്യം. 

മഹമൂദ് കൈക്കമ്പ
മഹമൂദ് കൈക്കമ്പ

∙ മംഗൽപാടി വില്ലേജിൽ അട്ക്കയിൽ വിദ്യാഭ്യാസ വകുപ്പിനു കൈമാറിയ 44 സെന്റ് സ്ഥലത്ത് മലയാളം, കന്നഡ വിദ്യാർഥികൾക്കു വേണ്ടി എൽപി സ്കൂൾ സ്ഥാപിക്കണമെന്ന് എൻസിപി മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി അപേക്ഷ നൽകി. നിലവിൽ ഈ പ്രദേശത്തെ കൊച്ചുകുട്ടികൾക്ക് കുക്കാർ സ്കൂളാണ് ആശ്രയം. 2 ബസ് കയറി വേണം സ്കൂളിലെത്താൻ. 1994 ൽ അനുവദിച്ച സ്ഥലം ഉപയോഗപ്പെടുത്താൻ അടിയന്തര നടപടികൾ വേണം.
∙ ജില്ലയിലെ ആരോഗ്യമേഖല, കുമ്പളയിലെ റെയിൽവേ, ടൂറിസം പദ്ധതികളിൽ ഉടൻ നടപടി ആവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ നിവേദനം നൽകി. പ്രസിഡന്റ് വിജയകുമാർ, ജനറൽ സെക്രട്ടറി റിയാസ് കരീം, എ.എം.സിദ്ദീഖ് റഹ്മാൻ എന്നിവരാണു നിവേദനം നൽകിയത്.
∙ മംഗൽപാടി പഞ്ചായത്തിലെ ഇച്ചിലങ്കോട് വില്ലേജിൽ തലക്കാന– ഉളിയ പ്രദേശത്ത് വെള്ളക്കെട്ടും മണ്ണൊലിപ്പും ഒഴിവാക്കി ഇരുനൂറോളം കർഷകർക്ക് കൃഷിചെയ്യാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. പലതവണ ഇക്കാര്യം ഉന്നയിച്ച് അധികൃതർക്കു നിവേദനം നൽകിയിട്ടും പരിഹാരമായില്ലെന്ന് എൻസിപി മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പരാതിയിൽ അറിയിച്ചു.
∙  ഹോട്ടലുകൾക്ക് തുടർന്നു പ്രവർത്തിക്കണമെങ്കിൽ മാലിന്യസംസ്കരണ പ്ലാന്റ് ആവശ്യമാണെന്ന സർക്കാർ നിർദേശം പിൻവലിക്കണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ നിവേദനം നൽകി.
∙ കാറഡുക്ക ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിനു 13 ഏക്കർ സ്ഥലമുണ്ട്. ജില്ലയിൽ സ്പോർട്സ് സ്കൂളില്ല. അത് ഇവിടെ സ്ഥാപിക്കണമെന്ന് ഗമക കലാപരിഷത് കേരള ഭാരവാഹിയായ ടി.ശങ്കരനാരായണ ഭട്ട് ആവശ്യപ്പെട്ടു.
∙ രാഷ്ട്രകവി ഗോവിന്ദ പൈയുടെ മികച്ച സൃഷ്ടികൾ കന്നഡ പാഠപുസ്‌കത്തിൽ ഉൾപ്പെടുത്തുക, കോളജ് വിദ്യാർഥികൾക്കു ഗവേഷണസൗകര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഗോവിന്ദ പൈ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഉമേഷ് സാലിയൻ, ട്രഷറർ ബാലകൃഷ്ണ ഷെട്ടിഗെ എന്നിവർ നിവേദനം നൽകി.
∙ ഷിറിയ പൂങ്കാവൻ ബസ് സ്റ്റോപ്പിനടുത്തു താമസിക്കുന്ന ഇബ്രാഹിം മുഹമ്മദ് കുഞ്ഞി (68), ദേശീയപാതനിർമാണം കാരണം വീട്ടിൽ താമസിക്കാനാവാത്ത സ്ഥിതിയെന്ന് പരാതിയുമായെത്തി. റോഡിന്റെ 15 അടി ഉയരത്തിലാണു വീടുള്ളത്. പടികൾ കയറിയാണു വീട്ടിലേക്ക് പോകേണ്ടത്. ദേശീയപാത നിർമാണം മൂലം വീടിനു വിള്ളൽ വീണ് അപകടാവസ്ഥയിലാണ്; പരിഹാരം ഉണ്ടാക്കണമെന്നാണ് ആവശ്യം.
‍∙ മഞ്ചേശ്വരം താലൂക്കിലെ മംഗൽപാടി പഞ്ചായത്തിൽ ചിൽഡ്രൻസ് പാർക്ക് നിർമിക്കണമെന്നാണ് പെരിങ്കടിയിലെ 8 വയസ്സുകാരി ഫാത്തിമ അബ്ദുൽ കരീമിന്റെ ആവശ്യം.
∙താലൂക്ക് ആശുപത്രിയിൽ ആവശ്യമായ ചികിത്സയും കിടത്തിച്ചികിത്സയും വേണമെന്നാണ് മംഗൽപാടി ജനകീയവേദി നിവേദനം നൽകിയത്. 
∙കുമ്പള ആരിക്കാടിയിലെ അംഗപരിമിതനായ കാസിം, 26 വർഷമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴി ജോലിക്കായി അപേക്ഷിച്ച് കാത്തുനിൽക്കുകയാണെന്ന് പരാതിപ്പെട്ടു.

