10 വർഷം മുൻപ് വീട് നിർമാണത്തിന് സർക്കാർ ഫണ്ട്, പഞ്ചായത്ത് നഗരസഭയായതോടെ പണം നഷ്ടമായി; പരിഹാരം തേടി അശോകനും ഓമനയും
Mail This Article
ഇരിക്കൂർ∙ 10 വർഷം മുൻപ് സർക്കാർ അനുവദിച്ച വീട് നിർമാണത്തിനുള്ള ബാക്കി തുക തേടി കാവുമ്പായി കോളനിയിലെ ചേരേൻ അശോകനും സഹോദരീ ഭാര്യ കമലയും ഒടുവിൽ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലുമെത്തി. കലക്ടർക്ക് ഉൾപ്പെടെ പരാതി നൽകി നടപടി ഉണ്ടാകാതായതോടെയാണ് ഇവിടെ എത്തിയത്.
ശ്രീകണ്ഠപുരം പഞ്ചായത്തായ കാലത്ത് 2013-14 വർഷം എസ് സി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അശോകനും കമലയ്ക്കും 2 ലക്ഷം രൂപ അനുവദിച്ചത്. അശോകന് ഘടുക്കളായി 1,40,000 രൂപയും കലയ്ക്ക് 80,000 രൂപയും ലഭിച്ചെങ്കിലും 2015ൽ പഞ്ചായത്ത് നഗരസഭയായതോടെ ബാക്കി തുക മുടങ്ങി. ഇരുവരും ഒട്ടേറെ തവണ നഗരസഭയിൽ പരാതിയുമായെത്തിയെങ്കിലും ബാക്കി തുക ലഭിച്ചില്ല. പഞ്ചായത്ത് ആയ കാലത്ത് അനുവദിച്ച തുകയ്ക്ക് നഗരസഭ ഉത്തരവാദിയല്ലെന്നാണ് അധികൃതരുടെ വിശദീകരണം.
വായ്പയെടുത്തും കുടുംബശ്രീ ലിങ്കേജ് വായ്പ വഴിയും ഒടുവിൽ ഇരുവരും വീടു പണി പൂർത്തിയാക്കി. വായ്പ പെരുകി വലിയ തുക അടയ്ക്കേണ്ട അവസ്ഥയായതോടെ കമലയുടെ വീടിന് ബാങ്കിൽ നിന്ന് ജപ്തി നോട്ടിസ് വന്നു. ഇതോടെ അദാലത്തിൽ പങ്കെടുത്ത് പഴ്സനൽ വായ്പയെടുത്തും മറ്റും കടം വീട്ടി. ഇപ്പോൾ ഇതും പെരുകി വലിയ തുകയായി. 10 വർഷം മുൻപ് പാമ്പ് കടിയേറ്റ് ഓമനയുടെ ഭർത്താവ് ശങ്കരന്റെ സംസാര ശേഷി നഷ്ടപ്പെട്ടതോടെ എല്ലാ സ്ഥലത്തും തൊഴിലുറപ്പ് തൊഴിലാളികൂടിയായ ഓമനയാണ് ഇപ്പോൾ പോകുന്നത്.
മൂത്ത സഹോദരിയുടെ മകൻ അപസ്മാര രോഗ ബാധിതനായ സുഭാഷിന്റെ സംരക്ഷണവും തേപ്പ് പണിക്കാരനായ അശോകനാണ്. സഹോദരിയും ഭർത്താവും 25 വർഷം മുൻപ് മരിച്ചിരുന്നു. സുഭാഷിന് ചികിത്സാ സഹായവും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ എങ്കിലും അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ.