ഓർമയുണ്ടോ കഴിഞ്ഞ ബജറ്റിലെ തള്ളുകൾ !
Mail This Article
കണ്ണൂർ ∙ സംസ്ഥാന ബജറ്റിൽ ഇത്തവണയും പ്രഖ്യാപിച്ചിട്ടുണ്ട് പദ്ധതികൾ ഒട്ടേറെ. കഴിഞ്ഞ വർഷം പ്രതീക്ഷയോടെ കാതോർത്ത പ്രഖ്യാപനങ്ങൾക്ക് എന്തുസംഭവിച്ചുവെന്ന് അന്വേഷിച്ചാൽ ചെന്നെത്തുക നിരാശയുടെ പടുകുഴിയിലായിരിക്കും.
∙ ഐടി പാർക്കിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്നായിരുന്നു 2023 ബജറ്റിലെ പ്രഖ്യാപനങ്ങളിലൊന്ന്. വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ 2010 ൽ എരമം പുല്ലുപാറയിൽ തറക്കല്ലിട്ട സൈബർ പാർക്കാണ് വിമാനത്താവളത്തിനു സമീപം നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. ടീനേജിലേക്ക് കടന്ന ആ തറക്കല്ലിന്റെ 14ാം പിറന്നാൾ കഴിഞ്ഞ ദിവസമായിരുന്നു.
∙ മോറാഴ ചരിത്ര സ്മാരക നിർമാണത്തിന് 10 കോടി രൂപയാണ് കഴിഞ്ഞ തവണ അനുവദിച്ചത്. ആ പ്രഖ്യാപനവും ഇപ്പോൾ ചരിത്രത്തിന്റെ ഭാഗമാണ്!
∙ തലശ്ശേരി ജനറൽ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിന് 10 കോടി രൂപ അനുവദിച്ചെങ്കിലും പ്രാഥമിക നടപടികളേ ആയിട്ടുള്ളൂ.
∙ തലശ്ശേരി ബ്രണ്ണൻ കോളജിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ അക്കാദമിക് കോംപ്ലക്സിന് കഴിഞ്ഞ വർഷം 10 കോടി രൂപ അനുവദിച്ചിരുന്നു. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യ ഗഡുവായിരുന്നു ഈ തുക. തറക്കല്ലിടൽ പോലും നടന്നിട്ടില്ല.
∙ അഴീക്കലിലെ ഗ്രീൻഫീൽഡ് തുറമുഖത്തിന് 9.74 കോടി രൂപ കഴിഞ്ഞ തവണ അനുവദിച്ചു. ഇത്തവണയുമുണ്ട് 9.65 കോടി. കോടികൾ എല്ലാവർഷവും അനുവദിക്കുന്നുണ്ടെങ്കിലും അഴീക്കലിൽ ഇതുവരെ ഒരു ഓഫിസ് സംവിധാനം പോലും ഒരുക്കിയിട്ടില്ല !
∙ നാടുകാണി കിൻഫ്ര ടെക്സ്റ്റൈൽ പാർക്കിൽ പരിസ്ഥിതി സൗഹൃദ ഡൈയിങ് ആൻഡ് പ്രിന്റിങ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 8 കോടി രൂപ നീക്കിവച്ചിരുന്നു. ഇത്തവണയും അനുവദിച്ചിട്ടുണ്ട് 9 കോടി. പ്രഖ്യാപിച്ച യൂണിറ്റിന്റെ തറക്കല്ലിടൽ നോട്ടിസ് പോലും പ്രിന്റ് ചെയ്തു കാണുന്നില്ല!
∙ 2018ൽ 10 കോടി രൂപയും 2 വർഷം മുൻപത്തെ ബജറ്റിൽ 9 കോടി രൂപയും കഴിഞ്ഞ ബജറ്റിൽ 6 കോടിയും പ്രഖ്യാപിച്ച പെരളശ്ശേരിയിലെ എകെജി സ്മാരക പദ്ധതിക്ക് ഇത്തവണയും പ്രഖ്യാപിച്ചിട്ടുണ്ട് 3 കോടി രൂപ! മ്യൂസിയം തുറന്നിട്ടില്ല.
