ADVERTISEMENT

പരിയാരം∙ ഒരു വർഷം, പരിയാരം ചിതപ്പിലെ പൊയിലിൽ 3 കിലോമീറ്റർ പരിധിയിലെ വീടുകളിൽ നടന്നത് 8 വൻ കവർച്ചകൾ. നഷ്ടപ്പെട്ടത് 125 പവൻ സ്വർണാഭരണവും 3 ലക്ഷം രൂപയും. രാത്രി വീട്ടിൽക്കയറി മുഖംമൂടി സംഘം വയോധികയെ കെട്ടിയിട്ടു കവർച്ച നടത്തിയതടക്കമുള്ള സംഭവങ്ങൾ. പ്രതികൾ മാത്രം ഇരുട്ടിൽ. ജനം കടുത്ത ആശങ്കയിൽ. പൊലീസിനെതിരെ വ്യാപക പ്രതിഷേധം. കഴിഞ്ഞ മാസവും കവർച്ച ആവർത്തിച്ചതോടെയാണു പൊലീസ് ഉണർന്നത്. റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലത പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചതോടെ കഥമാറി. 

സ്ക്വാഡ് പരിയാരം 

പരിയാരത്തെയും സമീപത്തെയും പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരായിരുന്നു സംഘത്തിൽ. പയ്യന്നൂർ ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രൻ, പരിയാരം ഇൻസ്പെക്ടർ പി.നളിനാക്ഷൻ, എസ്ഐ പി.സി.സഞ്ജയ്കുമാർ എന്നിവർക്കു നേതൃത്വം. 15 ദിവസത്തെ ശാസ്ത്രീയ പരിശോധനയിൽ കവർച്ചാസംഘത്തിലെ ഒരാൾ സ്ക്വാഡിന്റെ പിടിയിലായി. 2 പേർ മറ്റൊരു കേസിൽ ആന്ധ്ര പൊലീസിന്റെ പിടിയിലാണ്. 365 ദിവസം കാണാമറയത്തായിരുന്ന സംഘം 15 ദിവസത്തിനകം വെളിച്ചത്തു വന്നതു ത്രസിപ്പിക്കുന്നൊരു പൊലീസ് സ്റ്റോറിയാണ്. 

നിരീക്ഷിച്ചത് 1000 സിസിടിവി ദൃശ്യങ്ങൾ 

അടുത്തിടെ ഹിറ്റായ കണ്ണൂർ സ്ക്വാഡ് എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളാണു പിന്നീടു നടന്നത്. സിസിടിവി ദൃശ്യങ്ങളിൽ തന്നെ തുടക്കം. ചിതപ്പൊയിലിന് 5 കിലോ മീറ്റർ പരിധിയിലെയും കാസർകോട് ജില്ലയിലെയും ആയിരത്തോളം സിസിടിവി ക്യാമറകൾ പരിശോധിച്ചു. ദേശീയപാതയിൽ പരിയാരം ചുടലയിൽ നിന്നും ചിതപ്പിലെ പൊയിൽ റോഡിലൂടെ കടന്നു പോയ വാഹനങ്ങൾ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. 

സംശയം 10 വാഹനങ്ങളിലേക്കു ചുരുങ്ങി. നമ്പർ പരിശോധിച്ചപ്പോൾ, അതിലൊന്ന് പൊളിക്കാനിട്ട കാറിന്റേതാണ്. അതോടെ, കാർ ഏതാണെന്നു വ്യക്തമായി. അതു തിരിച്ചു പോയ വഴിയെയായി അന്വേഷണം. പരിയാരം പൊലീസ് സ്റ്റേഷനു സമീപത്തുള്ള ഹോട്ടലിനു മുന്നിൽ കാർ നിർത്തിയിരുന്നതായും ഒരാൾ മാത്രമാണു പുറത്തിറങ്ങിയതെന്നും ദൃശ്യങ്ങളിൽ നിന്നു വ്യക്തമായി. ദേശീയപാതയിൽ ഇരുഭാഗത്തേക്കുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, കാർ കാസർകോട് ഭാഗത്തേക്കാണു പോയതെന്നു കണ്ടു. 

ഇടയ്ക്കു ചില ഹോട്ടലുകൾക്കു മുന്നിൽ നിർത്തിയിരുന്നുവെങ്കിലും ഒരാൾ മാത്രമാണ് എല്ലായിടത്തും കാറിൽ നിന്നു പുറത്തിറങ്ങിയത്. ഒടുവിൽ, കർണാടക കുശാൽനഗറിലാണു 4 പേരും കാറിൽ നിന്നു പുറത്തിറങ്ങിയത്. സിസിടിവിയിൽ നിന്നു കവർച്ചക്കാരുടെ ദൃശ്യങ്ങൾ ലഭിച്ചതോടെ അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. സംഘത്തെ ഒടുവിൽ തിരിച്ചറിയുകയും ചെയ്തു. 

വന്ന വഴി പോകാതെ കവർച്ചാസംഘം..

