‘വഴിമുടക്കികൾ’ പരിശോധിച്ച് എൻജിനീയർമാരുടെ സംഘം
Mail This Article
പയ്യന്നൂർ ∙ ടൗണിൽ നടപ്പാതകളിൽ വഴിമുടക്കുന്ന വൈദ്യുത തൂണുകളും ട്രാൻസ്ഫോമറുകളും സ്റ്റേ വയറുകളും ഇലക്ട്രിസിറ്റി എൻജിനീയർമാരുടെ സംഘം പരിശോധിച്ചു. 18 കേന്ദ്രങ്ങളിൽ വഴി മുടക്കുന്ന വൈദ്യുത തൂണുകളും ട്രാൻസ്ഫോമറുകളും സ്റ്റേ വയറുകളും ചിത്രങ്ങളടക്കം മെട്രോ മനോരമ പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.ടി.കരുണാകരൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വിവേക്, അസിസ്റ്റന്റ് എൻജിനീയർ സൂരജ്, സബ് എൻജിനീയർ വിനോദ് എന്നിവർ അടങ്ങിയ സംഘം പരിശോധന നടത്തിയത്.
രണ്ട് സ്ഥലത്തെ സ്റ്റേവയറുകൾ നീക്കം ചെയ്തു. ബാക്കിയുള്ളവ അടുത്ത പറമ്പുകളിലേക്ക് മാറ്റി സ്ഥാപിക്കാൻ സ്ഥല ഉടമകളുടെ അനുമതി തേടിയിട്ടുണ്ട്. ട്രാൻസ്ഫോമറുകൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയോ വഴിമുടക്കാതെ സുരക്ഷ വേലികൾ സ്ഥാപിക്കുകയോ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഹൈസ്കൂളിന് മുന്നിലെ ട്രാൻസ്ഫോമർ സ്കൂൾ വളപ്പിൽ സുരക്ഷിത കേന്ദ്രത്തിൽ സ്ഥാപിക്കാൻ സ്കൂൾ അധികൃതരോട് സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംഘം അറിയിച്ചു.