∙ കണ്ണൂർ, കാസർകോട് ഉൾപ്പെടെ 6 ജില്ലകളിൽ കരിയർ ഡവലപ്മെന്റ് പാർക്കുകൾ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.
∙ കണ്ണൂർ പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ് റിസർച് സെന്റർ ഇൻ ഫയർ ആൻഡ് സേഫ്റ്റി സയൻസസിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ. പദ്ധതി ഇപ്പോഴും പ്രാരംഭാവസ്ഥയിൽ !
∙ പിണറായിലെ എജ്യുക്കേഷൻ ഹബ്ബിൽ പോളിടെക്നിക് സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ‘ചെറ്യേ സ്പാനർ’ പോലും അനക്കിയിട്ടില്ല. വേങ്ങാട് വേലോഡ്രോം, ബയോഡൈവേഴ്സിറ്റി പാർക്ക് തുടങ്ങി എണ്ണമറ്റ പ്രഖ്യാപനങ്ങളുടെ ധർമടത്തെ ഫയലിൽ !
∙ ഫിഷറീസ് സർവകലാശാലയുടെ പുതിയ ക്യാംപസിന് 2 കോടി രൂപ അനുവദിച്ചെങ്കിലും ഭൂമി ഏറ്റെടുക്കൽ പോലും പൂർത്തിയായിട്ടില്ല.
∙ പയ്യന്നൂരിൽ ആസ്ട്രോ വാന നിരീക്ഷണ കേന്ദ്രം പ്ലാനറ്റോറിയത്തിന് 4 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും പദ്ധതി ഇപ്പോഴും മാനത്താണ്!
∙ വയക്കര ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണത്തിന് കഴിഞ്ഞ തവണ 3 കോടി അനുവദിച്ചെങ്കിലും പുല്ലുപോലും വെട്ടിയിട്ടില്ല ഇതുവരെ.
∙ കുറ്റ്യാട്ടൂർ മാംഗോ പാർക്ക് നിർമാണത്തിന് കഴിഞ്ഞ ബജറ്റിൽ 5 കോടി അനുവദിച്ചെങ്കിലും പൂവിട്ടില്ല!
∙ പൊന്ന്യം ഏഴരക്കണ്ടത്തിൽ കളരി മ്യൂസിയം 8 കോടി അനുവദിച്ചിരുന്നു. ഭൂമി കണ്ടെത്താനുള്ള ശ്രമം നടക്കുന്നതേയുള്ളൂ.
∙ സ്പോർട്സ് സ്കൂൾ രാജ്യാന്തര നിലവാരത്തിലാക്കാൻ 10 കോടി അനുവദിച്ചിരുന്നു. നല്ല രീതിയിൽ ചെങ്കല്ല് ചെത്തിത്തേച്ച് നിർമിച്ചിരുന്ന മതിൽ പൊളിച്ച് കരിങ്കല്ലിൽ പണിത് എങ്ങുമെത്താതെ നിർത്തിയതാണ് കാണാനുള്ളത്.
∙ കെഎസ്ആർടിസിക്ക് കണ്ണൂരിൽ ആധുനിക ബസ് സ്റ്റേഷന് കഴിഞ്ഞ തവണ അനുവദിച്ചത് 2.5 കോടി. കെട്ടിടത്തിനു മുകളിൽ കുറച്ച് പരസ്യബോർഡുകൾ സ്ഥാപിച്ചതും ഭക്ഷണശാലകളിൽ അലങ്കാര ദീപങ്ങൾ തൂക്കിയതുമാണ് ജനം കണ്ട മാറ്റം !
∙ കണ്ണൂർ സർവകലാശാലയിൽ സെന്റർ ഫോർ അറ്റ്മോസ്ഫറിക് സയൻസസ് ആൻഡ് കോസ്റ്റൽ ഇക്കോ സിസ്റ്റം സ്റ്റഡീസ്, ക്വാണ്ടം കംപ്യൂട്ടിങ് കേന്ദ്രം, പ്രോട്ടോമിക്സ് ആൻഡ് ജീനോമിക് റിസർച് കേന്ദ്രം എന്നിവ പ്രഖ്യാപിച്ചെങ്കിലും ധനസഹായം ലഭിക്കാതായതോടെ മുന്നോട്ടുപോയില്ല.