ചുവന്ന കാറിൽ, കോയമ്പത്തൂരിൽ നിന്നു വ്യാജ നമ്പർ പ്ലേറ്റ് വച്ച് പാലക്കാട് വഴിയാണു മോഷണ സംഘം കണ്ണൂരിൽ എത്തിയത്. വരുന്ന വഴി, പാലക്കാട്ട് നിർത്തിയിട്ട ഒരു വാഹനത്തിൽ നിന്നു രാത്രി ഡീസൽ മോഷ്ടിക്കുകയും ചെയ്തു.  ബീയറൊക്കെ കഴിച്ച് ആഘോഷമായിരുന്നു യാത്ര. 

പരിയാരത്ത് രാത്രി കവർച്ച നടത്തിയ സംഘം പക്ഷേ പാലക്കാട് വഴിയല്ല മടങ്ങിയത്. പകരം, കാസർകോട് മടിക്കേരി വഴിയാണു കോയമ്പത്തൂരെത്തിയത്. ദേശീയപാതയിൽ, കാസർകോട് വരെയുള്ള സിസിടിവി പരിശോധിച്ചപ്പോഴാണു കവർച്ചാസംഘത്തിന്റെ മടക്കവഴി അന്വേഷണ സംഘത്തിനു പിടികിട്ടിയത്. 

തലവൻ സുരേഷ്

തമിഴ്നാട്, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ കവർച്ച നടത്തുന്ന ഈ സംഘത്തിൽ 25 അംഗങ്ങളുണ്ട്. ആസ്ഥാനം കോയമ്പത്തൂർ. സുള്ള്യൻ സുരേഷ് ആണു നേതാവ്. ഓരോ സ്ഥലത്തും കവർച്ച നടത്താൻ 5 അംഗ സംഘത്തെ നിയോഗിക്കുന്നതു സുരേഷാണ്.  കോയമ്പത്തൂരിൽ നിന്നു കവർച്ച നടത്തേണ്ട സ്ഥലത്തേക്കു പുറപ്പെടുന്നതും കവർച്ച നടത്തുന്ന സമയവുമൊക്കെ ജ്യോതിഷത്തിന്റെ സഹായത്തോടെയാണു തീരുമാനിക്കുക. ജ്യോതിഷം പഠിച്ചവരും സംഘത്തിലുണ്ട്. വഴിയിൽ ആരാധനാലയങ്ങളിൽ കാണിക്കയും നേർച്ചയുമൊക്കെയിടാനും മറക്കാറില്ല.  

സിം ഔട്ട് മോഡം ഇൻ

കവർച്ച നടത്തുന്ന സംഘത്തിലുള്ളവർ മൊബൈലിൽ‌ സിം ഉപയോഗിക്കുകയില്ല. പകരം മോഡത്തിന്റെ സഹായത്തോടെ നെറ്റ് കോളിലൂടെയാണ് ആശയ വിനിമയം. ഈ കവർച്ച സംഘം വടകരയും കാസർകോടും വച്ച് നെറ്റ് കോൾ വിളിച്ചത് അന്വേഷണ സംഘം കണ്ടെത്തിയതും പ്രതികളെ കണ്ടെത്താൻ സഹായകരമായി. കവർച്ചാ സംഘത്തിന്റെ ലീഡർ സുരേഷ് കവർച്ച നടത്തുന്നതിനു മാസങ്ങൾക്കു മുൻപ് ഓരോ പ്രദേശവും സന്ദർശിച്ചു വീട് കണ്ടെത്തും. പിന്നീട് സംഘത്തിൽ 4 പേരെയും കൂട്ടി വാഹനത്തിൽ എത്തി കവർച്ച നടത്തി കോയമ്പത്തൂരിലേക്കു മടങ്ങും.  

സ്വാമി വേഷത്തി‍ൽ പൊലീസ്

ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതികളെ കുറിച്ച് വിവരം ലഭിച്ചതിനാൽ കവർച്ച സംഘത്തെ പിടികൂടാൻ പരിയാരം സ്ക്വാഡ് കോയമ്പത്തൂരിലും സമീപ പ്രദേശങ്ങളിലായി 4 ദിവസമായി ആയിരം കിലോമീറ്റർ വാഹനത്തിൽ സഞ്ചരിച്ചു. ഉൾപ്രദേശത്ത് അന്വേഷണത്തിനു എത്തുമ്പോൾ സ്വാമിമാരുടെ വേഷമാണു ധരിച്ചത്. 

അതിനാൽ നാട്ടുകാരുടെ ബഹുമാനവും സഹകരണവും ലഭിച്ചു. കോയമ്പത്തൂർ സുളുവിൽ വച്ച്, വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണു പ്രതി സഞ്ജീവ് കുമാറിനെ പരിയാരം പൊലീസ് സ്ക്വാഡ് പിടികൂടിയത്. ജെറാൾഡ്, രഘു എന്നീ പ്രതികൾ ഹൈദരാബാദിൽ കഞ്ചാവ് കേസിൽ ആന്ധ്ര പൊലീസിന്റെ പിടിയിലാണ്. സംഘത്തലവൻ സുരേഷ് പിടിയിലാകാനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT