പയ്യാമ്പലത്ത് സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ
Mail This Article
കണ്ണൂർ∙ പയ്യാമ്പലത്തു സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളിൽ ദ്രാവകം ഒഴിച്ചു വികൃതമാക്കിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യാമ്പലം കടൽത്തീരത്തും പരിസരത്തും വർഷങ്ങളായി പ്ലാസ്റ്റിക് കുപ്പിയും മറ്റും പെറുക്കി വിറ്റ് ഉപജീവനം നടത്തുന്ന ചാല പടിഞ്ഞാറെക്കര സ്വദേശി ഷാജി അണയാട്ടിനെയാണ് (54) ടൗൺ പൊലീസ് ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കക്ഷിരാഷ്ട്രീയമില്ലെന്നു പൊലീസ് അറിയിച്ചു. ശീതളപാനീയമാണ് സ്തൂപങ്ങളിലൊഴിച്ചതെന്നു പ്രതി മൊഴി നൽകിയിട്ടുണ്ട്. ലഹളയിലേക്കു നയിക്കുന്ന രീതിയിൽ പ്രകോപനപരമായി പ്രവർത്തിച്ചുവെന്ന കുറ്റം ആരോപിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
വ്യാഴാഴ്ച രാവിലെയാണു കോടിയേരി ബാലകൃഷ്ണൻ, ഇ.കെ.നായനാർ, ചടയൻ ഗോവിന്ദൻ, ഒ.ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങൾ ദ്രാവകമൊഴിച്ചു വികൃതമാക്കിയതായി കണ്ടെത്തിയത്. സിറ്റി എസിപി സിബി ടോമിന്റെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയത്. പ്രതിയെ പറ്റി ദൃശ്യങ്ങളിൽ നിന്നു സൂചന കിട്ടിയതോടെ ഇയാളെ നിരീക്ഷിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു.
പ്രതി തുടക്കത്തിൽ തന്നെ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. സ്ഥലത്തു നിന്നു കിട്ടിയ കുപ്പിയിലുണ്ടായിരുന്ന ശീതളപാനീയം സ്തൂപങ്ങളിൽ വെറുതേ ഒഴിച്ചു കളയുകയായിരുന്നുവെന്നാണു പ്രതിയുടെ മൊഴി. കുപ്പി കിട്ടിയതിനു സമീപത്തുണ്ടായിരുന്ന സ്തൂപങ്ങളെല്ലാം സിപിഎം നേതാക്കളുടേതാണെന്നും ഇതാണു സിപിഎം നേതാക്കളുടെ സ്തൂപങ്ങളിൽ മാത്രം പാനീയം ഒഴിച്ചതിനു കാരണമെന്നും പൊലീസ് അറിയിച്ചു.