മുന്നാട്ട് ഉത്സവനാളുകൾ
Mail This Article
മുന്നാട് ∙ മലയോരഗ്രാമമായ ബേഡഡുക്ക മുന്നാട് കണ്ണൂർ സർവകലാശാലാ കലോത്സവത്തിന് ഇന്നു തിരി തെളിയും. മുന്നാട് പീപ്പിൾസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കുന്ന കലോത്സവത്തിൽ കാസർകോട്, കണ്ണൂർ ജില്ലകളിലെയും വയനാട് ജില്ലയിലെ പകുതി ഭാഗത്തേയും 105 കോളജുകളിൽനിന്നും കലാപ്രതിഭകൾ മാറ്റുരക്കും.
മലയോരത്ത് ആദ്യമായാണു സർവകലാശാലാ യൂണിയൻ കലോത്സവം നടക്കുന്നത്. 141 ഇനങ്ങളിലാണു മത്സരം. 6646 പ്രതിഭകൾ മത്സരിക്കാനെത്തും. പയ്യന്നൂർ കോളജായിരുന്നു കഴിഞ്ഞ വർഷത്തെ ചാംപ്യൻമാർ. തലശ്ശേരി ബ്രണ്ണൻ കോളജ് റണ്ണറപ്പുമായി.
ഇന്ത്യൻ ഭരണഘടനയുടെ സത്ത ഉൾക്കൊള്ളുന്ന വാക്കുകളുടെ പേരിലാണു സ്‌റ്റേജുകൾ പ്രവർത്തിക്കുന്നത്. ബഹുസ്വരം, മാനവീയം, മൈത്രി, സമഭാവം, അനുകമ്പ, അൻപ്, സാഹോദര്യം, പൊരുൾ എന്നിങ്ങനെ എട്ടു വേദികളിലാണ് മത്സരം. മുന്നാട് പീപ്പിൾസ് കോളജും പരിസരവും, തൊട്ടടുത്ത മുന്നാട് ഗവ.ഹൈസ്‌കൂൾ, മുന്നാട് ടൗൺ എന്നിവിടങ്ങളിലാണു വേദികൾ. ഇന്നു സ്‌റ്റേജിതര മത്സരങ്ങളാണ്. നിരൂപകൻ ഇ.പി.രാജഗോപാലൻ ഉദ്‌ഘാടനം ചെയ്യും. കഥാകൃത്ത് പി.വി.ഷാജികുമാർ മുഖ്യാതിഥിയാകും. 9ന് സ്‌റ്റേജിന മത്സരങ്ങൾ സ്‌പീക്കർ എ.എൻ.ഷംസീർ ഉദ്‌ഘാടനം ചെയ്യും. നടൻ ഉണ്ണിരാജ് ചെറുവത്തൂർ, നടി ചിത്രാ നായർ എന്നിവർ മുഖ്യാതിഥികളാകും. 11നു സമാപന സമ്മേളനം മന്ത്രി ഡോ.ആർ.ബിന്ദു ഉദ്‌ഘാടനം ചെയ്യും.