മലയോരത്തെ കൃഷിയിടങ്ങളെ കാർന്നുതിന്ന് തോട്ടപ്പയർ

Mail This Article
ചെറുപുഴ∙റബർ തോട്ടങ്ങളുടെ സംരക്ഷകനായി മലയോരത്തു എത്തിയ തോട്ടപ്പയർ ഇന്നു മറ്റു കൃഷികളുടെ അന്തകനായി മാറി. നൈട്രജൻ സമൃദ്ധിക്കും മണ്ണൊലിപ്പ് തടയാനും, കൃഷിയിടങ്ങളിൽ കളകൾ വളരുന്നത് തടയാനുമാണു കർഷകർ റബർ തോട്ടങ്ങളിൽ തോട്ടപ്പയർ നട്ടുപിടിപ്പിച്ചത്. എന്നാൽ വിദേശിയായ ഈ സസ്യത്തിന്റെ തീരാളിപ്പിടുത്തത്തിലാണു മലയോരത്തെ മറ്റു കാർഷിക വിളകൾ.റബർ തോട്ടത്തിൽ കാട് വളരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണു കർഷകർ തോട്ടപ്പയർ നട്ടുപിടിപ്പിച്ചത്. തോട്ടപ്പയർ തോട്ടത്തിനു പുറത്തേക്ക് വളരുമ്പോൾ തന്നെ കർഷകർ വെട്ടി നശിപ്പിക്കും.എന്നാൽ യാത്രാസൗകര്യത്തിനും കുട്ടികളെ പഠിപ്പിക്കുന്നതിനുമായി ഒട്ടേറെ കുടുംബങ്ങളാണു മലമുകളിൽ നിന്നു സമീപ ടൗണിലേക്ക് താമസം മാറിയത്.
ഇതോടെ പല കർഷകരും മലമുകളിലെ കൃഷികൾ ശ്രദ്ധിക്കാതെയായി.ഇതോടെയാണു തോട്ടപ്പയർ പടർന്നു പന്തലിക്കാൻ തുടങ്ങിയത്. ഇതോടെ കമുക്, തെങ്ങ്, കശുമാവ്, വാഴ തുടങ്ങിയ കൃഷികൾ തോട്ടപ്പയർ കയറി നശിക്കാൻ തുടങ്ങി.ചെറുപുഴ പഞ്ചായത്തിലെ രാജഗിരി, ചേനാട്ടുക്കൊല്ലി, മരുതുംതട്ട്, രാജഗിരി, ജോസ്ഗിരി, താബോർ തുടങ്ങിയ പ്രദേശങ്ങളിലെ ഹെക്ടർ കണക്കിനു സ്ഥലത്താണു തോട്ടപ്പയർ പടർന്നുപന്തലിച്ചിരിക്കുന്നത്. ഒരു കാലത്ത് കമുകും തെങ്ങും സമൃദ്ധമായിരുന്ന പ്രദേശങ്ങളിൽ പോലും ഇപ്പോൾ തോട്ടപ്പയർ അല്ലാതെ വെറെയൊന്നും കാണാനില്ലാത്ത സ്ഥിതിയാണ്.
ഇതിനുപുറമെ നേരത്തെ മലകളിൽ മാത്രം കണ്ടുവന്നിരുന്ന തോട്ടപ്പയർ ഇന്നു ടൗണിൽ പോലും വ്യാപകമാണ്.ടൗണിൽ കാണുന്ന തോട്ടപ്പയർ കഴിഞ്ഞ പ്രളയക്കാലത്തു മലമുകളിൽ നിന്നു ഒഴുകി എത്തിയതാണെന്നു പറയുന്നു. ഇതിനു പുറമെ തോട്ടപ്പയർ ഉള്ള പ്രദേശങ്ങളിൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.തോട്ടപ്പയർ പടർന്നുപന്തലിച്ച പ്രദേശങ്ങളിൽ വേനൽക്കാലത്തും മഴക്കാലത്തും തണുത്ത കാലാവസ്ഥയാണു അനുഭവപ്പെടുന്നത്.ഇതാണു ഇഴജന്തുക്കളെ തോട്ടപ്പയറുള്ള തോട്ടങ്ങളിലേക്ക് ആകർഷിക്കാൻ പ്രധാന കാരണമെന്നു പറയുന്നു. തോട്ടപ്പയർ കയറി കൃഷി നശിക്കുമ്പോഴും ഇതിനെതിരെ നടപടിയെടുക്കാൻ കൃഷിവകുപ്പ് തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.