കൈവെട്ടു കേസ്: എല്ലാം കൃത്യമായ ആസൂത്രണത്തോടെ; സവാദ് കണ്ണൂരിൽ ഒളിവിൽ കഴിഞ്ഞത് 8 വർഷത്തോളം
Mail This Article
കണ്ണൂർ ∙ ചോദ്യക്കടലാസിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രഫ.ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് കണ്ണൂർ ജില്ലയിൽ ഒളിവിൽ കഴിഞ്ഞത് 8 വർഷത്തോളം. വളപട്ടണം മന്നയിലെ ഒരു വാടക ക്വാർട്ടേഴ്സിൽ ഇയാൾ 5 വർഷത്തോളമുണ്ടായിരുന്നു. ഇവിടെനിന്നാണ് ഇരിട്ടി വിളക്കോട്ടേക്കു താമസം മാറ്റിയത്. വിളക്കോട് 2 വർഷവും മട്ടന്നൂർ ബേരത്ത് 13 മാസവും ഒളിവിൽ താമസിച്ചു. സവാദിനെക്കുറിച്ചു വിവരം ലഭിച്ച എൻഐഎ സംഘം ചൊവ്വാഴ്ച വൈകിട്ട് വളപട്ടണം മന്നയിലെത്തിയിരുന്നു. ഇവിടെ നിന്നാണ് മട്ടന്നൂർ ബേരത്തെ വീടിനെക്കുറിച്ചു സൂചന ലഭിച്ചതെന്നാണു വിവരം.
കൃത്യമായ ആസൂത്രണത്തോടെയാണു സവാദിനെ ജില്ലയിൽ ഒളിപ്പിച്ചതെന്നാണു സൂചനകൾ. ആശാരിപ്പണി പഠിച്ച്, ചില മേഖലകളിൽ മാത്രം ജോലി ചെയ്താണു ജീവിച്ചത്. ജോലിയിൽനിന്നല്ലാതെയുള്ള സാമ്പത്തികസഹായം ലഭിച്ചിട്ടുണ്ടോയെന്നും എൻഐഎ അന്വേഷിക്കുന്നുണ്ട്. വളപട്ടണം, ഇരിട്ടി, മട്ടന്നൂർ എന്നിവിടങ്ങളിൽ വാടകവീടുകൾ തരപ്പെടുത്തിക്കൊടുത്തവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് ഇവർക്കെതിരെ കേസെടുക്കാൻ എൻഐഎക്കു കഴിയും. സവാദിനു മട്ടന്നൂരിൽ ആശാരിപ്പണി തരപ്പെടുത്തി നൽകിയ കരാറുകാരനും എസ്ഡിപിഐ പ്രവർത്തകനുമായ റിയാസിനെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.