ഓടുന്ന ബസിന്റെ ടയർ പൊട്ടി പ്ലാറ്റ്ഫോം തകർന്ന് യാത്രക്കാരന് പരുക്ക്

Mail This Article
തളിപ്പറമ്പ്∙ ഓടുന്ന ബസിന്റെ ടയർ പൊട്ടി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് യാത്രക്കാരന് സാരമായി പരുക്കേറ്റു. ഇടക്കോം സ്വദേശി എം.ജെ.ജസ്റ്റിനെയാണു (31) കാലിന്റെ 2 എല്ലുകളും ഒടിഞ്ഞ നിലയിൽ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 9.30 ഓടെ ആലക്കോട് റോഡിൽ തെറ്റുന്ന റോഡിന് സമീപത്താണ് അപകടമുണ്ടായത്.
തളിപ്പറമ്പിൽ നിന്ന് ചെറുപുഴയിലേക്കു പോവുകയായിരുന്ന നെല്ലിക്കുന്ന് ബസിന്റെ പിൻവശത്തെ ടയറിന് പിറകിലുള്ള സീറ്റിലായിരുന്നു ജസ്റ്റിൻ ഇരുന്നത്. വൻ ശബ്ദത്തോടെ ബസിന്റെ ടയർ പൊട്ടി ടയറിന്റെ ഭാഗങ്ങൾ തട്ടി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് കാലിൽ അടിക്കുകയായിരുന്നുവെന്ന് ജസ്റ്റിൻ പറയുന്നു. തുടർന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് കാലിന്റെ 2 എല്ലുകളും പൊട്ടിയതായി കണ്ടത്. ജസ്റ്റിനെ ഇന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കും.