വീര്യം പോരാ സാറേ!

നവകേരള സദസ്സ് തുടങ്ങുന്നതിനു മുൻപു തന്നെ മുഖ്യമന്ത്രിക്കു വ്യത്യസ്തമായ പരാതിയുമായി കരിച്ചേരി സ്വദേശി. ബവ്റിജസ് കോർപറേഷനിലൂടെ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നുവെന്ന പരാതിയാണ് മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തു ഇദ്ദേഹം ബവ്കോ അധികൃതർക്കു നൽകിയത്.

‘പ്രിയപ്പെട്ട മുഖ്യമന്ത്രി, കള്ളിനു കിക്ക് കിട്ടുന്നില്ല. ഗോവ സാധനം ക്വാർട്ടർ കിട്ടുന്നില്ല, മത്തുമില്ല. ദിവസം 400 രൂപ കൊടുത്ത് കുടിക്കാൻ പറ്റുന്നില്ല. അപ്പോൾ എന്തെങ്കിലും ചെയ്യണം’. സ്വന്തം കൈപ്പടയിൽ ഫോൺ നമ്പർ സഹിതം എഴുതിയ പരാതിയിൽ പറയുന്നു.

17 നു വൈകിട്ടു കാസർകോട് ടൗൺ ഭണ്ഡാരി റോഡിലെ ബവ്കോ മദ്യവിൽപന ശാലയിലെ സ്റ്റോർ ഇൻ ചാർജ് ശ്രീകുമാറിനാണു ഇദ്ദേഹം പരാതി കൊടുത്തത്. ഇതു കാസർകോട് വെയർഹൗസ് മാനേജർക്കു കൈമാറാനാണു തീരുമാനം. മുഖ്യമന്ത്രിക്കു നൽകുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ബവ്കോ അധികൃതരുടേതാണ്.

ബീഡി തെറുത്ത് ഉപജീവനം നടത്തുന്ന പൈവളികെ പഞ്ചായത്തിലെ കയർപ്പദവ് സ്വദേശിനി അനിത (40) രണ്ടാം ക്ലാസിൽ പഠിക്കുന്ന തന്റെ ഇരട്ടമക്കളുമായിട്ടാണ് അപേക്ഷ നൽകിയത്. ഭർത്താവ് രാജേഷ് 4 വർഷം മുൻപ് മരിച്ചു. തനിക്കും മക്കൾക്കും സ്വന്തം സ്ഥലവും വീടുമില്ല. അമ്മയുടെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. മാസംതോറും 1600 രൂപ പെൻഷൻ കിട്ടാറുണ്ട്. 8 മാസമായി അതു കിട്ടുന്നില്ല. നേരത്തേ പഞ്ചായത്തിന് അപേക്ഷ നൽകിയിരുന്നു.

ഉദ്ഘാടനച്ചടങ്ങിൽസന്നിഹിതരായത് ഇവർ:

മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.എൻ.ബാലഗോപാൽ, പി.രാജീവ്, ജെ.ചിഞ്ചുറാണി, വി.എൻ. വാസവൻ, സജി ചെറിയാൻ, പി.എ.മുഹമ്മദ് റിയാസ്, പി.പ്രസാദ്, വി.ശിവൻകുട്ടി, എം.ബി.രാജേഷ്, ജി.ആർ.അനിൽ, ആർ.ബിന്ദു, വീണാ ജോർജ്, വി.അബ്ദുറഹ്മാൻ, എംഎൽഎമാരായ ഇ. ചന്ദ്രശേഖരൻ, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലൻ, എം.വി . ഗോവിന്ദൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ, കേരള തുളു അക്കാദമി ചെയർമാൻ കെ.ആർ.ജയാനന്ദ, സംഘാടക സമിതി വൈസ് ചെയർമാൻമാരായ വി.വി.രാജൻ, രഘുദേവ്, സംഘാടക സമിതി കൺവീനറായ ആർഡിഒ അതുൽ സ്വാമിനാഥ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സുബ്ബണ്ണ ആൾവ, കെ.ജയന്തി, എസ്.ഭാരതി, സുന്ദരി ആർ.ഷെട്ടി , ജീൻ ലവീന മൊന്തേറൊ, മുൻ മന്ത്രി ഇ.പി.ജയരാജൻ, മുൻ എംപിമാരായ പി.കെ.ശ്രീമതി, പി.കരുണാകരൻ, കലാകാരന്മാരായ രഘു ഭട്ട്, സന്തോഷ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com