മുഖ്യന്ത്രി ഇത് കാണണം; 1.25 കോടിയുടെ സർക്കാർ ടൂറിസം കെട്ടിടമാണ് കാടുപിടിച്ച് പൂട്ടിക്കിടക്കുന്നത്

Mail This Article
ശ്രീകണ്ഠപുരം∙ നവകേരള സദസ്സിന് ഇന്ന് ഇരിക്കൂർ നിയോജക മണ്ഡലത്തിൽ എത്തുന്ന മുഖ്യമന്ത്രി അറിയുന്നുണ്ടോ പൈതൽമലയിലെ സർക്കാർ ടൂറിസം കോംപ്ലക്സിന്റെ ഇപ്പോഴത്തെ അവസ്ഥ. മാട്ടേൽ ബിനോയ് എന്ന വ്യവസായി ഡിടിപിസിക്ക് സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്താണ് 1.25 കോടി ചെലവിട്ട് സർക്കാർ ഇതു പണിതത്.
15 വർഷത്തെ പഴക്കമാണ് ടൂറിസം കോംപ്ലക്സിന് ആകെയുള്ളത്. 6 വർഷമായി ഇത് പൂട്ടിക്കിടക്കുകയാണ്. 10 സ്യൂട്ട് മുറികൾ ഉൾപ്പെടെ എല്ലാ വിധ സംവിധാനങ്ങളോടെയുമാണ് നിർമിച്ചത്. കെ.സി.വേണുഗോപാൽ ടൂറിസം മന്ത്രി ആയിരുന്ന കാലത്തായിരുന്നു ഇതിന് ഫണ്ട് അനുവദിച്ചത്. കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രി ആയിരുന്ന കാലത്തായിരുന്നു ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടനം നടത്തിയതിനു ശേഷവും ഇത് അടഞ്ഞു കിടന്നു. പിന്നീട് സ്ഥലംവിട്ടു നൽകിയ വ്യക്തി തന്നെ ഡിടിപിസിയിൽ നിന്ന് പാട്ടത്തിന് എടുത്തു.
നല്ലനിലയിൽ നടത്തിക്കൊണ്ടു പോയ സ്ഥാപനമായിരുന്നു ഇത്. കോവിഡ് കാലത്ത് അടഞ്ഞു. സഞ്ചാരികളാരും വരാതെ ആയതോടെയാണ് ഇത് അടഞ്ഞത്. കോടയും, കാറ്റും അടിച്ച് ജനലുകളും വാതിലുകളും നശിച്ചു.ഇപ്പോൾ മുഴുവൻ കാടുകയറിയ നിലയിലാണ്. മരത്തിന്റെ വേരുകൾ പടർന്ന് പൈപ്പുകൾ പൊട്ടി. പൊട്ടൻപ്ലാവ് പൈതൽമല റോഡരികിൽ കണ്ണായ സ്ഥലത്താണ് കാടുപിടിച്ചു കിടക്കുന്ന ഈ സർക്കാർ കെട്ടിടം.
ഇവിടെ എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള സഞ്ചാരികൾക്ക് ഉപയോഗിക്കാൻ പൊതു ശൗചാലയം പോലും ഇതു വരെ പണിതിട്ടില്ല. സഞ്ചാരികളിൽ നിന്ന് ടിക്കറ്റ് ചാർജ് ഈടാക്കുന്നത് വനംവകുപ്പാണ്. സ്ഥലത്തിന്റെ കസ്റ്റോഡിയൻ എന്ന നിലയിൽ ഇവിടെ ഒരു പൊതു ശൗചാലയം സ്ഥാപിക്കാൻ വനംവകുപ്പിനും സാധിക്കും. ഒരു വ്യക്തി സൗജന്യമായി നൽകിയ 1 ഏക്കർ സ്ഥലത്ത് പണിത് 1.25 കോടിയുടെ ടൂറിസം കോംപ്ലക്സ് കാടുകയറി നശിക്കുമ്പോഴാണ് ടൂറിസം വികസനത്തെ കുറിച്ച് പലരും വാചാലരാകുന്നത്.
ടൂറിസം വകുപ്പിന്റെ അതീവ ഗുരുതരമായ അനാസ്ഥയാണ് ഇതിന് കാരണം. പൈതൽമലയിൽ എത്തുന്ന സഞ്ചാരികൾക്ക് താമസിക്കാൻ ചെറുതും വലുതുമായി നിരവധി സ്വകാര്യ റിസോർട്ടുകൾ ഉള്ളപ്പോഴാണ് ഇത് ഈ അവസ്ഥയിൽ കിടക്കുന്നത്. പൈതൽമല സന്ദർശിക്കാൻ വരുന്നവർ ഇതുവഴി പോകുമ്പോൾ കാണുന്നത് പകുതി കാടുകയറിയ പുറത്തെ ഒരു ബോർഡ് മാത്രമാണ്. കാടിനുള്ളിൽ 1.25 കോടിയുടെ കെട്ടിടം ഉണ്ടെന്ന് പലർക്കും അറിയില്ല. കാടു തെളിയിക്കാനുള്ള സന്മനസ്സെങ്കിലും വകുപ്പിന് ഉണ്ടാകണമെന്ന് നാട്ടുകാർ പറയുന്നു.